നെല്ലുസംഭരണവുമായി സഹ.ബാങ്കുകള്‍

Friday 13 July 2018 4:10 am IST

പാലക്കാട്: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെയും അത് കൈകാര്യം ചെയ്യുന്ന സിപിഐ നേതാക്കളുടെയും എതിര്‍പ്പ്  അവഗണിച്ച് നെല്ലുസംഭരണവുമായി മുന്നോട്ടുപോകുമെന്ന് സഹകരണ ബാങ്കുകള്‍. ഇന്നലെ പാലക്കാട്ടു ചേര്‍ന്ന  സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിലാണ്  തീരുമാനം. ഇതോടെ കോടികളുടെ ഇടനിലക്കച്ചവടം നടക്കുന്ന നെല്ലുസംഭരണത്തിന്റെ കുത്തക സിപിഎം നിയന്ത്രണത്തിലാവാന്‍ സാധ്യതയേറി.

സഹകരണ ജോയിന്റ് രജിസ്ട്രാറാണ് യോഗം വിളിച്ചതെങ്കിലും കെ.വി. വിജയദാസ് എംഎല്‍എയും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് യോഗം വിളിച്ചത്. പണവും സംഭരണശാലയും പ്രശ്‌നമല്ലെന്നും  ഇടതുപക്ഷ എംഎല്‍എമാരുടെ ആവശ്യമാണ് നെല്ലുസംഭരണമെന്നുമാണ് നേതാക്കള്‍ യോഗത്തില്‍ വിശദീകരിച്ചത്. 

 പാലക്കാട്ടെ 80 ശതമാനത്തിലധികം ബാങ്കുകളും സിപിഎം നിയന്ത്രണത്തിലായതിനാല്‍ യോഗത്തില്‍ പങ്കെടുത്ത, കോണ്‍ഗ്രസ് ഭരണത്തിലുള്ള ബാങ്ക് പ്രസിഡന്റുമാര്‍ക്ക് കാര്യമായൊന്നും പറയാനുണ്ടായിരുന്നില്ല. എളപ്പുള്ളിയിലെ  പാഡിക്കോ മില്ലിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി നെല്ലുസംഭരണവും അരിയാക്കലും നടത്താനാണ് ഉദ്ദേശ്യം.  വലിയ ആരോപണങ്ങള്‍ നേരിടുന്ന സഹകരണ മില്ലാണിത്. 

  ഈ മാസം അവസാനം തിരുവനന്തപുരത്ത് സഹകരണ മന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ നെല്ലുസംഭരണക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും യോഗത്തില്‍  വിശദീകരിച്ചു.  സഹകരണമേഖല ശക്തിപ്പെടുത്തുകയെന്നത് പിണറായി സര്‍ക്കാരിന്റെ നയമായതിനാല്‍ ഇക്കാര്യത്തില്‍ സിപിഐയുടെ എതിര്‍പ്പ് വിലപ്പോകില്ലെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. അതേസമയം സപ്ലൈകോ വഴിയുള്ള നെല്ലുസംഭരണത്തിന് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വിന്യാസം ഏതാണ്ട് പൂര്‍ത്തിയായി. ആഗസ്റ്റ് 10ന് കര്‍ഷക രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.