ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ ക്രമസമാധാന പ്രശ്‌നമെന്ന്

Friday 13 July 2018 1:15 am IST
പലയിടങ്ങളില്‍ ആശ്രമം ഉള്ള ആസാറാം ബാപ്പു അനുയായികളെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. ഒടുവില്‍ കേസും വിവാദവുമായപ്പോള്‍ പോലീസ് തൂക്കിയെടുത്തു. അന്ന് ഒരു ക്രമസമാധാന പ്രശ്‌നവും ഉണ്ടായില്ല. എന്നാല്‍ റാം റഹീം ഗുര്‍മീതിനെ അറസ്റ്റു ചെയ്തപ്പോഴും കോടതി ഇയാള്‍ക്ക് തടവ് വിധിച്ചപ്പോഴും അനുയായികള്‍ കലാപം അഴിച്ചുവിട്ടു.

ന്യൂദല്‍ഹി: കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയ കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്താല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നാണ് വാദം. 

എന്നാല്‍ പഞ്ചാബിലും ഹരിയാനയിലും അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ സ്വാധീനം ഉണ്ടായിരുന്ന സച്ചാ ദേരാ സൗദ മേധാവി റാം റഹിം ഗുര്‍മീതിനെയും ആസാറാം ബാപ്പുവിനെയും കര്‍ണാടകത്തിലെ സ്വാമി നിത്യാനന്ദയെയും കേരളത്തില്‍ സന്തോഷ് മാധവനെയും പോലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചിരുന്നു. ഇവരെല്ലാം പീഡനക്കേസുകളിലാണ് അകത്തായതും. 

പലയിടങ്ങളില്‍ ആശ്രമം ഉള്ള ആസാറാം ബാപ്പു അനുയായികളെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാക്കിയിരുന്നു. ഒടുവില്‍ കേസും വിവാദവുമായപ്പോള്‍ പോലീസ് തൂക്കിയെടുത്തു. അന്ന് ഒരു ക്രമസമാധാന പ്രശ്‌നവും ഉണ്ടായില്ല. എന്നാല്‍ റാം റഹീം ഗുര്‍മീതിനെ അറസ്റ്റു ചെയ്തപ്പോഴും കോടതി ഇയാള്‍ക്ക് തടവ് വിധിച്ചപ്പോഴും അനുയായികള്‍ കലാപം അഴിച്ചുവിട്ടു. 

പോലീസ് വെടിവയ്പ്പില്‍ ചിലര്‍ മരിക്കുകയും ചെയ്തു. പീഡനക്കേസിലാണ് സ്വാമി നിത്യാനന്ദയെ ജയിലിലടച്ചത്. പല സ്ഥലങ്ങളിലും ആശ്രമമുള്ള ഇയാള്‍ക്ക് വലിയ അനുയായി വൃന്ദമുണ്ടായിരുന്നു. കേരളത്തിലെ കള്ള സന്ന്യാസിയായിരുന്ന സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തിരുന്നു. അന്നും ഇത്തരം വാദങ്ങള്‍ ഉയര്‍ന്നില്ല. 

പഞ്ചാബിലെ ജലന്ധറിലുള്ള കത്തോലിക്കാ സഭാ കേന്ദ്രം  അത്രയ്ക്ക് സ്വാധീനമുള്ള സ്ഥാപനമൊന്നുമല്ല. കലാപം ഉണ്ടാകാനുള്ള സാധ്യതകളൊന്നുമില്ല. മാത്രമല്ല ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്നു പറഞ്ഞ് പീഡനക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെങ്ങനെയെന്ന് നിയമവിദഗ്ധരും ചോദിക്കുന്നു. നിയമം പാലിക്കാനുള്ളതാണ്. ന്യായങ്ങള്‍ നിരത്തി അത് പാലിക്കാതിരിക്കാനാവില്ല, അവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.