നാണമില്ലാത്തവന്റെ രാമായണ പ്രേമം

Friday 13 July 2018 1:44 am IST
സംസ്‌കൃത സംഘമാണ് രാമായണ പഠനത്തില്‍ സിപിഎമ്മിന്റെ ഇവന്റ് മാനേജര്‍. സിപിഎം പാലും ചോറും കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനമാണത്. പക്ഷേ, തത്ക്കാലം പാര്‍ട്ടിയുമായി അതിന് യാതൊരു ബന്ധവുമില്ലത്രെ. ഉണ്ടെങ്കില്‍ത്തന്നെ അത് സജീവമായ ഒരു അന്തര്‍ധാര മാത്രമാണ്.

സിപിഎം രാമായണം വായിച്ചുപഠിക്കാന്‍ പോകുന്നു. അതും രാമായണ മാസത്തില്‍ത്തന്നെ. അതില്‍ മൂല്യവത്തായ പലതുമുണ്ടത്രെ. എന്തൊരു കണ്ടെത്തല്‍! മാനവികതയ്ക്ക് ആധാരം മാര്‍ക്‌സിസമല്ല രാമായണമാണെന്ന ബോധോദയം ഉണ്ടാകാന്‍ ഇക്കാലമത്രയും വേണ്ടിവന്നു എന്നതുക്ഷമിക്കാം. വൈകിയായായും നല്ല ബുദ്ധി തോന്നിയല്ലോ. ഇനി ഓങ്കാരാങ്കിതമായ ഭഗവത് ധ്വജത്തിന് മുന്നില്‍ നിവര്‍ന്നുനിന്ന് ഒരു പ്രണാം കൂടിയായാല്‍ എല്ലാം ശുഭം. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ അതിനിനി അധികകാലം വേണ്ടിവരില്ല. കുളിച്ച് ഈറനോടെ ചന്ദനവും ഭസ്മവും കുറിയിട്ട് രാമനാമം ജപിച്ച് ശയനപ്രദക്ഷിണം നടത്തുന്ന സഖാക്കളുടെ തിരക്കായിരിക്കും വരുംകാലത്ത് ക്ഷേത്രങ്ങളില്‍. അന്ന് അതിനും അവര്‍ക്ക് ന്യായീകരണങ്ങളുണ്ടാകും. മുന്‍പ് ചെയ്തതിനും കാണും ന്യായങ്ങള്‍. കാരണം, അവര്‍ സഖാക്കളാണ്. അവര്‍ക്കു തെറ്റുപറ്റില്ലത്രെ. അപ്പപ്പോള്‍ ചെയ്യുന്നതെന്തോ അതാണ് ശരി. ഉയര്‍ത്തിപ്പിടിച്ചതിനെ വഴിക്ക് ഉപേക്ഷിക്കാനും പറഞ്ഞത് വിഴുങ്ങാനുമുള്ള ജന്മസിദ്ധമായ നാണമില്ലായ്മ ആ പാര്‍ട്ടി പലതവണ ആവര്‍ത്തിച്ച് കഴിഞ്ഞതാണ്. തലമുറകളായി അവര്‍ ഈ പാഠങ്ങള്‍ ഒരേ കളരിയില്‍ നിന്നു തന്നെ പഠിക്കുന്നു. ഇപ്പോള്‍ പറയുന്നതു ശരി, ഇന്നലത്തേത് വിശകലന വൈരുദ്ധ്യം, നാളത്തേത് നാളെ തീരുമാനിക്കാം എന്നതാണ് എക്കാലത്തും അവരുടെ നിലപാട്. 

സംസ്‌കൃത സംഘമാണ് രാമായണ പഠനത്തില്‍ സിപിഎമ്മിന്റെ ഇവന്റ് മാനേജര്‍. സിപിഎം പാലും ചോറും കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനമാണത്. പക്ഷേ, തത്ക്കാലം പാര്‍ട്ടിയുമായി അതിന് യാതൊരു ബന്ധവുമില്ലത്രെ. ഉണ്ടെങ്കില്‍ത്തന്നെ അത് സജീവമായ ഒരു അന്തര്‍ധാര മാത്രമാണ്. ആ സംഘം രാമായണത്തെക്കുറിച്ച് പഠനങ്ങളും വിശകലനങ്ങളും സംവാദങ്ങളും സെമിനാറുകളുമൊക്കെ നടത്തും. രാമനെ മാനവികതയുടെ പ്രതീകമായി ഉയര്‍ത്തിക്കാണിക്കും. രാമായണ സന്ദേശങ്ങളുടെ അന്തസ്സത്ത കണ്ടെത്തി പ്രചരിപ്പിക്കും. ഇതൊന്നും ഇവിടത്തെ ഹിന്ദുവിന് നിങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലെന്ന് ഈ സഖാക്കളെ ആരാണ് പറഞ്ഞു മനസ്സിലാക്കുക ? വര്‍ഷങ്ങളായി രാമായണ പാരായണം നടത്തുന്ന ഏതുവീട്ടിലേയും മുത്തശ്ശിമാര്‍ക്ക് അറിയാം രാമായണം എന്താണെന്ന്. 

പുരാണങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഫാസിസ്റ്റുകളെ ചെറുക്കുകയാണത്രെ ലക്ഷ്യം. അതായത് നിലവിളക്കിന് മുന്നിലിരുന്ന് രാമായണം വായിക്കുന്ന ഫാസിസ്റ്റ് മുത്തശ്ശിമാരോടാണ് ഇനി സഖാക്കളുടെ പോരാട്ടം. വരമ്പത്ത് കൂലിയൊക്കെനിര്‍ത്തി. ഇനി വിളക്കത്ത് വായനയാണ്. ഒരു പ്രസ്ഥാനം ഇത്രയ്ക്ക് അധ:പ്പതിക്കുന്നത് എങ്ങനെ ! 

രാമായണം കുടുംബ ബന്ധത്തിന്റെയും സഹോദര ബന്ധത്തിന്റെയും പിതൃ-പുത്ര ബന്ധത്തിന്റെയും ഒക്കെ സന്ദേശം നല്‍കുന്നുണ്ടെന്നാണ് സിപിഎം ബുദ്ധിജീവികളുടെ പുതിയ കണ്ടെത്തല്‍. ആ സന്ദേശം ശരിക്കും ഉള്‍ക്കൊണ്ടതുകൊണ്ടായിരിക്കണമല്ലോ അവര്‍ സ്വന്തം മക്കളെത്തന്നെ തള്ളിപ്പറയുന്നത്. സിപിഎമ്മിന്റെ മാനസപുത്രനോ പുത്രിയോ ഒക്കെയായ സംസ്‌കൃത സംഘവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവം. അത്തരക്കാര്‍ക്ക് സ്വന്തം വാക്കിനേത്തന്നെ തള്ളിക്കളയാന്‍ വല്ല മന:സ്സാക്ഷിക്കുത്തുമുണ്ടാകുമോ?. 

നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ അവര്‍ക്ക് മണ്ണും മനസ്സും മക്കളും വില്‍പ്പനച്ചരക്കാകും. ആ അവസ്ഥയിലാണ് സിപിഎം ഇപ്പോള്‍. ക്ഷേത്രങ്ങളില്‍നിന്നും വിശ്വാസങ്ങളില്‍നിന്നും പുരാണങ്ങളില്‍നിന്നും ഹിന്ദുക്കളിലെ വിശ്വാസസമൂഹത്തെ അകറ്റാന്‍ പറ്റില്ലെന്ന തിരിച്ചറിവില്‍ നിന്നായിരിക്കണം ഈ പുതിയ ബോധോദയം. കീഴടക്കാനാവില്ലെങ്കില്‍ കാലില്‍ വീഴുക എന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നത്. വീഴുന്നത് കാലുപിടിക്കാനോ കാലുവാരാനോ എന്നേ അറിയാനുള്ളു. വിശകലന വൈകൃതത്തിലൂടെ ഒരു മഹത് ഗ്രന്ഥത്തെ അവഹേളിക്കാനായിരിക്കും ഇനി ശ്രമം. അതുകേള്‍ക്കുമ്പോള്‍ വിവരമുള്ളവര്‍ക്ക് മനസ്സിലാകും, രാമായണത്തിന്റെ അന്തസ്സത്ത മനസ്സിലാക്കാന്‍ സഖാക്കള്‍ ഇനിയും ഏഴു ജന്മം ജനിക്കണമെന്ന്. 

ഏതായാലും, ഹിന്ദുക്കളുടെ കാര്യത്തിലേ ഈ ഉത്സാഹം മുസ്ലീമുകളുടെ കാര്യത്തിലും സഖാക്കള്‍ കാണിക്കണം. ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ ഒരു അറബി സംഘം കൂടി രൂപീകരിക്കുന്നതു കാണാന്‍ കാത്തിരിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.