തുറന്ന് പറഞ്ഞാല്‍ കൊല്ലും അല്ലെങ്കില്‍ പുറത്താക്കുമെന്ന് കന്യാസ്ത്രീകള്‍

Friday 13 July 2018 1:19 am IST
ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാനഭംഗത്തിന് ഇരയാക്കിയ കന്യാസ്ത്രീയും പിന്തുണയുമായി എത്തിയ സഹോദരിയായ കന്യാസ്ത്രീയും ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു. സംഭവം പുറത്തു പറഞ്ഞിരുന്നുവെങ്കില്‍ മറ്റൊരു അഭയ ഉണ്ടാകുമായിരുന്നു, അവര്‍ പറഞ്ഞു. മഠത്തില്‍ ജീവിക്കാന്‍ കഴിയാതെ കുറവിലങ്ങാട്ടെ മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് 18 പേര്‍ വിട്ടുപോയതായും അവരില്‍ ചിലര്‍ വിവാഹിതരായതായും കന്യാസ്ത്രീ വെളിപ്പെടുത്തി.

കൊച്ചി: കത്തോലിക്കാ സഭയുടെ കന്യാസ്ത്രീ മഠങ്ങളില്‍ കൊടിയ പീഡനങ്ങളാണ് നടക്കുന്നതെന്ന് കന്യാസ്ത്രീമാരുടെ വെളിപ്പെടുത്തല്‍. ഇവ തുറന്നു പറഞ്ഞാല്‍ ഒന്നുകില്‍ മഠത്തിനുള്ളില്‍ കൊലപാതകം, അല്ലെങ്കില്‍ സഭ പുറത്താക്കും. 

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാനഭംഗത്തിന് ഇരയാക്കിയ കന്യാസ്ത്രീയും പിന്തുണയുമായി എത്തിയ സഹോദരിയായ കന്യാസ്ത്രീയും ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു. സംഭവം പുറത്തു പറഞ്ഞിരുന്നുവെങ്കില്‍ മറ്റൊരു അഭയ ഉണ്ടാകുമായിരുന്നു, അവര്‍ പറഞ്ഞു. മഠത്തില്‍ ജീവിക്കാന്‍ കഴിയാതെ കുറവിലങ്ങാട്ടെ മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് 18 പേര്‍ വിട്ടുപോയതായും അവരില്‍ ചിലര്‍ വിവാഹിതരായതായും കന്യാസ്ത്രീ വെളിപ്പെടുത്തി. 

കര്‍ത്താവിന്റെ മണവാട്ടിയായ തന്നെ ഓരോ തവണ ബലാത്സംഗം ചെയ്ത് ബിഷപ് മടങ്ങുമ്പോഴും നെഞ്ചു തകര്‍ന്നു. ഇനിയും മൗനം പാലിച്ചാല്‍ ജീവിതം മുഴുവനും തന്നെ വേട്ടയാടുമെന്നതിനാല്‍ കന്യാസ്ത്രീയായ അനുജത്തിയോടും പിതൃസഹോദരപുത്രനായ വികാരിയോടും വെളിപ്പെടുത്തി. കുറവിലങ്ങാട്ടെ മഠത്തിലെ ഗസ്റ്റ് റൂമില്‍ വച്ച് 13 തവണയാണ് തന്നെ മാനഭംഗപ്പെടുത്തിയത്, അവര്‍ പറഞ്ഞു. (മിഷണറീസ് ഓഫ് ജീസസിന്  കീഴില്‍ കേരളത്തില്‍ മൂന്ന് കോണ്‍വെന്റുകളുണ്ട്. കുറവിലങ്ങാട്ടെ മഠത്തിന്റെ മദര്‍സുപ്പീരിയറും കേരളത്തിന്റെ ഇന്‍ചാര്‍ജും ബിഷപ് മാനഭംഗത്തിന് ഇരയാക്കിയ കന്യാസ്ത്രീയായിരുന്നു. കഴിഞ്ഞ വര്‍ഷം അവരെ സകല പദവികളില്‍ നിന്നും ഒഴിവാക്കി സാധാരണ കന്യാസ്ത്രീയാക്കി മാറ്റി.)

പുറത്തു പറയുമെന്ന് ബിഷപ്പിന് തോന്നിയിരുന്നെങ്കില്‍ തന്റെ ചേച്ചിയെ കൊല്ലുമായിരുന്നുവെന്ന് സഹോദരിയായ കന്യാസ്ത്രീ പറഞ്ഞു. പുറത്തു പറഞ്ഞാല്‍ വച്ചേക്കില്ലെന്ന് ബിഷപ് ഭീഷണി മുഴക്കിയിട്ടുമുണ്ട്. ചേച്ചിക്ക് ധൈര്യമില്ലാത്തയാളുമാണ്, സഹോദരി പറഞ്ഞു. മദര്‍ ജനറാളിനോട് പറഞ്ഞിട്ടും പരാതി നല്‍കിയിട്ടും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. വിവരങ്ങള്‍ അറിഞ്ഞില്ലെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. ഞാനെങ്ങനെ ബിഷപ്പിനെതിരെ നീങ്ങും എന്നാണ് അന്ന് മദര്‍ ജനറാള്‍ എന്നോട് ചോദിച്ചത്, കന്യാസ്ത്രീ പറഞ്ഞു. ഈശോയുടെ മണവാട്ടിയെ ഈശോയുടെ 12 ശിഷ്യന്മാരുടെ പിന്‍ഗാമിയെന്ന് സഭ കരുതുന്ന മെത്രാന് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ആര് അനുമതി നല്‍കി, അവര്‍ ചോദിച്ചു. സഭ മെത്രാനെ പിന്തുണച്ച് നോട്ടീസിറക്കുന്നു, പ്രാര്‍ഥിക്കാന്‍ വിശ്വാസികളോട് പറയുന്നു.

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണയേകാന്‍ അനുജത്തി അടക്കം ആറ് കന്യാസ്ത്രീമാര്‍ കുറവിലങ്ങാട്ട് എത്തിയിട്ടുണ്ട്.

ഫ്രാങ്കോ പിതാവ് ഇനി ഇവിടെ വന്നാല്‍ ഞാന്‍ വീട്ടില്‍ പോകുമെന്നാണ് സിസ്റ്റര്‍ പറഞ്ഞത്. കൂടെക്കിടക്കണമെന്നാണ് പറയുന്നത്. ഇരയായ കന്യാസ്ത്രീക്ക് സഹായവുമായെത്തിയ സിസ്റ്റര്‍ അനുപമ പറഞ്ഞു.

ജലന്ധര്‍ രൂപതയില്‍ നടക്കുന്ന വൃത്തികേടുകള്‍ അറിഞ്ഞിട്ടും ആരും നടപടി എടുക്കുന്നില്ല. ബിഷപ് ഫ്രാങ്കോയുടെ പീഡനം മറ്റു ചില കന്യാസ്ത്രീകളും നേരിട്ടിട്ടുണ്ട്. അതും പുറത്തുവരില്ല. ഒരു കന്യാസ്ത്രീയും ഇനിയത് പറയാന്‍ ധൈര്യപ്പെടില്ല. ഇനി മരണം മാത്രം മുന്നില്‍ എന്ന സാഹചര്യത്തിലാണ് തുറന്നു പറച്ചില്‍. ആറു പേരും ഒന്നിച്ചു നില്‍ക്കുന്നതുകൊണ്ടാണ് ഒറ്റപ്പെടല്‍ ഇല്ലാത്തത്. ഒറ്റയ്ക്ക് ഒരാള്‍ തുറന്നു പറഞ്ഞാല്‍ മഠത്തിനുള്ളില്‍ കൊലപാതകം, അല്ലെങ്കില്‍ സഭ പുറത്താക്കും, സിസ്റ്റര്‍ ആന്‍സിറ്റ പറഞ്ഞു. പുറത്തു കാണുന്നതല്ല മഠത്തിലെ ജീവിതം. ഇതിനകത്താണ് അസൂയയും കുശുമ്പും പകയും പിണക്കവും ഏറ്റവും കൂടുതല്‍, സിസ്റ്റര്‍മാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.