ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍ണിന് വന്‍ പിഴശിക്ഷ

Friday 13 July 2018 6:25 pm IST
കമ്പനിയുടെ ബേബി പൗഡര്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങൡ അസ്‌ബെസ്റ്റോസ് അടക്കമുള്ള കെമിക്കലുകള്‍ കലര്‍ത്തിയിട്ടുണ്ടെന്നും ഇത് തങ്ങള്‍ക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിക്കാന്‍ ഇടയാക്കിയെന്നുമായിരുന്നു സ്ത്രീകളുടെ പരാതി.

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴശിക്ഷ. ഇരുപത്തിരണ്ടു സ്ത്രീകളുടെ ഹര്‍ജി തീര്‍പ്പാക്കിയ മിസൗറി കോടതി 4.69 ബില്യണ്‍ ഡോളര്‍ പിഴ നല്‍കാനാണ് ഉത്തരവിട്ടത്. കമ്പനിയുടെ ബേബി പൗഡര്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങൡ അസ്‌ബെസ്റ്റോസ് അടക്കമുള്ള കെമിക്കലുകള്‍ കലര്‍ത്തിയിട്ടുണ്ടെന്നും ഇത് തങ്ങള്‍ക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിക്കാന്‍ ഇടയാക്കിയെന്നുമായിരുന്നു സ്ത്രീകളുടെ പരാതി. 

ഇതുവരെ വിവിധ രാജ്യങ്ങളില്‍ 9000 കേസുകള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഉത്പന്നങ്ങള്‍ക്കെതിരെ വന്നിട്ടുണ്ടെങ്കിലും ഇത്രയും വലിയ തുക പിഴ ചുമത്തുന്നത് ഇതാദ്യം. ഉത്പന്നങ്ങളില്‍ ശരീരത്തിനു ദോഷകരമായ കെമിക്കലുകളില്ല എന്ന് കമ്പനി ആവര്‍ത്തിച്ചു വാദിച്ചിട്ടും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മിസൗറിയിലെ സെന്റ് ലൂയിസ് സര്‍ക്യൂട്ട് കോടതി അതു തള്ളുകയായിരുന്നു. ഇരുപത്തിരണ്ടു സ്ത്രീകള്‍ക്കുമായി 550 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് 4.14 ബില്യണ്‍ ഡോളര്‍ പിഴ ഈടാക്കാനുമാണ് കോടതി ഉത്തരവിട്ടത്. 

എന്നാല്‍ വിധി പരിപൂര്‍ണമായും പക്ഷപാതപരമാണെന്നും അപ്പീല്‍ നല്‍കുമെന്നും കമ്പനി പ്രതികരിച്ചു. വിധിക്കു പിന്നാലെ അന്താരാഷ്ട്ര ഓഹരി വിപണിയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.  ഹര്‍ജി നല്‍കിയ സ്ത്രീകളും കമ്പനിയും അവതരിപ്പിച്ച പന്ത്രണ്ട് വിദഗ്ധരെ മൂന്നു മാസം വിസ്തരിച്ചതിനു ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. ദശാബ്ദങ്ങളായി തങ്ങളുടെ വിവിധ തലമുറകള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ബേബി പൗഡറും മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന് സ്ത്രീകള്‍ ചൂണ്ടിക്കാട്ടി.

ക്യാന്‍സര്‍ രോഗബാധയെത്തുടര്‍ന്നുള്ള പരിശോധനകളിലാണ് ആസ്ബസ്റ്റോസ് അടക്കമുള്ള കെമിക്കലുകള്‍ അതിനു കാരണമായെന്നു കണ്ടെത്തിയത്. സ്വന്തം ഉത്പന്നങ്ങളില്‍ കമ്പനി 1970 മുതല്‍ ആസ്‌ബെസ്റ്റോസ് ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് അതു സംബന്ധിച്ച് മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല, സ്ത്രീകളുടെ ഈ വാദം കോടതി അംഗീകരിച്ചു.

ജനങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നതിനു മുമ്പ് ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്നു പിന്‍വലിക്കാന്‍ കമ്പനി തയാറാകണമെന്ന് സ്ത്രീകള്‍ക്കു വേണ്ടി ഹാജരായ മുഖ്യ അഭിഭാഷകന്‍ മാര്‍ക് ലാനിയര്‍  വിധിക്കു ശേഷം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം വിധികള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും അപ്പീലുകളിലൂടെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ അതിനെയൊക്കെ അതിജീവിച്ചിട്ടുണ്ടെന്നും ഊ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.