മതം മാറിയവര്‍ക്ക് പ്രത്യേക അതോറിറ്റി ചട്ടം ഉടന്‍

Saturday 14 July 2018 2:38 am IST

കൊച്ചി: ഇസ്ലാമിലേക്ക് മതം മാറിയവര്‍ക്ക് അതു സംബന്ധിച്ച രേഖയും അംഗീകാരവും നല്‍കാന്‍ പ്രത്യേക അതോറിറ്റിക്ക് രൂപം നല്‍കുന്ന ചട്ടം മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ സിംഗിള്‍ ബെഞ്ച,് ഹര്‍ജി തീര്‍പ്പാക്കി. 1937ലെ മുസ്ലിം വ്യക്തി നിയമത്തിലെ (ശരിയത്ത്) നാലാം വകുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് പ്രത്യേക അതോറിറ്റിയുണ്ടാക്കുന്ന കാര്യം പറയുന്നത്. ഈ ചട്ടം മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.  ക്രിസ്ത്യാനിയായിരുന്ന ഹര്‍ജിക്കാരന്‍ മൂന്ന് വര്‍ഷം മുമ്പ് ഇസ്ലാം മതം സ്വീകരിച്ച് അബു ത്വാലിബ് എന്ന പേരു സ്വീകരിച്ചു. 

ഭാര്യയും മക്കളും ക്രിസ്തുമത വിശ്വാസികളാണ്. താന്‍ ഇസ്ലാം മതത്തിലെ ആചാരങ്ങള്‍ക്കനുസരിച്ചാണ് ജീവിക്കുന്നതെങ്കിലും ഇസ്ലാം മതവിശ്വാസിയെന്ന ഔദ്യോഗിക രേഖകളില്ലെന്നാണ് ഹര്‍ജിക്കാരന്റെ പരാതി. മതം മാറ്റം അംഗീകരിക്കാനുള്ള നിയമം സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. 

പൊന്നാനിയിലും കോഴിക്കോട്ടും മതം മാറ്റം സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രണ്ട് സ്ഥാപനങ്ങളുണ്ടെങ്കിലും മുസ്ലിം വ്യക്തി നിയമപ്രകാരം ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാധുതയുള്ള രേഖകളല്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴ സ്വദേശി തദേവൂസ് എന്ന അബു ത്വാലിബ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.