കൊട്ടിയൂര്‍ പീഡനം: ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം ഗൗരവതരം

Friday 13 July 2018 2:13 pm IST

ന്യൂദല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതികളായ ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം ഗൗരവമുള്ളതെന്ന് സുപ്രീംകോടതി. കേസ് വാദം കേള്‍ക്കലിനായി ഈ മാസം 26ലേക്ക് മാറ്റി. വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് പരാമര്‍ശം. 

വിചാരണ ഓഗസ്റ്റ് ഒന്നിന് അഡീഷണ്‍ല്‍ സെഷന്‍സ് കോടതി (ഒന്ന്)യില്‍ ആരംഭിക്കും. കേസിലെ ഒന്നു മുതല്‍ 15 വരെ സാക്ഷികള്‍ക്ക് സമന്‍സ് അയയ്ക്കാന്‍ കോടതി ഉത്തരവായിരുന്നു. 16 വയസ്സുള്ള പെണ്‍കുട്ടിയെ പാതിരി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാ. റോബിന്‍ വടക്കുംചേരിക്ക് പുറമെ കുട്ടിയുടെ പ്രസവം നടന്ന കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും അഡ്മിനിസ്‌ട്രേറ്ററും വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി മുന്‍ ചെയര്‍മാന്‍, അംഗം, വൈത്തിരി അനാഥാലയത്തിലെ സിസ്റ്റര്‍, കോണ്‍വന്റിലെ അന്തേവാസികള്‍ എന്നിവരാണ് പ്രതികള്‍.

കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിടുതല്‍ ഹര്‍ജിയില്‍ തീര്‍പ്പാവുന്നതു വരെ വിചാരണ മാറ്റിവയ്ക്കണമെന്ന ഡോക്ടര്‍മാരുടെയും അഡ്മിനിസ്‌ട്രേറ്ററുടെയും അപേക്ഷ കോടതി തള്ളിയിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി 2017 ഫെബ്രുവരി ഏഴിനാണ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചത്. സംഭവം മറച്ചുവച്ചുവെന്നതാണ് മറ്റുള്ളവര്‍ക്കെതിരെയുള്ള കേസ്.

ഫെബ്രുവരി 26ന് ആണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 28ന് അറസ്റ്റിലായ ഫാ. റോബിന്‍ വടക്കുംചേരി അന്നുമുതല്‍ ജയിലിലാണ്. മറ്റു പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.