ഡെങ്കി, സിക്ക നിയന്ത്രിക്കാന്‍ കൊതുകുകളെ വന്ധ്യംകരിക്കാമെന്ന് പഠനം

Friday 13 July 2018 1:14 am IST
ലബോറട്ടറികളില്‍ വളര്‍ത്തിയ ആണ്‍കൊതുകുകളിലേക്ക് പ്രത്യുത്പാദനശേഷി നശിപ്പിക്കുന്ന വോല്‍ബാച്ചിയ ബാക്ടീരിയയെ കടത്തിവിട്ടായിരുന്നു പരീക്ഷണത്തിന്റെ ആദ്യഘട്ടം. പിന്നീട് ഇവയെ ഡെങ്കു, സിക്ക എന്നിവ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ ധാരാളമായുള്ള കാസ്വെരി കോസ്റ്റിലെ മൂന്ന് പട്ടണങ്ങളിലേക്ക് തുറന്നു വിട്ടു.

സിഡ്‌നി: കൊതുകുകളെ വന്ധ്യംകരിക്കുന്നതിലൂടെ ഡെങ്കി, സിക്ക വൈറസുകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പഠനം. 

ഓസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് ഓര്‍ഗനൈസേഷനും (സിഎസ്‌ഐആര്‍ഒ) ആന്‍ഡ് ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റി (ജെസിയു)യും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് കൊതുകുജന്യ രോഗങ്ങളെ തടയുന്നതിന് പ്രതിരോധിക്കാന്‍ വഴികണ്ടെത്തിയത്. 

ലബോറട്ടറികളില്‍ വളര്‍ത്തിയ ആണ്‍കൊതുകുകളിലേക്ക് പ്രത്യുത്പാദനശേഷി നശിപ്പിക്കുന്ന വോല്‍ബാച്ചിയ ബാക്ടീരിയയെ കടത്തിവിട്ടായിരുന്നു പരീക്ഷണത്തിന്റെ ആദ്യഘട്ടം. പിന്നീട് ഇവയെ ഡെങ്കു, സിക്ക എന്നിവ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകള്‍ ധാരാളമായുള്ള കാസ്വെരി കോസ്റ്റിലെ മൂന്ന് പട്ടണങ്ങളിലേക്ക് തുറന്നു വിട്ടു. ബാക്ടീരിയ കടത്തിവിട്ട ആണ്‍കൊതുകുകള്‍ പെണ്‍കൊതുകുകളുമായി ഇണചേര്‍ന്നതിന്റെ ഫലമായി പെണ്‍കൊതുകുകള്‍ മുട്ട ഇടുന്നു. എന്നാല്‍ വോല്‍ബാച്ചിയ ബാക്ടീരിയകള്‍ ആണ്‍കൊതുകുകളുടെ പ്രത്യുത്പാദനശേഷി നശിപ്പിച്ചതിനാല്‍ മുട്ടകള്‍ വിരിയില്ല. അങ്ങനെ കൊതുകുകളുടെ എണ്ണം ക്രമേണ കുറയുമെന്നാണ് കണ്ടെത്തല്‍. മാത്രമല്ല പ്രത്യുത്പാദനശേഷി നശിപ്പിക്കപ്പെട്ട കൊതുകുകള്‍ കടിക്കുകയോ, രോഗം പരത്തുകയോ ചെയ്യില്ല. 

ക്വീന്‍സ് ലാന്‍ഡിലെ ഇന്നിസ്‌ഫെയ്ല്‍ പട്ടണത്തിലായിരുന്നു ആദ്യ പരീക്ഷണം. 20 മില്യണ്‍ കൊതുകുകളെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ വന്ധ്യംകരിച്ച് തുറന്ന് വിട്ടത്. കൊതുക് വന്ധ്യകരണം മുമ്പും പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായിരുന്നില്ല. നിരവധി കൊതുകുകളില്‍ ഒരേസമയം ബാക്ടീരിയ കടത്തി വിടുകയാണ് ചെയ്യുന്നത്. ഇതിന് ആവശ്യമായ സാങ്കേതിക വിദ്യയും സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.