ഗവാസ്‌കര്‍ വിവാദം : കേസുകള്‍ ഒരുമിച്ച് പരിഗണിക്കും

Friday 13 July 2018 4:10 am IST

കൊച്ചി : പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ വിവാദവുമായി ബന്ധപ്പെട്ട കേസുകള്‍ ഒരുമിച്ച് പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനം.

ഗവാസ്‌കറെ  മര്‍ദിച്ചെന്ന കേസ് റദ്ദാക്കാന്‍ എഡിജിപിയുടെ മകള്‍ സ്നിഗ്ധയും,  താന്‍ മര്‍ദിച്ചുവെന്ന കേസ് റദ്ദാക്കാന്‍ ഗവാസ്‌കറും  നല്‍കിയ ഹര്‍ജികളാണ് ് ഒരുമിച്ച് പരിഗണിക്കുക.  ഇതു തീരുമാനിക്കാന്‍ ഫയലുകള്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുമ്പാകെ സമര്‍പ്പിക്കാന്‍ സിംഗിള്‍ ബെഞ്ച് ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി. 

ഗവാസ്‌കര്‍ നല്‍കിയ  കേസ് റദ്ദാക്കാന്‍ സ്നിഗ്ധ കുമാര്‍ നല്‍കിയ ഹര്‍ജിയാണ് ഇന്നലെ സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. ഗവാസ്‌കര്‍ തന്നെ കടന്ന് പിടിച്ചപ്പോഴാണ് തിരിച്ചു തള്ളിയതെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. എന്നാല്‍ തള്ളിയതാണോ മര്‍ദിച്ചതാണോ എന്നത് അന്വേഷണത്തില്‍ കണ്ടെത്തട്ടേയെന്നും എന്തിനാണ് ആശങ്കയെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു.  അന്വേഷണം നടത്തും മുമ്പ് ഒരു കേസില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുമായി കേസ് റദ്ദാക്കാനെത്തിയാല്‍ അനുവദിക്കരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. 

പക്ഷേ, സ്നിഗ്ധ നല്‍കിയ പരാതിയിലെ കേസ് റദ്ദാക്കാന്‍ ഗവാസ്‌കര്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഈ നിലപാടല്ല സ്വീകരിച്ചതെന്നും ഇതു മറ്റൊരു ബെഞ്ചിലാണെന്നും ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് രണ്ടു ഹര്‍ജികളും ഒരേ വിഷയം ആയതിനാല്‍ ഒരുമിച്ചു പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.