കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ രൂപത ബിഷപ്പിനെതിരായ അന്വേഷണം: പോലീസ് കണ്ണൂരിലെത്തി

Thursday 12 July 2018 11:06 pm IST

 

കണ്ണൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ രൂപത ബിഷപ്പിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കണ്ണൂരിലെത്തി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അധീനതയിലുള്ള കണ്ണൂര്‍ പരിയാരത്തെ മഠത്തിലാണ് അന്വേഷണസംഘം എത്തിയത്. പരിയാരം ആയുര്‍വേദ ആശുപത്രിക്ക് പിന്‍വശത്തുള്ള മീഷനറീസ് ഓഫ് ജീസസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ വെകുന്നേരം മൂന്നുമണിയോടെ  കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി.കെ.സുഭാഷിന്റെ നേത്യത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. 

കോട്ടയം കുറവിലങ്ങാട്, കണ്ണൂര്‍ പരിയാരം, മാതമംഗലം എന്നിവിടങ്ങളിലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട കേരളത്തിലെ സ്ഥാപനങ്ങളുള്ളത്. കന്യാസ്ത്രീയുടെ പരാതിയില്‍ കണ്ണൂരിലെ മഠങ്ങളെക്കുറിച്ച് പറയുന്നില്ലെങ്കിലും ബിഷപ്പ് കേരളത്തില്‍ എത്തുമ്പോള്‍ ഇവിടെയും സന്ദര്‍ശനം നടത്തിയിരുന്നുവോ എന്നാണ് അന്വഷിച്ചത്. ഇവിടെയുള്ള അന്തേവാസികളുടെ മൊഴിയെടുക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് കുറുവിലങ്ങാടിനു പുറത്ത് എവിടെങ്കിലും താമിസിച്ചിട്ടുണ്ടൊ എന്നു പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ജലന്ധര്‍ രൂപതയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മഠങ്ങളില്‍ പരിശോധന നടത്തിയത്.

ബിഷപ്പ് കാരണം കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചു എന്ന ആരോപണങ്ങള്‍ക്ക് മഠത്തില്‍ നിന്നും തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു. നാല് തവണ ബിഷപ്പ് കണ്ണൂര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ഈ കാലയളവില്‍ കണ്ണൂരിലെ മഠത്തില്‍ താമസിച്ച കന്യാസ്ത്രീകളില്‍ നിന്ന് മൊഴിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മഠത്തിലെ രേഖകലെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം കേസന്വേഷണത്തിനായി പോലീസ് എത്തുമെന്ന വിവരം ദിവസങ്ങള്‍ക്ക് മുമ്പേ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രേഖകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തുംമുമ്പേ മഠത്തില്‍ നിന്നും മാറ്റിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.