ശ്യാമപ്രസാദ്, അഭിമന്യു വധം: അന്വേഷണം എന്‍ഐഎയ്ക്ക് വിടണം- പി. കെ. കൃഷ്ണദാസ്

Friday 13 July 2018 1:05 am IST
പിഎഫ്‌ഐ മത ഭീകര സംഘടനയാണെന്ന സിപിഎമ്മിന്റെ പുതിയ തിരിച്ചറിവ് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ അവരുമായുള്ള ഒത്തുതീര്‍പ്പും ഒത്തുകളിയും അവസാനിപ്പിക്കണം. അഭിമന്യു കൊലപാതക കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താത്ത സര്‍ക്കാരിന്റെ നിലപാട് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഈ കൊലപാതക കേസുകള്‍ എന്‍ഐഎ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രത്യക്ഷ പ്രക്ഷോഭം നടത്തും.

കോഴിക്കോട്: എബിവിപി പ്രവര്‍ത്തകനായ ശ്യാമപ്രസാദ്, എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യു കൊലപാതക കേസുകളുടെ അന്വേഷണം എന്‍ഐഎയ്ക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി. കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

പിഎഫ്‌ഐ മത ഭീകര സംഘടനയാണെന്ന സിപിഎമ്മിന്റെ പുതിയ തിരിച്ചറിവ് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ അവരുമായുള്ള ഒത്തുതീര്‍പ്പും ഒത്തുകളിയും അവസാനിപ്പിക്കണം. അഭിമന്യു കൊലപാതക കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താത്ത സര്‍ക്കാരിന്റെ നിലപാട് പോപ്പുലര്‍ ഫ്രണ്ടുമായുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഈ കൊലപാതക കേസുകള്‍ എന്‍ഐഎ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രത്യക്ഷ പ്രക്ഷോഭം നടത്തും. 

പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയാല്‍ കേസന്വേഷണം സിബിഐക്ക് കൈമാറാനാവും. പ്രതികളുടെ വിദേശബന്ധം, സാമ്പത്തിക സ്രോതസ്സ്, ആയുധശേഖരണം, ബുദ്ധികേന്ദ്രം എന്നിവയെക്കുറിച്ച് അന്വേഷിച്ച് ഭീകരവാദത്തിന്റെ തായ്‌വേര് കണ്ടെത്താനാകും. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം ഇല്ലെന്ന് പ്രഖ്യാപിച്ച കോടിയേരിയുടേതോ, എളമരം കരീമിന്റേതോ ഏതാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടെന്ന് പാര്‍ട്ടി വ്യക്തമാക്കണം.

മാറാട് മുതല്‍ മഹാരാജാസ് വരെ നിരവധി ഭീകരവാദ കേസുകളില്‍ സിപിഎമ്മിന്റെ നിലപാട് വേട്ടക്കാര്‍ക്കൊപ്പമായിരുന്നു. മാറാട് ജൂഡീഷ്യല്‍ കമ്മീഷന് മുമ്പാകെ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മൊഴി നല്‍കിയത് സിബിഐ അന്വേഷണത്തിന് സിപിഎം എതിരാണെന്നായിരുന്നു. സിബിഐ അന്വേഷണത്തെ അട്ടിമറിച്ചതിലൂടെ എന്‍ഡിഎഫുകാരെ സംരക്ഷിക്കുകയായിരുന്നു സിപിഎം.  വാട്‌സ്ആപ്പ് ഹര്‍ത്താലിനെക്കുറിച്ചുള്ള അന്വേഷണം എവിടെയുമെത്തിയിട്ടില്ല. വിവാദമായ ബിനു വധക്കേസില്‍ ഹൈക്കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. എന്നാല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ പോലും ഇടതുസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.

രാമായണ മാസമാചരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ രാമായണ ദര്‍ശനം ഉള്‍ക്കൊള്ളണമെന്നും എകെജി സെന്ററില്‍ രാമായണ മാസാചരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഉദ്ഘാടനം ചെയ്ത് മാതൃക കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍,  ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.