ആത്മാവിനെ സാക്ഷാത്കരിക്കലാണ് ജീവിത ലക്ഷ്യം

Saturday 14 July 2018 2:19 am IST

ഒന്നാം അദ്ധ്യായത്തില്‍ പുരുഷവിധ ബ്രാഹ്മണമാണ് നാലാമത്തേത്. പ്രപഞ്ച സൃഷ്ടിയെ പറ്റിയുള്ള വിവരണത്തില്‍ പുരുഷവിധനായ ഒരേ ആത്മാവ് തന്നെയാണ് ഈ പ്രപഞ്ചമായി തീര്‍ന്നതെന്ന് വ്യക്തമാക്കുന്നു. ആ ആത്മാവിനെ സാക്ഷാത്കരിക്കലാണ് ജീവിത ലക്ഷ്യം. ഞാന്‍ ബ്രഹ്മമാണ് എന്ന അനുഭവ വാക്യമായ 'അഹം ബ്രഹ്മാസി' മഹാവാക്യം ഇവിടെയാണ്.

സപ്താന്ന ബ്രാഹ്മണമാണ് അഞ്ചാമത്. ഇതില്‍ 7 വിധത്തിലുള്ള അന്നങ്ങളെ പറയുന്നു. അദ്ധ്യാത്മ, അധിദൈവത പ്രാണോപാസനയേയും ബ്രാഹ്മണം വിശദമാക്കുന്നു.

ആറാം ബ്രാഹ്മണത്തില്‍ നാമ രൂപ കര്‍മങ്ങളാല്‍ പരിച്ഛിന്നമായ പ്രപഞ്ചത്തില്‍ നിന്നും അപരിച്ഛിന്നമായ ആത്മാവിലേക്ക് ഉയരാനുള നിര്‍ദേശമാണ്. അതിന് ആത്മാവിനെ ഉപാസിച്ച് സാക്ഷാത്കരിക്കാന്‍ യത്‌നിക്കണമെന്ന് പറയുന്നു.

 രണ്ടാമത്തെ അദ്ധ്യായത്തിലും 6 ബ്രാഹ്മണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാം ബ്രാഹ്മണമായ അജാതശത്രു ബ്രാഹ്മണം ഒരു കഥയോടെ തുടങ്ങുന്നു. ഗര്‍ഗ ഗോത്രത്തിലുള്ള ദൃപ്

ത ബാലാകി എന്ന ബ്രാഹ്മണന്‍ അജാതശത്രു എന്ന രാജാവിന് ജ്ഞാനം ഉപദേശിക്കാന്‍ ചെല്ലുന്നു. താന്‍ വലിയ അറിവുള്ളയാളാണ് എന്ന് ധരിച്ചിരുന്ന ബാലാകി രാജാവിന്റെ അറിവിന് മുന്നില്‍ നിഷ്പ്രഭനായി. ബാലാകി പറയുന്നതെല്ലാം  രാജാവിന് അറിയാവുന്നതായിരുന്നു. തനിക്ക് പരബ്രഹ്മ തത്ത്വത്തെക്കുറിച്ച് ഒന്നുമറിയില്ല എന്ന് തിരിച്ചറിഞ്ഞ ബാലാകി അഹങ്കാരം വെടിഞ്ഞ് വിനയമുള്ളവനായി. അജാതശത്രു തന്നെ ബാലാകിക്ക് ആത്മജ്ഞാനം ഉപദേശിച്ചു കൊടുത്തു.

 വ്യാവഹാരിക സത്യത്തില്‍ നിന്ന് പാരമാര്‍ഥിക സത്യത്തിലേക്ക് ഉയര്‍ത്തുന്ന ഉപദേശങ്ങളാണിവ.

രണ്ടാം ബ്രാഹ്മണത്തില്‍ പ്രാണനെ ഒരു കന്നുകുട്ടിയായി സങ്കല്പിച്ചുള്ള ഉപാസനയെ പറയുന്നു.

മൂന്നാം ബ്രാഹ്മണത്തില്‍ ബ്രഹ്മത്തിന്റെ മൂര്‍ത്ത, അമൂര്‍ത്തവുമായ ഭാവങ്ങളെ വിശദമാക്കുന്നു. അഗ്‌നി, ജലം, പൃ

ഥ്വി എന്നത് മൂര്‍ത്തമായവയാണ്. വായുവും ആകാശവും അമൂര്‍ത്തവുമാണ്. ഇവയെയൊക്കെ നേതി, നേതി അഥവാ ഇതൊന്നുമല്ല, ഇതൊന്നുമല്ല എന്ന് പറഞ്ഞ് തളളി പരമസത്യത്തിലെത്തണം.

 നാലാം ബ്രാഹ്മണത്തിലാണ് യാജ്ഞവല്‍ക്യന്‍ മൈത്രേയിക്ക് ഉപദേശം നല്‍കുന്നത്. സന്ന്യാസത്തിന് തയ്യാറാവുന്ന യാജ്ഞവല്‍ക്യന്‍ തന്റെ സ്വത്തെല്ലാം ഭാര്യമാരായ മൈത്രേയി, കാത്യായനി എന്നിവര്‍ക്ക് കൊടുക്കാമെന്ന് തീരുമാനിക്കുന്നു.

അമൃതത്വത്തെ നേടിത്തരാത്ത സമ്പത്ത് വേണ്ട എന്ന് പറഞ്ഞ് മൈത്രേയി നിരസിച്ചു. അമൃതത്വ സാധനമായ ആത്മജ്ഞാനത്തെ ഉപദേശിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യാജ്ഞവല്‍ക്യന്‍ മൈത്രേയിക്ക് ജ്ഞാനോപദേശം നല്‍കുന്നു.

 എല്ലാവരും അവരവരെത്തന്നെയാണ് ഏറ്റവും അധികം സ്‌നേഹിക്കുന്നത്. എല്ലാ സ്‌നേഹങ്ങളും എനിക്ക് വേണ്ടിയാണ്. ഞാന്‍ എന്ന ആത്മാവാണ് പ്രേമത്തിന് ആസ്പദമായി നില്‍ക്കുന്നത്. ശ്രവണം, മനനം, നിദിധ്യാസനം എന്നിവയിലൂടെ ആത്മാവിനെ സാക്ഷാത്കരിക്കണം. ആത്മാവിനെ അറിഞ്ഞാല്‍ ലോകത്തിലെ സകലതും അറിഞ്ഞു എന്നത് ഇവിടെ കാണാം.

 മധു ബ്രാഹ്മണമാണ് അഞ്ചാമത്. രഥചക്രത്തിന്റെ ആരക്കാലുകള്‍ നടക്കുള്ള നാഭിയില്‍ ചേര്‍ത്തിരിക്കുന്നതു പോലെ പഞ്ചഭൂതങ്ങും പ്രപഞ്ചത്തിലെ സര്‍വതും ആത്മാവിനോട് ചേര്‍ത്തിരിക്കുന്നു. ഇവയെല്ലാം പരസ്പരം സഹകരിച്ച് വര്‍ത്തിക്കുന്നു. ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന്  ഉറപ്പിച്ച് പറയുന്നു. മായ കാരണം പലതായി തോന്നുന്നതാണെന്നറിയണം.

ബ്രഹ്മാവ് മുതല്‍ ഉള്ള വംശ പരമ്പരയെ ആറാമത്തെ വംശ ബ്രാഹ്മണത്തില്‍ വിവരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.