കുല്‍ഭൂഷണ്‍ ജാദവ്: പാക്കിസ്ഥാന്‍ വീണ്ടും അന്താരാഷ്ട്ര കോടതിയില്‍

Friday 13 July 2018 1:12 am IST
പാക് അറ്റോര്‍ണി ജനറല്‍ ഖവാര്‍ ഖുറേഷിയാണ് പാക്കിസ്ഥാന്റെ രണ്ടാംവട്ട ന്യായവാദങ്ങള്‍ക്ക് രൂപം നല്‍കിയത്. ഇരുരാജ്യങ്ങളുടെയും വാദപ്രതിവാദം പൂര്‍ത്തിയായ ശേഷം അടുത്ത വര്‍ഷമായിരിക്കും കോടതി വിഷയത്തില്‍ വാദം കേള്‍ക്കുക. കോടതിക്കു മുന്നിലുള്ള മറ്റു കേസുകളില്‍ വാദം കേള്‍ക്കുന്നത് അടുത്ത മാര്‍ച്ച്, ഏപ്രില്‍ വരെ തുടരുന്നതിനാല്‍ അതു കഴിഞ്ഞാവും ജാദവ് കേസ് പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്ലാമാബാദ്: ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാക്കിസ്ഥാന്‍ ജൂലൈ 17ന് ഇന്ത്യയുടെ വാദങ്ങള്‍ക്കുള്ള രണ്ടാംവട്ട മറുപടി ഫയല്‍ ചെയ്യും. 

ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് ഇന്ത്യ സമര്‍പ്പിച്ച വാദങ്ങള്‍ക്കുള്ള മറുപടിയാണ് പാക്കിസ്ഥാന്‍ നല്‍കുന്നത്. ചാരനെന്നു മുദ്രകുത്തി പാക്കിസ്ഥാന്‍ തടങ്കലിലിട്ട ജാദവിനെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. 

ഇരുരാഷ്ട്രങ്ങള്‍ക്കും രണ്ടാംവട്ടം വാദങ്ങള്‍ നിരത്താന്‍ ജനുവരി 23ന്  കോടതി സമയപരിധി നല്‍കിയിരുന്നു. 

പാക് അറ്റോര്‍ണി ജനറല്‍ ഖവാര്‍ ഖുറേഷിയാണ് പാക്കിസ്ഥാന്റെ രണ്ടാംവട്ട ന്യായവാദങ്ങള്‍ക്ക് രൂപം നല്‍കിയത്. ഇരുരാജ്യങ്ങളുടെയും വാദപ്രതിവാദം പൂര്‍ത്തിയായ ശേഷം അടുത്ത വര്‍ഷമായിരിക്കും കോടതി വിഷയത്തില്‍ വാദം കേള്‍ക്കുക. കോടതിക്കു മുന്നിലുള്ള മറ്റു കേസുകളില്‍ വാദം കേള്‍ക്കുന്നത് അടുത്ത മാര്‍ച്ച്, ഏപ്രില്‍ വരെ തുടരുന്നതിനാല്‍ അതു കഴിഞ്ഞാവും ജാദവ് കേസ് പരിഗണിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ തീര്‍പ്പാകുന്നതു വരെ വധശിക്ഷ നടപ്പാക്കരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

വിയന്ന കരാര്‍ അനുസരിച്ച് ജാദവിന് അഭിഭാഷകനെ ഏര്‍പ്പെടുത്താന്‍ പാക്കിസ്ഥാന്‍ തയാറായില്ലെന്ന് ഇന്ത്യ സമര്‍പ്പിച്ച ആദ്യ വാദങ്ങളില്‍ ആരോപിച്ചിരുന്നു. ചാരപ്രവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇത്തരം സംവിധാനങ്ങള്‍ നല്‍കേണ്ടതില്ലെന്ന് കരാറില്‍ പറയുന്നില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. എന്നാല്‍ രഹസ്യദൗത്യങ്ങളിലേര്‍പ്പെടുന്ന കുറ്റവാളികള്‍ക്ക് അഭിഭാഷകനെ നല്‍കേണ്ടതില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം.

നാവികസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ജാദവെന്നും കച്ചവട ആവശ്യങ്ങള്‍ക്കായി ഇറാനിലെത്തിയ ജാദവിനെ അവിടെവച്ച് തട്ടിയെടുക്കുകയായിരുന്നെന്നും ഇന്ത്യ വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.