ഗുഹയുടെ ഇരുട്ടില്‍ നിന്ന് പ്രശസ്തിയുടെ പ്രകാശത്തിലേക്ക്

Saturday 14 July 2018 3:25 am IST
ഒരു സിനിമയ്ക്കു വേണ്ട ചേരുവകളെല്ലാമായതോടെ ഹോളിവുഡില്‍ സിനിമ പിടിക്കാനുള്ള ഒരുക്കം തകൃതിയായി. രണ്ടു നിര്‍മാണക്കമ്പനികളാണ് രക്ഷാദൗത്യവും ഒറ്റപ്പെടലും സിനിമയാക്കാനൊരുങ്ങുന്നത്. ലോക ശ്രദ്ധനേടിയ രക്ഷാദൗത്യം മ്യൂസിയമുണ്ടാക്കി, പുനരവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തായ് അധികൃതര്‍. കുട്ടികള്‍ പൂര്‍ണാരോഗ്യത്തോടെ തിരികെയെത്തുന്നതും കാത്ത് അവരെ പ്രവേശിപ്പിച്ച ചിയാങ്ങ് റായിലെ ആശുപത്രിക്ക് പുറത്ത് അക്ഷമരായിരിക്കുകയാണ് ലോക മാധ്യമങ്ങള്‍.

ബാങ്കോക്ക്: ചളിയും ഇരുട്ടും നിറഞ്ഞൊരു ഗുഹയും അതിലകപ്പെട്ട 12 കുട്ടികളും തായ്‌ലന്‍ഡ് കടന്ന് ലോകമെങ്ങും നിറഞ്ഞ വാര്‍ത്തയും കാഴ്ചയുമായിട്ട് ഏറെനാളായില്ല. മരണക്കയം നീന്തി അവര്‍ ജീവിതത്തിലേക്ക് തിരികെയെത്തിയതോടെ അവരെ കാത്തിരുന്നത് ലോകമറിയുന്ന താരപരിവേഷം. 

ഒരു സിനിമയ്ക്കു വേണ്ട ചേരുവകളെല്ലാമായതോടെ ഹോളിവുഡില്‍ സിനിമ പിടിക്കാനുള്ള ഒരുക്കം തകൃതിയായി. രണ്ടു നിര്‍മാണക്കമ്പനികളാണ് രക്ഷാദൗത്യവും ഒറ്റപ്പെടലും സിനിമയാക്കാനൊരുങ്ങുന്നത്. ലോക ശ്രദ്ധനേടിയ രക്ഷാദൗത്യം മ്യൂസിയമുണ്ടാക്കി, പുനരവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തായ് അധികൃതര്‍. കുട്ടികള്‍ പൂര്‍ണാരോഗ്യത്തോടെ തിരികെയെത്തുന്നതും കാത്ത് അവരെ പ്രവേശിപ്പിച്ച ചിയാങ്ങ് റായിലെ ആശുപത്രിക്ക് പുറത്ത് അക്ഷമരായിരിക്കുകയാണ് ലോക മാധ്യമങ്ങള്‍. 

എന്നാല്‍ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായി 'അവരെ അവരുടെ പാട്ടിന് വിട്ടേക്കാ'നാണ് തായ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓചയുടെ അഭ്യര്‍ഥന. 

കനത്ത മഴയെത്തുടര്‍ന്ന് ചെളിയും വെള്ളവും മൂടി ഗുഹാമുഖം അടഞ്ഞു തുടങ്ങിയതോടെയാണ് 'വൈല്‍ഡ് ബോര്‍' എന്ന കുട്ടികളുടെ ഫുട്‌ബോള്‍ സംഘവും അവരുടെ പരിശീലകനും ലോകശ്രദ്ധ നേടിയത്. തുടര്‍ന്ന് വിദേശ രാജ്യങ്ങളുടെ സഹായത്തോടെ തായ്‌ലന്‍ഡ് നടത്തിയ രക്ഷാ ദൗത്യങ്ങളുടെ ഓരോ നിമിഷവും ലോകം വീക്ഷിച്ചു. ഒടുവില്‍  പതിമൂന്നു പേരെയും സാഹസികമായി പുറത്തെത്തിച്ചു. ഒരാഴ്ചത്തെ ആശുപത്രി വാസവും വീട്ടില്‍ ഒരു മാസത്തെ വിശ്രമവുമാണ് കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

കുട്ടികള്‍ തിരികെയെത്തിയതും ലോകം മുഴുവന്‍ അവരുടെ തിരിച്ചു വരവിനായി പ്രാര്‍ഥിച്ചതുമെല്ലാം നന്മയോടെ ഓര്‍ക്കുകയാണ് കുട്ടികളുടെ കുടുംബാംഗങ്ങള്‍. അവന്‍ ഒറ്റപ്പട്ടു പോയപ്പോള്‍ ലോകം മുഴുവന്‍ സഹായത്തിനെത്തിയെന്ന സന്തോഷം പങ്കു വെയ്ക്കുകയാണ് വൈല്‍ഡ് ബോര്‍സ് ക്യാപ്റ്റന്‍ ദുവാങ്ങ് പെച്ച് പ്രോംതെപിന്റെ മുത്തശ്ശി, ഖാം ഒയെ പ്രോംതെപ്. കൊച്ചു മകന്‍ നല്ലവനായി വളരണമെന്ന പ്രാര്‍ഥനയാണ് മുത്തശ്ശിക്ക്. 

അമിത സമ്മര്‍ദങ്ങളില്ലാതെ, 'സെലിബ്രിറ്റി' പരിവേഷത്തിനപ്പുറം കുട്ടികള്‍ക്ക് അവരുടെ സാധാരണ ജീവിതമാണ് ഇപ്പോള്‍ ആവശ്യമെന്നാണ് ലണ്ടനിലെ കിങ്ങ്‌സ് കോളേജ് മനഃശാസ്ത്രജ്ഞ ഡോ. ആന്‍ഡ്രിയ ഡാനസിന്റെ അഭിപ്രായം. വിഷാദം, ഉത്കണ്ഠ, സമ്മര്‍ദം തുടങ്ങി നാളുകള്‍ നീണ്ട മാനസിക പ്രശ്‌നങ്ങള്‍ക്ക് കുട്ടികള്‍ അടിമപ്പെട്ടേക്കാമെന്നും ആന്‍ഡ്രിയ അഭിപ്രായപ്പെടുന്നു. കുട്ടികള്‍ ആശുപത്രി വിട്ടിറങ്ങുമ്പോള്‍ അവരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറെടക്കുന്ന മാധ്യമപ്രവര്‍ത്തകരെയെല്ലാം വിലക്കിയിരിക്കുകയാണ് തായ് അധികൃതര്‍. 

മൂന്ന് വര്‍ഷം മുമ്പ് ചിലിയിലെ സാന്‍ജോസ് സ്വര്‍ണഖനിയില്‍ 33  തൊഴിലാളികള്‍ 69 ദിവസം അകപ്പെട്ടത് ഇതിന് സമാനമായ സംഭവമായിരുന്നു. അന്ന് ഖനിയില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നല്‍കുന്നൊരു ഉപദേശമുണ്ട്. കുട്ടികളെ അഭിഭാഷകരോ മാധ്യമപ്രവര്‍ത്തകരോ ആയി തനിയെ ബന്ധപ്പെടാന്‍ അനുവദിക്കരുതെന്ന്. 

ഖനി അപകടത്തെ പ്രമേയമാക്കി തൊഴിലാളികളുമായി ചര്‍ച്ച ചെയ്ത് നിര്‍മിച്ച സിനിമയായിരുന്നു അന്റോണിയോ ബാന്ററാസ് അഭിനയിച്ച 'ദി 33'. ഖനിത്തൊഴിലാളികളും അവരുടെ അഭിഭാഷകരും തമ്മില്‍ സിനിമയിലെ ലാഭത്തെച്ചൊല്ലിയുള്ള തര്‍ക്കം നിയമനടപടികളിലാണ് കലാശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.