ഭാരതം കുതിക്കുന്നു കരളുറപ്പോടെ

Saturday 14 July 2018 3:48 am IST
വികസ്വര രാഷ്ട്രമെന്ന നിലയില്‍ കണ്ടിരുന്ന രാജ്യത്തെ അനുദിനം പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ഭഗീരഥ പ്രയത്‌നങ്ങളാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. അതിന്റെ ഉത്തമ ദൃഷ്ടാന്തമാവുകയാണ് മേല്‍ സൂചിത റിപ്പോര്‍ട്ട്. കര്‍ക്കശ നിബന്ധനകളും വിശകലനങ്ങളും വഴിയാണ് ലോക ബാങ്ക് ഇത്തരമൊരു അഭിപ്രായത്തിലെത്തിച്ചേര്‍ന്നത്.

ശക്തവും കാഴ്ചപ്പാടുമുള്ള ഭരണാധികാരികളുടെ നേതൃത്വത്തില്‍ രാജ്യം അനുദിനം പുരോഗതിയിലേക്കു കുതിക്കുമെന്നതിന് തെളിവാണ് ഭാരതം. ഏറ്റവുമൊടുവില്‍ ലോകബാങ്കിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ ലോകത്തെ സാമ്പത്തിക ശക്തികളില്‍ ആറാം സ്ഥാനമാണ് ഭാരതത്തിനുള്ളത്. നേരത്തെ ഫ്രാന്‍സിനായിരുന്നു ആ സ്ഥാനം. അവരെ പിന്തള്ളിയാണ് ഭാരതത്തിന് അസുലഭ നേട്ടം കൈവന്നിരിക്കുന്നത്. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന സംഗതിയാണിത്. 

വികസ്വര രാഷ്ട്രമെന്ന നിലയില്‍ കണ്ടിരുന്ന രാജ്യത്തെ അനുദിനം പുരോഗതിയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ഭഗീരഥ പ്രയത്‌നങ്ങളാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. അതിന്റെ ഉത്തമ ദൃഷ്ടാന്തമാവുകയാണ് മേല്‍ സൂചിത റിപ്പോര്‍ട്ട്. കര്‍ക്കശ നിബന്ധനകളും വിശകലനങ്ങളും വഴിയാണ് ലോക ബാങ്ക് ഇത്തരമൊരു അഭിപ്രായത്തിലെത്തിച്ചേര്‍ന്നത്.

നാഴികക്ക് നാല്‍പതുവട്ടവും സ്വന്തം സര്‍ക്കാരിനെ വിമര്‍ശിക്കുകയും തങ്ങളുടെ ദുരുപദിഷ്ട ചട്ടക്കൂട്ടിലേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോവുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ നൃശംസത നിലനില്‍ക്കുന്ന ഏക രാജ്യമാവും ഭാരതം. ഈ രാജ്യത്തിന്റെ പുരോഗതിയെ എന്തുവിലകൊടുത്തും തകര്‍ക്കുകയെന്ന ലക്ഷ്യമല്ലാതെ മറ്റൊന്നും ഇവിടുത്തെ ബഹുഭൂരിപക്ഷം രാഷ്ട്രീയ കക്ഷികള്‍ക്കുമില്ല. രാജ്യത്തെ ഏതെങ്കിലും മൂലയില്‍ നടക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവം പോലും ഭരണകൂടത്തെ മ്ലേച്ഛമായ തരത്തില്‍ കുറ്റപ്പെടുത്താനുള്ള അവസരമാക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കാറ്. അതുകൊണ്ട് ഒരു ഗുണവുമില്ലെന്നതോ പോകട്ടെ, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവെക്കാറ്. എന്നാല്‍ അജണ്ടാധിഷ്ഠിത താല്‍പ്പര്യക്കാര്‍ വര്‍ദ്ധിതാവേശത്തോടെ അത്തരം നീക്കങ്ങളുമായി മുന്നോട്ടുപോവുന്നു. ഈയടുത്ത് ഒരു ജനപ്രതിനിധിയടക്കം വിദേശത്തുവെച്ച് മാതൃരാജ്യത്തെക്കുറിച്ച് അപമാനകരമായ പരാമര്‍ശം നടത്തിയത് ഇതിനൊപ്പം കൂട്ടിവായിക്കണം.

ഒട്ടനേകം പ്രതികൂല കാലാവസ്ഥയില്‍ നിന്നുകൊണ്ട് പൊരുതി തന്നെയാണ് ഭാരതസര്‍ക്കാര്‍ അനുദിനം മുന്നേറുന്നത്. അടിച്ചമര്‍ത്താനും വലിച്ചുതാഴെയിടാനും ശ്രമിക്കുന്തോറും ചക്രവാളങ്ങളിലേക്ക് കുതിക്കുന്ന അനുഭവമാണ്. അതിന് കൂടുതല്‍ ഗതിവേഗം കിട്ടാന്‍ ആഗോള പ്രസിദ്ധമായ സ്ഥാപനങ്ങളുടെ നിരീക്ഷണ വിശകലനങ്ങള്‍ ഉപയുക്തമാവുമെന്നതില്‍ തര്‍ക്കമില്ല. 

2017 ലെ മൊത്തം കണക്കുകള്‍ വിലയിരുത്തിയാണ് ഭാരതത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥാനം ലോക ബാങ്ക് ഉയര്‍ത്തിയത്. രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) കണക്കിലെടുത്തായിരുന്നു ഇത്. 2,597,491 ദശലക്ഷം ഡോളര്‍ വളര്‍ച്ചയാണ് ഇക്കാലയളവില്‍ ഭാരതം കൈവരിച്ചത്. തികച്ചും മോഹിപ്പിക്കുന്നതാണിത്. നോട്ട് പിന്‍വലിക്കല്‍, ചരക്കു സേവന നികുതി നടപ്പാക്കല്‍ തുടങ്ങിയവയെ അങ്ങേയറ്റം വിമര്‍ശിച്ച കക്ഷികള്‍ ഇത് രാജ്യത്തെ സാമ്പത്തിക മേഖലയെ തകര്‍ക്കുമെന്ന് പ്രചണ്ഡ പ്രചാരണം നടത്തിയിരുന്നു. സാമ്പത്തികവിദഗ്ദ്ധരെന്ന് ഖ്യാതി നേടിയവരും ഇത്തരക്കാരുടെ ഒത്താശക്കാരായി നിന്നു. 

എന്നാല്‍ എത്ര ദീര്‍ഘവീക്ഷണത്തോടെയായിരുന്നു അതെന്ന് അടുത്തിടെ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്ന വിവിധ റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമാവുകയാണ്. ഇവയിലൊന്നും രാഷ്ട്രീയച്ചുവയില്ലെന്നതും വസ്തുതാവിശകലനം മാത്രമേയുള്ളുവെന്നതും അഭിമാനാര്‍ഹമായ വശമാണ്. 2018 ല്‍ ഭാരതം 7.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന ലോക ബാങ്കിന്റെ വിശകലനം കൂടുതല്‍ ആത്മവിശ്വാസത്തിലേക്കാണ് ഭാരതത്തെ നയിക്കുന്നത്. 

അതോടൊപ്പം സാമ്പത്തിക വളര്‍ച്ചയ്ക്ക് നൂതന ആശയങ്ങള്‍ നടപ്പാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതത്തിന്റെ സ്ഥാനം 57 ആയതും എടുത്തുപറയേണ്ടതാണ്. ദക്ഷിണേഷ്യന്‍ മേഖലയില്‍ അത് ഒന്നാം സ്ഥാനത്താണ്. ലോക ബൗദ്ധികാവകാശ സംഘട (ഡബ്ല്യുഐപിഒ)യുടെ റിപ്പോര്‍ട്ടിലാണിത്. അക്ഷരാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ തിളക്കമുള്ള മുഖമാണ് ലോകം കാണുന്നതെന്ന് ഇത്തരം സംഭവഗതികളിലൂടെ വ്യക്തമാണ്. ദുഷ്ടലാക്ക് രാഷ്ട്രീയത്തിന്റെ വൈതാളികര്‍ക്ക് അത് മനസ്സിലാവില്ലെന്ന് മാത്രം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.