നാഥനില്ലാതെ സംസ്ഥാനം; തോന്നിയപടി ജീവനക്കാര്‍

Friday 13 July 2018 4:15 am IST

തിരുവനന്തപുരം: മുഖ്യമന്ത്രി അമേരിക്കന്‍ സന്ദര്‍ശനത്തില്‍. ധനമന്ത്രി തോമസ് ഐസക്ക് ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട് അവധിയില്‍. സര്‍ക്കാര്‍ ജീവനക്കാരാകട്ടെ ഒപ്പിട്ട ശേഷം സമരത്തിലും. ആരും ചോദിക്കാന്‍ ഇല്ലാതായതോടെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തോന്നുംപടി.   

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളെ പിന്തുണച്ചും എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ ഇന്നലെ സെക്രട്ടേറിയറ്റ് നടയിലും   ജില്ലകള്‍ കേന്ദ്രീകരിച്ച് കളക്‌ട്രേറ്റിലേക്കും മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരുന്നു. ജീവനക്കാര്‍ ഓഫീസില്‍ എത്തി ഒപ്പു രേഖപ്പെടുത്തിയ ശേഷമാണ് ധര്‍ണയില്‍ പങ്കെടുത്തത്.  ഇതോടെ സംസ്ഥാനത്തെ എല്ലാ ഓഫീസുകളുടെയും പ്രവര്‍ത്തനം ഭാഗികമായി സ്തംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ മിക്ക ഓഫീസുകളുടെയും പ്രവര്‍ത്തനം പൂര്‍ണമായും  സ്തംഭിച്ചു.

വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് ധര്‍ണയില്‍ പങ്കെടുപ്പിച്ചത്. ഓഫീസിനു പുറത്തിറക്കിയ ശേഷം കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു നിര്‍ത്തി ജീവനക്കാരെ കയറ്റി വിട്ടു. സെക്രട്ടേറിയറ്റിനു മുന്നിലെത്തിയ ശേഷം ഇവര്‍ വീടുകളിലേക്ക് മടങ്ങി. ഹാജര്‍ രേഖപ്പെടുത്തിയ ശേഷം പുറത്ത് പോകണമെങ്കില്‍ ഓഫീസ് മേധാവിയുടെ അനുമതി വേണമെന്നിരിക്കെയാണ് ഒപ്പിട്ട ശേഷം സമരത്തിനെത്തിയത്. ജീവനക്കാരില്ലാത്തതിനാല്‍ വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം ഇന്നലെ വിവിധ ആവശ്യങ്ങളുമായി എത്തിയവര്‍ നിരാശരായി മടങ്ങി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടംതിരിയുമ്പോഴാണ്  ജീവനക്കാര്‍ ഒപ്പിട്ട ശേഷം സമരത്തിനു പോകുന്നത്. വിവിധ ഓഫീസുകള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നത് ധനവകുപ്പിന്റെ വരുമാനത്തില്‍ വലിയ ഇടിവ് ഉണ്ടാക്കും. നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്ത് ഇല്ല. പകരം ചുമതലയും നല്‍കിയിട്ടില്ല. ധനമന്ത്രി ചികിത്സയിലായതിനാല്‍ ഈ വകുപ്പിനും നിയന്ത്രണം ഇല്ല. ഓഫീസുകളുടെ നിയന്ത്രണം യൂണിയന്‍ നേതാക്കളുടെ കൈയിലും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.