പിഡിപിയെ പിളര്‍ത്തിയാല്‍ ഗുരുതര ഭവിഷ്യത്ത്: മെഹബൂബ

Friday 13 July 2018 7:53 pm IST

ന്യൂദല്‍ഹി: പിഡിപിയെ പിളര്‍ത്തിയാല്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കേന്ദ്രസര്‍ക്കാര്‍ 1987 ആവര്‍ത്തിക്കരുതെന്നും മറ്റൊരു യാസിന്‍ മാലിക്കിനും സലാഹുദ്ദീനും ജന്മം നല്‍കരുതെന്നും മെഹബൂബ മുന്നറിയിപ്പ് നല്‍കി. കശ്മീരിലെ ജനങ്ങളെ പിളര്‍ത്താനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ നടത്തരുതെന്നും മെഹബൂബ പറഞ്ഞു.

ജമ്മു കശ്മീരിലെ സര്‍ക്കാരില്‍ നിന്നാണ് ബിജെപി പിന്മാറിയിരിക്കുന്നതെന്നും പിഡിപിയെ പിളര്‍ത്തുകയെന്നത് ബിജെപിയുടെ ജോലിയല്ലെന്നും കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രതികരിച്ചു. പിഡിപി ഉന്നയിക്കുന്ന ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

പിഡിപിയെ പിളര്‍ത്തിയാല്‍ കശ്മീരില്‍ ഭീകരവാദം ശക്തിപ്പെടുമെന്ന മെഹബൂബയുടെ വാക്കുകള്‍ക്കെതിരെ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള രംഗത്തെത്തി. പിഡിപിയുടെ ഭരണകാലത്ത് കശ്മീരില്‍ ഭീകരവാദം വീണ്ടും പുനര്‍ജനിച്ചെന്നും കശ്മീരികളെ വിഭജിക്കുന്നതിനായി ദല്‍ഹിയുടെ സൃഷ്ടിയാണ് പിഡിപിയെന്നും ഒമര്‍ കുറ്റപ്പെടുത്തി. 

പതിനഞ്ചോളം പിഡിപി എംഎല്‍എമാര്‍ മെഹബൂബയ്‌ക്കെതിരെ വിമത നീക്കവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പിഡിപി വിമതരുടെ പിന്തുണയോടെ സംസ്ഥാനത്ത് ബിജെപി മുഖ്യമന്ത്രി അധികാരത്തിലെത്തുന്ന സ്ഥിതിവിശേഷം സംജാതമായി. ഇതിനെതിരായണ് പിഡിപി നേതാവ് മെഹബൂബ ഭീഷണിയുമായി രംഗത്തെത്തിയത്. മുന്‍ ഉപമുഖ്യമന്ത്രി നിര്‍മ്മല്‍ സിങ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് കശ്മീരിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.