വളച്ചൊടിക്കപ്പെട്ട ചരിത്രം മാരകായുധങ്ങളേക്കാള്‍ അപകടകരം: ഗവര്‍ണര്‍

Friday 13 July 2018 4:13 am IST

തിരുവനന്തപുരം: തലമുറകളെ വഴിതെറ്റിക്കുന്ന വളച്ചൊടിച്ച ചരിത്രം മാരകായുധങ്ങളേക്കാള്‍ അപകടകരമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കേരള ചരിത്രഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പണ്ഡിത ആദരം 2018' പരിപാടിയില്‍ ചരിത്രകാരന്മാരായ പ്രൊഫ. ടി.കെ. രവീന്ദ്രന്‍, പ്രൊഫ. എം.ജി.എസ്. നാരായണന്‍, ഡോ. കെ.എന്‍. പണിക്കര്‍ എന്നിവരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല വിദ്യാര്‍ഥികളും സ്‌കൂള്‍തലത്തിലുള്ള ചരിത്രപഠനത്തിനുശേഷം ബാക്കിയുള്ള കാലം അധികാര താല്‍പര്യങ്ങള്‍ക്കുവേണ്ടി ചരിത്രം വളച്ചൊടിക്കുന്നവരുടെ വ്യാഖ്യാനങ്ങള്‍ മനസ്സിലാക്കി ജീവിക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ, അധ്യാപകര്‍ക്ക് ചരിത്രപഠനത്തിനുള്ള ശരിയായ ദിശാബോധം നല്‍കാന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ പോലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.  

ചരിത്ര ഗവേഷണ കൗണ്‍സില്‍ ഇത്തരത്തില്‍ ഡിജിറ്റൈസേഷന്‍ നടപടികളുമായി മുന്നോട്ടുപോകുന്നതില്‍ സന്തോഷമുണ്ട്. 'ഹെറിറ്റേജ് അറ്റ്ലസ്' തയാറാക്കാനുള്ള കൗണ്‍സിലിന്റെ നടപടികള്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതാണ്. ഇക്കാര്യത്തില്‍ അക്കാദമിക സഹകരണം നല്‍കാന്‍ എല്ലാ സര്‍വകലാശാലകളോടും ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ അഭ്യര്‍ഥിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

പ്രൊഫ. എം.ജി.എസ്. നാരായണന്‍, ഡോ. കെ.എന്‍. പണിക്കര്‍ എന്നിവരെ ഗവര്‍ണര്‍ പൊന്നാടയണിയിച്ച,് ഉപഹാരം നല്‍കി ആദരിച്ചു. പ്രൊഫ. ടി.കെ. രവീന്ദ്രനുവേണ്ടി മകന്‍ രാജീവ് ആദരവ് ഏറ്റുവാങ്ങി. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.