എഴുത്തുകാര്‍ക്ക് മുന്നണി വിധേയത്വം: കടുത്ത വിമര്‍ശനവുമായി സി.വി. ബാലകൃഷ്ണന്‍

Thursday 12 July 2018 5:42 pm IST
കഠ്വ സംഭവം ഇവിടെ വലിയ ചലനങ്ങളുണ്ടാക്കി. അതുസംബന്ധിച്ച് കവിതകള്‍ എഴുതപ്പെട്ടു. ഇന്ത്യയില്‍ കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം, സോ ക്രൂവല്‍ സ്റ്റേറ്റ്. കഴിഞ്ഞ വര്‍ഷം ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിയമമനുസരിച്ച് 2,697 കേസുകളാണ് രജിസ്‌ററര്‍ ചെയ്യപ്പെട്ടത്. ഇക്കൊല്ലം മേയ് ഇരുപത്തിയാറിന് എണ്ണൂറു കേസുകള്‍. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളും പ്രായം കുറഞ്ഞ ആണ്‍കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുന്ന സ്ഥലമാണ് കേരളം.

കൊച്ചി: കേരളത്തിലെ എഴുത്തുകാര്‍ക്ക് ഭരണകക്ഷിയോടെ മുന്നണികളോടോ മാത്രമാണ് വിധേയത്വമെന്ന് പ്രശസ്ത നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍. സ്ഥാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും വേണ്ടിയുള്ള വിധേയത്വം മൂലം ഇടതുമുന്നണി അധികാരത്തിലിരിക്കുന്നവര്‍ക്ക് എതിരേ സംസാരിക്കുന്നവര്‍ കുറവാണെന്നും ഉത്തരേന്ത്യയെക്കുറിച്ച് ഏറെ സംസാരിക്കുമെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ഭാഷാപോഷിണിക്ക് നല്‍കിയ അഭിമുഖത്തല്‍ സംസാരിക്കുകയായിരുന്നു.

ബാലകൃഷ്ണന്‍ പറയുന്നു: ''കേരളത്തിന്റെ രാഷ്ട്രീയത്തില്‍ എഴുത്തുകാര്‍ ക്രീയാത്മകമായ പങ്കൊന്നും വഹിക്കുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്. ഭരണത്തിലെത്തിയ പാര്‍ട്ടികളോടോ മുന്നണികളോടോ ഉള്ള വിധേയത്വമാണ് പല എഴുത്തുകാര്‍ക്കുമുള്ളത്. സ്ഥാനങ്ങള്‍ക്കു വേണ്ടിയോ പുരസ്‌കാരങ്ങള്‍ക്കു വേണ്ടിയോ ഉള്ള വിധേയത്വം ഇടതുമുന്നണി ഭരിക്കുന്ന കാലത്ത് അധികാരത്തിലിരിക്കുന്നവര്‍ക്ക് എതിരെ സംസാരിക്കുന്നവര്‍ വളരെ കുറച്ചുപേര്‍ മാത്രമേയുള്ളൂ. ഇതുകൊണ്ട് തന്നെ കേരളത്തില്‍ നടക്കുന്ന ഭുരഭിമാനക്കൊലയോ കസ്റ്റഡി മരണമോ ദലിത് പീഡനമോ ഒന്നും ആരും പരാമര്‍ശിക്കാറില്ല.  ഇതിനെപ്പറ്റിയൊന്നും സംസാരിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഉത്തരേന്ത്യയിലെ സംഭവങ്ങളെപ്പറ്റിയാണ് എല്ലാ എഴുത്തുകാരും സംസാരിക്കുക. 

കഠ്വ  സംഭവം ഇവിടെ വലിയ ചലനങ്ങളുണ്ടാക്കി. അതുസംബന്ധിച്ച്  കവിതകള്‍ എഴുതപ്പെട്ടു. ഇന്ത്യയില്‍ കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം, സോ ക്രൂവല്‍ സ്റ്റേറ്റ്. കഴിഞ്ഞ വര്‍ഷം ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിയമമനുസരിച്ച് 2,697 കേസുകളാണ് രജിസ്‌ററര്‍ ചെയ്യപ്പെട്ടത്. ഇക്കൊല്ലം മേയ് ഇരുപത്തിയാറിന് എണ്ണൂറു കേസുകള്‍. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളും പ്രായം കുറഞ്ഞ ആണ്‍കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുന്ന സ്ഥലമാണ് കേരളം. 

മേയ് പതിനേഴിന് രാവിലെ മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്നുമണിവരെയുള്ള സമയത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം ഇരുപത്തിയാറായിരുന്നു. രജിസ്റ്റര്‍ ചെയ്യപ്പെടാത്തതും. പലവിധത്തില്‍ ഒതുക്കപ്പെട്ടതുമായ കേസുകള്‍ ഒട്ടേറെയുണ്ടാകും. രണ്ടുമാസത്തിനിടെ ഇരുനൂറ്റി അന്‍പതോളം കേസുകള്‍ ഉണ്ടായി. ഇതില്‍  മൂന്നും നാലും വയസു മുതലുള്ള പെണ്‍കുട്ടികളുമുണ്ട്. ചില അധ്യാപകര്‍ ആണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കേസുകളുണ്ട്. കാസര്‍കോട് ഭാഗത്തുനിന്നൊക്കെ മതപാഠശാലകളിലും ഇതു നടക്കുന്നതായി നിരന്തരം വാര്‍ത്തകള്‍ വരുന്നു. ഈ യാഥാര്‍ഥ്യം നമ്മള്‍ തിരിച്ചറിയുന്നില്ല,'' അദ്ദേഹം പറയുന്നു. 

എഴുത്തുകാര്‍ക്ക് ധൈര്യക്കുറവാണെന്ന് ബാലകൃഷ്ണന്‍ പറയുന്നു. കേരളത്തില്‍ ധീരതയോടെ എഴുതിയിട്ടുള്ളത് ഒ.വി. വിജയനും വികെഎന്നുമാണ്. അതുകൊണ്ടുതന്നെ ഇവരോട് എല്ലാവര്‍ക്കും നീരസമായിരുന്നുവെന്നും ജയന്‍ ശിവപുരത്തിനു നല്‍കിയ അഭിമുഖത്തില്‍ ബാലകൃഷ്ണന്‍  പറഞ്ഞു. അതുകൊണ്ടുതന്നെ വികെഎന്നിന് കേരള സര്‍ക്കാരിന്റെ അവാര്‍ഡുകളൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ഒറീസയിലോ ഉത്തര്‍പ്രദേശിലോ നടക്കുന്നതിനോട് പ്രതികരിക്കുന്നതാണ് നമുക്ക് സൗകര്യം. സഭാ നേതൃത്വങ്ങളെയോ പാര്‍ട്ടി നേതൃത്വങ്ങളെയോ വിമര്‍ശിക്കാന്‍ ആളുകള്‍ക്കു മടിയാണ്. ഇത്തരത്തില്‍ എഴുത്തുകാര്‍ക്കൊക്കെ ധൈര്യക്കുറവുണ്ട്. പറയുന്നതില്‍ മാത്രമല്ല, പലര്‍ക്കും എഴുത്തിലും ധീരതയില്ല. കേരളത്തില്‍ ധീരതയോടെ എഴുതിയിട്ടുള്ളവരില്‍ ഒരാള്‍ ഒ.വി. വിജയനും മറ്റൊരാള്‍ വികെഎന്നുമാണ്. രാഷ്ട്രീയ പ്രശ്‌നങ്ങളെ അവര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അപഗ്രഥിക്കുകയും  അധികാരശക്തികളെ വിചാരണ ചെയ്യുകയും ചെയ്തു. ഇതുകൊണ്ടു തന്നെ ഈ രണ്ടു പേരോടും എല്ലാവര്‍ക്കും നീരസമായിരുന്നു. ഇവരെ വ്യവസ്ഥാപിത കക്ഷികളൊന്നും അംഗീകരിച്ചിരുന്നില്ല. വികെഎന്‍ മരിച്ചപ്പോള്‍ ചുരുക്കം ആളുകളെ എത്തിയിരുന്നുള്ളൂ. അദ്ദേഹത്തിന് വലിയ സംസ്ഥാന ബഹുമതികളൊന്നും ലഭിച്ചതുമില്ല.''

ഒ.വി. വിജയന്‍ കമ്യൂണിസ്റ്റുകള്‍ക്ക് അനുകൂലമായി എഴുതാഞ്ഞതിന് ''ഇഎംഎസ് പോലും വിജയനെ കിറുക്കനെന്നും സിഐഎ ചാരനെന്നുമാണ് വിളിച്ചിരുന്ന''തെന്ന് ബാലകൃഷ്ണന്‍ പറയുന്നു.

''കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി എന്നും അര്‍ഥവത്തായ സംവാദത്തില്‍ ഏര്‍പ്പെട്ടയാളാണ് ഒ.വി.വിജയന്‍. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് തിരിക്കെ ഇങ്ങോട്ടു സംവാദമുണ്ടായിട്ടില്ലെന്നേയുള്ളൂ. സംഭവിച്ചത് പുലഭ്യം പറച്ചില്‍ മാത്രമാണ്. ഇഎംഎസ് പോലും വിജയനെ കിറുക്കനെന്നും സിഐഎ ചാരനെന്നുമാണ് വിളിച്ചിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് മാത്രമല്ല. ഇന്ദിരാഗാന്ധിയുടെ അധികാരപ്രമത്തതയോടും വിജയന്‍ ഇതേ സമീപനം കൈക്കോണ്ടിട്ടുണ്ട്. കലഹിച്ചിട്ടുണ്ട്. സൗമ്യവും തീഷ്ണവുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇങ്ങനെ നിശിതമായ രാഷ്ട്രീയ വിചാരണ നടത്തിയിട്ടുള്ള മറ്റൊരു എഴുത്തുകാരന്‍ ഇന്ത്യന്‍ സാഹിത്യത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല.നമ്മള്‍ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ചോ കടല്‍ത്തീരത്ത് എന്ന കഥയെക്കുറിച്ചോ മാത്രമാണ് സാധാരണ പറയുന്നത്. ''

മുന്നണികളുടെ ഒത്തുകളിയും ഒത്തുതീര്‍പ്പും ബാലകൃഷ്ണന്റെ വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്.

''കേരളത്തിലെ അതിദാരുണമായ സാമൂഹ്യ അവസ്ഥയെ കാണിക്കുന്നതാണ് അടുത്തിടെ സംഭവിച്ച കെവിന്റെ മരണം. ഇവിടെ ഭരണകൂടമുണ്ട്. നിയമസംവിധാനമുണ്ട്. പോലീസുണ്ട്, പക്ഷെ ഇവയൊക്കെ പാവങ്ങള്‍ക്കെതിരെ കൈകോര്‍ത്തുപിടിക്കുകയാണ്. ഏതു ഭരണമായാലും അധികാരമുള്ളവര്‍ ദളിതുകള്‍ക്കും ആദിവാസികള്‍ക്കും പാവങ്ങള്‍ക്കുമെതിരെ സംഘടിത ശക്തിയായി നില്‍ക്കുന്നു. ബ്യൂറോക്രസിയും മതവും പോലീസും മുന്നണി ഭേദമില്ലാതെ മനുഷ്യനെ ദ്രോഹിക്കുന്നു. മുമ്പത്തെ ഭരണകക്ഷിയിലെ പോലീസ് മേധാവി ഇപ്പോള്‍ ഉപദേഷ്ടാവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. പരിതാപകരമായ അവസ്ഥയാണ് കേരളത്തില്‍. മുന്നണികളും രാഷ്ട്രീയകക്ഷികളും തമ്മിലുള്ള ആശയഭിന്നതകള്‍ പാടെ മാഞ്ഞുപോയ്‌ക്കൊണ്ടിരിക്കുന്നു.'' 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.