ഇഎസ്‌ഐ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ആറു മാസം മുതല്‍ ലഭ്യമാകും

Friday 13 July 2018 4:16 am IST

ന്യൂദല്‍ഹി: തൊഴിലാളികള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങള്‍ അംഗത്വമെടുത്ത് ആറുമാസം മുതല്‍ ലഭ്യമാക്കാന്‍ ഇഎസ്‌ഐ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു. നിലവിലെ രണ്ടുവര്‍ഷത്തെ സമയപരിധിയാണ് ആറുമാസമാക്കി കുറച്ചത്. ആശ്രിതര്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ഒരുവര്‍ഷം മുതലും ലഭ്യമാകും. 

പ്രൈമറി ഹെല്‍ത്ത് കെയര്‍, സെക്കന്‍ഡറി ഹെല്‍ത്ത് കെയര്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ എന്നിങ്ങനെയാണ് ഇഎസ്‌ഐ അംഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നത്. ഇഎസ്‌ഐ അംഗത്തിന് മാരക രോഗങ്ങള്‍ വന്നാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ തേടുന്നതിന് തടസ്സമായുണ്ടായിരുന്ന കാലാവധി പ്രശ്‌നമാണ് ഇഎസ്‌ഐ ബോര്‍ഡ് യോഗം പരിഹരിച്ചത്. 

ഇഎസ്‌ഐ അംഗത്വത്തിനുള്ള ശമ്പള പരിധിയായ 21,000ത്തിന് മുകളില്‍ ശമ്പളം വാങ്ങുന്ന തൊഴിലാളികള്‍ക്കും ഇഎസ്‌ഐ അംഗമായി തുടരാനുള്ള ശുപാര്‍ശ ഇഎസ്‌ഐ സ്റ്റാന്റിംഗ് കമ്മിറ്റി കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി ഇഎസ്‌ഐ ബോര്‍ഡംഗം വി. രാധാകൃഷ്ണന്‍ അറിയിച്ചു. ശവസംസ്‌ക്കാര ചിലവിലേക്കായി ഇഎസ്‌ഐ നല്‍കുന്ന 10,000 രൂപ 25,000 ആയി ഉയര്‍ത്തണമെന്ന ശുപാര്‍ശയും സ്റ്റാന്റിംഗ് കമ്മിറ്റി നല്‍കിയിട്ടുണ്ട്. 

കൊല്ലം ഇഎസ്‌ഐ മോഡല്‍ ആശുപത്രിയുടെ വികസനത്തിനായി 26 കോടി രൂപയുടെ പ്രവര്‍ത്തനാനുമതി കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇഎസ്‌ഐ ബോര്‍ഡ് യോഗം നല്‍കിയിട്ടുണ്ട്. ഇരുന്നൂറ് കിടക്കകളുള്ള ആശുപത്രിയെ മുന്നൂറു കിടക്കകളുള്ളതാക്കി ഉയര്‍ത്തും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനം വികസിപ്പിക്കാനും ബോര്‍ഡ് യോഗം തീരുമാനിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.