കുമ്പസാര പീഡനം: രണ്ടാം പ്രതി ഫാ. ജോബ് കീഴടങ്ങി

Thursday 12 July 2018 11:16 am IST

കോട്ടയം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരു പാതിരി കീഴടങ്ങി. രണ്ടാം പ്രതി ഫാ.ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലത്തെ ഡിവൈ‌എസ്‌പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. 

കുമ്പസാര രഹസ്യം വച്ച് ഭീഷണിപ്പെടുത്തിയത് ഫാ. ജോബ് മാത്യുവാണ്. ഇയാളെ ചോദ്യം ചെയ്യാന്‍ ഉടന്‍ കമ്മീഷണര്‍ ഓഫിസിലെത്തിക്കും. മറ്റുള്ളവരെയും ഇന്നു തന്നെ അറസ്റ്റ് ചെയ്തേക്കും. ഇവരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ മജിസ്ട്രേറ്റിന് മുന്നിലോ അന്വേഷണ സംഘത്തിന് മുന്നിലോ കീഴടങ്ങാനും പാതിരിമാര്‍ നീക്കം നടത്തുന്നുണ്ട്. 

ഒളിവിലുള്ള മറ്റ് പാതിരിമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അറസ്റ്റ് രേഖപ്പെടുത്തിയാൽ പ്രതികളെ കൊല്ലത്തോ എറണാകുളത്തോ എത്തിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.  കഴിഞ്ഞ മെയ് ആദ്യ വാരമാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തിയത്. സഭാ നേതൃത്വത്തിന് തന്നെയായിരുന്നു യുവാവ് പരാതി നല്‍കിയത്. 

കുംബസാരരഹസ്യം മറയാക്കി തന്റെ ഭാര്യയെ അഞ്ച് വൈദികര്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. വൈദികര്‍ക്കെതിരെ നല്‍കിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട് രേഖകളും, ഫോണ്‍ സംഭാഷണ ശബ്ദരേഖകളും പരാതിക്കാരന്‍ സഭയ്ക്ക് കൈമാറിയിരുന്നു. പരാതി സ്വീകരിച്ച സഭാ നേതൃത്വം, ആരോപണ വിധേയരായ അഞ്ച് വൈദികന്‍മാരെയും താല്‍ക്കാലികമായി സസ്പെന്‍റ് ചെയ്തിരുന്നു. എന്നാല്‍ ഇതേ വൈദികര്‍ ഇപ്പോഴും ശുശ്രൂഷ നടത്തുന്നുണ്ടെന്നാരോപിച്ച് പരാതിക്കാരന്‍ വീണ്ടും രംഗത്തെത്തി. ആദ്യം ഭദ്രാസന മെത്രോപ്പൊലീത്തമാര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്ന് കത്തോലിക്ക ബാവക്ക് പരാതി നല്‍കുകയായിരുന്നു എന്നും പരാതിക്കാരന്‍ വെളിപ്പെടുത്തി.  

ഇതിനിടെ പരാതി പോലീസിന് നല്‍കാത്തതിലും പോലീസ് സ്വമേധയ കേസെടുക്കാത്തതിലും പ്രതിഷേധം ഉയര്‍ന്നതോടെയാണ് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.