മാധ്യമങ്ങളുടെ ഉപ്പുപ്പാ; മന്ത്രി ജലീലിന്റെ പ്രയോഗം വിവാദമാകുന്നു

Friday 13 July 2018 1:39 pm IST

കൊച്ചി: മാധ്യമങ്ങളുടെ ഉപ്പുപ്പാ എന്ന മന്ത്രി കെ.ടി. ജലീലിന്റെ പ്രയോഗം വിവാദമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ 'ഇരട്ടച്ചങ്ക്' ധൈര്യം വിവരിക്കുമ്പോഴാണ് മാധ്യമങ്ങള്‍ക്കെതിരേ ദുരര്‍ഥം പ്രകടപ്പിക്കുന്ന പ്രയോഗം തദ്ദേശസവയംഭരണവകുപ്പുമന്ത്രി നടത്തിയത്. പത്തനംതിട്ടയിലെ കൊടുമണ്ണില്‍ ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ചന്ത ഉദ്ഘാടനം ചെയ്യുകയായിരുന്നു.

'മാധ്യമങ്ങളെ പേടിച്ച് കേരളത്തില്‍ പല വികസന പ്രവര്‍ത്തനങ്ങളും വേണ്‌ടെന്നു വെച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങളല്ല, അവരുടെ ഉപ്പുപ്പ വന്നാലും പേടിക്കുന്ന ആളല്ല ഇപ്പോഴത്തെ മുഖ്യമന്ത്രി. ആരെങ്കിലും ഉമ്മാക്കി കാണിക്കാമെന്നുവച്ചാല്‍ ഒട്ടും പേടിക്കില്ല. വാതകപൈപ്പ്‌ലൈന്‍, ദേശീയപാത നിര്‍മാണം തുടങ്ങിയവയ്‌ക്കെതിരേ നാലുപേര്‍ നടത്തിയ സമരം പെരുപ്പിച്ചു കാട്ടി ആളെ ഇളക്കിവിടാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്' എന്ന് മന്ത്രി ജലീല്‍ പറഞ്ഞു.

മന്ത്രിയുടെ മണ്ഡലത്തിലായിരുന്നു ഈ പറഞ്ഞ രണ്ട് സമരവും. 

മന്ത്രി ചന്തയിലെത്തിയപ്പോള്‍ ചന്തഭാഷയെന്നും മറ്റുമുള്ള വിമര്‍ശനം കേള്‍വിക്കാരില്‍നിന്നുണ്ടായി. മുഖ്യമന്ത്രിയോടുള്ള കൂറു കാണിക്കാന്‍ നടത്തിയ അമിതാവേശമാകാം കാരണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. പത്രപ്രവര്‍ത്തക സംഘടനകളൊന്നും പ്രതികരിച്ചിട്ടില്ല. പിണറയി സര്‍ക്കാരിന്റെ മാധ്യമങ്ങളോടുള്ള നിലപാട് പ്രകടിപ്പിക്കുന്നതാണ് മന്ത്രിയുടെ ഉപ്പുപ്പാ പ്രയോഗമെന്നും അഭിപ്രായങ്ങളുണ്ട്.