ഒരുമഴയും രണ്ട് വെയിലും ചുവപ്പ് കാവിയാകും

Friday 13 July 2018 1:23 am IST
ഇന്നിപ്പോഴിതാ രാമായണ മാസക്കാലത്ത് രാമായണത്തെക്കുറിച്ച് ചര്‍ച്ചകളും പ്രഭാഷണങ്ങളുമൊക്കെ സംഘടിപ്പിച്ച് അതിന്റെ ഭാഗമാകാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നു. അതുപക്ഷെ മാരീചനെപ്പോലെ പ്രച്ഛന്ന വേഷത്തിലായിരിക്കുമെന്നുമാത്രം. മതനിരപേക്ഷമനസ്സുള്ള അമ്പലക്കമ്മറ്റികളെ സൃഷ്ടിച്ച് അവര്‍വഴി വിപുലമായ രീതിയിലായിരിക്കും രാമായണമാസാചരണം.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താന്‍ ഏറെ പണിപ്പെട്ട പാര്‍ട്ടിയായിരുന്നു സിപിഎം. സഖാക്കളുടെ കുട്ടികളെ ബാലഗോകുലത്തിന്റെ ഭാഗമാകുന്നത് വിലക്കാന്‍ നോക്കി. എതിര്‍പ്പ് മറികടന്ന് കുട്ടികള്‍ കൂട്ടത്തോടെ ബാലഗോകുലത്തിലെത്തി. 

ജന്മാഷ്ടമി ദിനത്തിലെ ഘോഷയാത്രകള്‍ നാള്‍ക്കുനാള്‍ ഗംഭീരമായി. ശ്രീകൃഷ്ണജയന്തിക്ക് എന്തിനാണ് തെരുവില്‍ ഘോഷയാത്ര? ക്ഷേത്രങ്ങളിലെ ചടങ്ങുകള്‍ മാത്രം പോരെ എന്ന ചോദ്യവും തുടരെത്തുടരെ വന്നു. അതിനൊന്നും ചെവികൊടുക്കാതെ ആഘോഷങ്ങള്‍ ആര്‍ഭാടപൂര്‍വ്വം വര്‍ദ്ധിച്ചപ്പോള്‍ ചിലഭാഗങ്ങളില്‍ സഖാക്കളും മക്കളും കൃഷ്ണവേഷം കെട്ടാന്‍ തുടങ്ങി. ഗോപികാഗോപന്മാരെ അണിയിച്ചൊരുക്കി.

കേരളമാകെ ഇല്ലെങ്കിലും കണ്ണൂര്‍ ജില്ലയില്‍ രണ്ട് മൂന്ന് വര്‍ഷമായി ജന്മാഷ്ടമി സഖാക്കളുടെയും ആഘോഷമായി. പക്ഷെ അവരുടെ വേഷംകെട്ടലിന് വെപ്പ് പല്ലിന്റെ ഭംഗിയേ ഉണ്ടായിരുന്നുള്ളു. വിശ്വാസത്തിന്റെ അടുക്കും ചിട്ടയും അതിനുണ്ടായിരുന്നില്ല. ബാലഗോകുലത്തിന്റെ ആഘോഷങ്ങള്‍ക്ക് അനുഷ്ഠാനത്തിന്റെ ശക്തിയും സൗന്ദര്യവുമുണ്ട്. സഖാക്കളുടെ ആഘോഷം ഒരു കാട്ടിക്കൂട്ടലാകുന്നത് സ്വാഭാവികം. അതിന് ഭക്തിയില്ല, വിഭക്തി ഏറെയുണ്ടുതാനും. ശ്രീകൃഷ്ണ ജയന്തിയെ സഖാക്കള്‍ സമീപിച്ചത് വിരോധത്തോടെയാണ്. അതിപ്പോള്‍ മൂര്‍ച്ഛിച്ച് വിരോധഭക്തിയായിരിക്കുകയാണോ? ഏതായാലും നന്നായി. 

ശ്രീകൃഷ്ണ ജയന്തി ശോഭായാത്രപോലെ രാമായണ മാസാചരണവും സംഘപരിവാറിന്റെ സൃഷ്ടിയാണ്. ദശാബ്ദങ്ങളായി കേരളത്തിലത് സാമൂഹ്യാചാരമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രങ്ങളിലെ പൂജാകര്‍മ്മങ്ങളില്‍ മാത്രം ഒതുങ്ങാതെ രാമായണ മാസാചരണം ഭജനയും പ്രഭാഷണങ്ങളുമെല്ലാമായി വലിയതോതില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ദേവസ്വംബോര്‍ഡുകള്‍ ഔദ്യോഗികമായി അതിനെ അംഗീകരിച്ചു. 

രാമായണ മാസാചരണ പരിപാടികള്‍ക്ക് വലിയ ജനപങ്കാളിത്തവുമുണ്ട്. രാമായണ കാലഘട്ടത്തിലെ യജ്ഞങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കും നേരെ ആസുരികശക്തികള്‍ നടത്തിപ്പോന്ന പ്രക്രിയകളായിരുന്നു സഖാക്കളുടെ ഭാഗത്തുനിന്ന് ആദ്യകാലഘട്ടങ്ങളിലുണ്ടായത്. എന്നിട്ടും സഖാക്കളുടെ കുടുംബങ്ങളില്‍നിന്നു നല്ല സഹകരണമാണ് ലഭിച്ചിരുന്നത്. 

ഇന്നിപ്പോഴിതാ രാമായണ മാസക്കാലത്ത് രാമായണത്തെക്കുറിച്ച് ചര്‍ച്ചകളും പ്രഭാഷണങ്ങളുമൊക്കെ സംഘടിപ്പിച്ച് അതിന്റെ ഭാഗമാകാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നു. രാമായണത്തിന്റെ സാമൂഹ്യപശ്ചാത്തലം ചര്‍ച്ചചെയ്യുകയാണ് ആദ്യപരിപാടി. ഭക്തജനങ്ങളെ പാട്ടിലാക്കാനുള്ള ബിജെപിയുടെ ശ്രമം തടയുകയാണത്രെലക്ഷ്യം. രാമായണപാരായണമടക്കം ഭക്തിപരമായ പ്രഭാഷണപരിപാടികളും സംഘടിപ്പിക്കും. അതുപക്ഷെ മാരീചനെപ്പോലെ പ്രഛന്നവേഷത്തിലായിരിക്കുമെന്നുമാത്രം.

 മതനിരപേക്ഷമനസ്സുള്ള അമ്പലക്കമ്മറ്റികളെ സൃഷ്ടിക്കാനും അവര്‍വഴി വിപുലമായ രീതിയിലായിരിക്കും രാമായണമാസാചരണം. ഏതിന്റെ പേരിലായാലും മര്യാദാപുരുഷോത്തമനായ രാമന്റെ നാമം ഉച്ചരിക്കുന്നതും രാമായണ പാരായണവും അത് കേള്‍ക്കുന്നതും മോക്ഷപ്രാപ്തിയുണ്ടാക്കുമെന്നാണ് വിശ്വാസം. സഖാക്കളും കുടുംബ സമേതം രാമായണത്തിന്റെ വഴിയേ നീങ്ങുന്നത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. 

ഒരുമഴയും രണ്ട് വെയിലുമേറ്റാല്‍ ചുവപ്പ് കാവിയാകുമെന്നതില്‍ സംശയമില്ല. കാവിയെ അനുകരിക്കാനും രാമന്റെ യാത്രയെ അനുഗമിക്കാനും ആദ്യചുവട് വയ്ക്കുന്നവര്‍ക്ക് പരവതാനി വിരിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.