ഇരിട്ടി ടൗണിലെ അനധികൃത പാര്‍ക്കിങ് കര്‍ശന നടപടിയുമായി പോലീസ്

Friday 13 July 2018 9:47 pm IST

 

ഇരിട്ടി: ടൗണില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി ഇരിട്ടി പോലീസ്. ഒരടിസ്ഥാനവുമില്ലാതെ തലങ്ങും വിലങ്ങും ഇടുന്ന വലുതും ചെറുതുമായ വാഹനങ്ങള്‍ മൂലം ഇരിട്ടി നഗരത്തില്‍ അടിക്കടിയുണ്ടാവുന്ന വാഹനക്കുരുക്ക് കണക്കിലെടുത്താണ് പോലീസ് ഇതിനെതിരെ രംഗത്തു വന്നത്. ഓരോ ദിവസവുംഅനധികൃതമായി പാര്‍ക്ക് ചെയ്ത 30 ലേറെ വാഹനങ്ങള്‍ക്കാണ് പിഴ ഈടാക്കുന്നത്. 

നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ക്ക് സമീപം നിര്‍ത്തിയിട്ട വാഹനങ്ങളും ഒപ്പം ഗതാഗത തടസം സൃഷ്ടിച്ച് ടൗണില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെയും കണ്ടെത്തിയാണ് പിഴ ഈടാക്കുന്നത് . അനധികൃത പാര്‍ക്കിംഗ് കണ്ടെത്തുന്നതിന് മാത്രമായി ടൗണില്‍ 2പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മേലെ സ്റ്റാന്‍ഡ് മുതല്‍ പയഞ്ചേരിമുക്ക് വരെയും ,പുതിയ ബസ് സ്റ്റാന്‍ഡിലെ വണ്‍ വേ റോഡിലും അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഒരാഴ്ചക്കുള്ളില്‍ നൂറിലേറെ വാഹനങ്ങള്‍ക്കാണ് പിഴ ഈടാക്കിയത്. 

സ്റ്റിക്കര്‍ ഒട്ടിച്ച വാഹന ഉടമകള്‍ സ്‌റ്റേഷനിലേക്ക് എത്തിയില്ലെങ്കില്‍ അവരുടെ അഡ്രസ് കണ്ടെത്തി വീട്ടിലേക്ക് സമന്‍സ് അയക്കുന്ന നടപടിയാണ് സ്വീകരിച്ച് വരുന്നത്. ഇരിട്ടി ടൗണില്‍ പാര്‍ക്കിംഗിന് ഏറെ പരിമിതികള്‍ ഉണ്ടെങ്കിലും പേ പാര്‍ക്കിംഗ് പോലുള്ള സൗകര്യങ്ങല്‍ ഉപയോഗപ്പെടുത്തണമെന്ന് ഇരിട്ടി പ്രിന്‍സിപ്പല്‍ എസ് ഐ സുനില്‍കുമാര്‍ പറഞ്ഞു. പല വാഹനങ്ങളും പോലീസിന്റെ നടപടി ശക്തമായതോടെ ഇപ്പോള്‍ പഴയപാലത്തുള്ള പേ പാര്‍ക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.