സ്വവര്‍ഗരതി നിയമവിധേയമാകണമെന്ന് സുപ്രീംകോടതി

Friday 13 July 2018 3:07 am IST
പ്രകൃതിയും വികൃതിയും പരസ്പരപൂരകമായി നിലനില്‍ക്കുന്നതാണ് പ്രപഞ്ചമെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞു. നൂറുകണക്കിന് ജീവജാലങ്ങള്‍ ഒരേ ലിംഗത്തിലുള്ള സഹജീവികളുമായി വേഴ്ച നടത്തുന്നുണ്ട്. രക്ഷിതാക്കളുടേയും സമൂഹത്തിന്റെയും വലിയ സമ്മര്‍ദമാണ് സ്വവര്‍ഗാനുരാഗികള്‍ക്ക് നേരിടേണ്ടിവരുന്നത്.

ന്യൂദല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാകേണ്ടതാണെന്നും അതുവഴി സ്വവര്‍ഗാനുരാഗികള്‍ സമൂഹത്തില്‍ നേരിടുന്ന അപമാനത്തിന് അവസാനമുണ്ടാകുമെന്നും സുപ്രീംകോടതി. നഗര-ഗ്രാമങ്ങളില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് ചികിത്സാ നിഷേധം പോലും നേരിടേണ്ടിവരുന്നതായും കോടതി നിരീക്ഷിച്ചു. സ്വവര്‍ഗരതി നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ വാദം ചൊവ്വാഴ്ച പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. 

 പ്രകൃതിയും വികൃതിയും പരസ്പരപൂരകമായി നിലനില്‍ക്കുന്നതാണ് പ്രപഞ്ചമെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പറഞ്ഞു. നൂറുകണക്കിന് ജീവജാലങ്ങള്‍ ഒരേ ലിംഗത്തിലുള്ള സഹജീവികളുമായി വേഴ്ച നടത്തുന്നുണ്ട്. രക്ഷിതാക്കളുടേയും സമൂഹത്തിന്റെയും വലിയ സമ്മര്‍ദമാണ് സ്വവര്‍ഗാനുരാഗികള്‍ക്ക് നേരിടേണ്ടിവരുന്നത്. ഇത്തരം സമ്മര്‍ദങ്ങള്‍ കാരണമാണ് അവര്‍ക്ക് വിവാഹം കഴിച്ച് ഭിന്ന ലൈംഗികതയ്ക്ക് വിധേയരാവേണ്ടിവരുന്നതെന്നും ഇന്ദു മല്‍ഹോത്ര വാദത്തിനിടെ കൂട്ടിച്ചേര്‍ത്തു. 

ഒരു വ്യക്തിയുടെ ലൈംഗിക അഭിരുചി മറ്റൊരു വ്യക്തിയില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ലൈംഗിക അവകാശം മാത്രം സംരക്ഷിക്കണമെന്നല്ല ഭരണഘടന പറയുന്നത്, ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഹിന്ദുഗ്രന്ഥങ്ങള്‍ പ്രകാരം ആത്മീയ ദര്‍ശന മേഖലകളിലെ പരാമര്‍ശങ്ങളെ ലൈംഗികതയിലേക്കും സ്വവര്‍ഗ ലൈംഗികതയിലേക്കും വലിച്ചിഴയ്‌ക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. സ്വവര്‍ഗരതി ഇന്ത്യയുടെ പുരാതന സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണെന്നും ഇന്ത്യയ്ക്ക് അന്യമായ കാര്യമല്ലെന്നും മുന്‍ അറ്റോര്‍ണി ജനറല്‍ അശോക് ദേശായി ചൂണ്ടിക്കാട്ടി. 

377-ാം വകുപ്പ് കാരണം സ്വവര്‍ഗ പങ്കാളികള്‍ അടങ്ങുന്ന വിഭാഗം കടുത്ത അവകാശ ലംഘനങ്ങള്‍ നേരിടുന്നതായി സുപ്രീംകോടതി നിരീക്ഷിച്ചു. സ്വവര്‍ഗാനുരാഗികളോട് സമൂഹം കാണിക്കുന്ന വിവേചനം അവരെ മാനസികമായി ബാധിച്ചിരിക്കുന്നതായും കോടതി പറഞ്ഞു. സ്വവര്‍ഗരതി പാടില്ലെന്ന നിലപാടുമായി ഹര്‍ജി നല്‍കിയ ക്രൈസ്തവ സംഘടനകളുടെ വാദം ചൊവ്വാഴ്ച നടക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.