അമ്പലപ്പുഴ തിരുവാഭരണ കവര്‍ച്ച; അറസ്റ്റില്‍ ദുരൂഹത; കര്‍മസമിതി ഹൈക്കോടതിയെ സമീപിക്കും

Friday 13 July 2018 1:06 am IST
യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ സാഹചര്യമൊരുക്കുകയാണ് അന്വേഷണ സംഘമെന്നും, അറസ്റ്റിലായ വിശ്വനാഥനെ അടിയന്തരമായി നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും കര്‍മസമിതി ഹൈക്കോടതിയില്‍ ആവശ്യപ്പെടും. ക്ഷേത്രത്തിലെ ഏതാനും ജീവനക്കാര്‍ മാത്രം കൈകാര്യം ചെയ്യുന്ന തിരുവാഭരണം കുപ്പത്തൊട്ടിയില്‍ എത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയാറായിട്ടില്ല.

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണത്തിലെ അമൂല്യമായ പതക്കം മോഷണം പോയ കേസില്‍ പോലീസ് ഒത്തുകളിച്ചതായി കര്‍മസമിതി. ഇതിനെതിരെ വീണ്ടും  ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

  തിരുവാഭരണ മോഷണക്കേസില്‍  കഴിഞ്ഞ ദിവസം ടെമ്പിള്‍ ആന്റിതെഫ്റ്റ് സ്‌ക്വാഡ് അറസ്റ്റു ചെയ്തയാള്‍ യഥാര്‍ഥ പ്രതിയല്ലെന്നു കാണിച്ചാണ് കര്‍മസമിതി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഇടുക്കി പീരുമേട് ഉപ്പുതറ സ്വദേശി വിശ്വനാഥനെ (57) യാണ് അന്വേഷണസംഘം അറസ്റ്റു ചെയ്തത്.

  യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ സാഹചര്യമൊരുക്കുകയാണ് അന്വേഷണ സംഘമെന്നും, അറസ്റ്റിലായ വിശ്വനാഥനെ അടിയന്തരമായി നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും കര്‍മസമിതി  ഹൈക്കോടതിയില്‍ ആവശ്യപ്പെടും. ക്ഷേത്രത്തിലെ ഏതാനും ജീവനക്കാര്‍ മാത്രം കൈകാര്യം ചെയ്യുന്ന തിരുവാഭരണം കുപ്പത്തൊട്ടിയില്‍ എത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയാറായിട്ടില്ല. 

തനിക്ക് ലഭിച്ച പതക്കം നടപ്പന്തലില്‍ കട നടത്തുന്ന സ്വര്‍ണപ്പണിക്കാരന് നല്‍കിയെന്നാണ് വിശ്വനാഥന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ടെമ്പിള്‍ സ്‌ക്വാഡ് സ്വര്‍ണപ്പണിക്കാരനില്‍ നിന്ന് നാല് ഗ്രാം സ്വര്‍ണം കണ്ടെടുത്ത ശേഷം കേസില്‍ നിന്നും ഒഴിവാക്കിയത് സംശയാസ്പദമാണ്. 

 ഏതാനും മാസം മുന്‍പ് കര്‍മസമിതി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചില്‍ നിന്നും ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡിന് കൈമാറിയത്. കര്‍മസമിതി യോഗത്തില്‍ ചെയര്‍മാന്‍ ശങ്കരന്‍നായര്‍ അധ്യക്ഷനായി. അനില്‍ പാഞ്ചജന്യം, എം. സോമന്‍ പിള്ള, വി. ദില്‍ജിത്, കരുമാടി സുരേന്ദ്രന്‍, എസ്.കെ. മൂര്‍ത്തി, ഡി. സുഭാഷ്, മനോജ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.