സ്വത്ത് തട്ടിപ്പ്: തഹസീല്‍ ദാറെയും വില്ലേജ് ഓഫീസറെയും പ്രതിചേര്‍ത്തു

Friday 13 July 2018 9:46 pm IST

 

പയ്യന്നൂര്‍: തളിപ്പറമ്പ് തൃച്ഛംബരത്തെ റിട്ട.ഡെപ്യൂട്ടി സഹകരണ രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസില്‍ തളിപ്പറമ്പ് മുന്‍ തഹസീല്‍ദാറെയും അന്നത്തെ വില്ലേജ് ഓഫീസറെയും അന്വേഷണ സംഘം പ്രതിചേര്‍ത്ത് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തളിപ്പറമ്പിലെ മുന്‍ തഹസീല്‍ദാര്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അസ്‌ലം, മുന്‍ തളിപ്പറമ്പ് വില്ലേജ് ഓഫീസര്‍ കരിമ്പത്തെ കെ.വി.അബ്ദുള്‍ റഷീദ് എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തത്. കൃത്രിമരേഖകള്‍ ചമക്കുന്നതിന് പയ്യന്നൂരിലെ അഭിഭാഷകക്കും സംഘത്തിനും ഒത്താശചെയ്തുകൊടുത്തു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഇവരെ കൂടി പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

വിവാഹ സര്‍ട്ടിഫിക്കറ്റ്, വിവാഹ ഫോട്ടോ, മറ്റ് വ്യാജരേഖ എന്നിവ സ്വത്ത് തട്ടിപ്പിന് വേണ്ടി കൃത്രിമമായി നിര്‍മ്മിച്ച് നല്‍കിയവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നിര്‍ദ്ദേശാനുസരണമാണ് കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് വേഗത കൂടിയത്. 

തിരുവനന്തപുരത്തെ റിട്ട.ഡെപ്യൂട്ടി സഹകരണ രജിസ്ട്രാര്‍ തൃച്ഛംബരത്തെ ബാലകൃഷ്ണന്റെ മരണം, അദ്ദേഹത്തിന്റെ കോടികള്‍ ആസ്തിയുള്ള സ്വത്ത് വകകള്‍ തട്ടിയെടുക്കുന്നതിനായി ആസൂത്രണം ചെയ്തതാണെന്ന സംശയത്തെതുടര്‍ന്നുള്ള അന്വേഷണമാണ് ബാലകൃഷ്ണന്റെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവന്നത്. 

കേസില്‍ പയ്യന്നൂരിലെ ഒരു പ്രമുഖ അഭിഭാഷകനുള്ള പങ്കും തെളിഞ്ഞിട്ടുണ്ട്. ഇയാളെയും പ്രതിചേര്‍ക്കുമെന്നാണ് പോലീസ് നല്‍കിയ സൂചന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.