നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് വളര്‍ന്നത് സിപിഎം തണലില്‍

Friday 13 July 2018 9:49 pm IST

 

കണ്ണൂര്‍: നാറാത്ത് മേഖലയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ ഒളിഞ്ഞും തെളിഞ്ഞും പിന്‍തുണച്ചതും വളരാന്‍ സഹായിച്ചതും സിപിഎം നേതൃത്വം. ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടിയാണ് പോപ്പുലര്‍ ഫ്രണ്ട് നാറാത്ത് തണല്‍ എന്ന പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചത്. ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തത് സിപിഎം പ്രാദേശിക നേതാവും നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പി.വി.മേമിയായിരുന്നു. പ്രാരംഭഘട്ടത്തില്‍ തന്നെ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎം പ്രാദേശിക നേതൃത്വം അകമഴിഞ്ഞ പിന്‍തുണ നല്‍കിയിരുന്നു. സിപിഎമ്മിന്റെ മൗനാനുവാദത്തോടെയാണ് നാറാത്ത് പ്രദേശത്ത് പോപ്പുലര്‍ ഫ്രണ്ട് വേരുറപ്പിച്ചതും.

ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഇരുപത്തിയൊന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ വെച്ചാണ്. ഇവിടെ നിന്ന് നിരവധി മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും തീവ്രവാദ പരിശീലനത്തിനുപയോഗിക്കുന്ന ആയുധ ശേഖരങ്ങളും പിടികൂടിയിരുന്നു. മനുഷ്യനെ ഉന്നം തെറ്റാതെ വെടിവെച്ച് കൊലപ്പെടുത്താന്‍ പരിശീലനം നല്‍കുന്ന ഡമ്മികള്‍, മതഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍, വിദേശ കറന്‍സികള്‍, നിരവധി മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയും പോലീസ് കണ്ടെത്തിയിരുന്നു. പോലീസിന്റെ സമയോചിതമായ നീക്കമാണ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്. 

ഭീകരവാദ പ്രവര്‍ത്തനത്തിന് മറയിടാന്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നടക്കുന്നത് യോഗപരിശീലമാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നതൃത്വം പുറത്ത് പ്രചരിപ്പിച്ചിരുന്നത്. ഇവിടം കേന്ദ്രീകരിച്ച് രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പുകളും നടത്തിയിരുന്നു. ഇത്തരം പരിപാടികളില്‍ സിപിഎം പ്രാദേശിക നേതൃത്വം പിന്‍തുണ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ നടക്കുന്നത് യോഗാപരിശീലനമോ സേവന പ്രവര്‍ത്തനങ്ങളോ ആയിരുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്ക് ഭീകരവാദ പ്രവര്‍ത്തനം നടത്താനുള്ള പരിശീലനമായിരുന്നു ഇവിടെ നിന്ന് നല്‍കിയത്. അപരിചിതരായ ആളുകള്‍ അസമയത്ത് വന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളില്‍ ചിലര്‍ പോലീസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ നിന്ന് തീവ്രവാദ പരിശീലനത്തിനെത്തിയവരെ പിടികൂടിയത്. അറസ്റ്റിലായവരെ വെള്ള പൂശാനും തീവ്രവാദ പരിശീലനത്തെ ലഘൂകരിച്ച് കാണിക്കാനും ചില ഭാഗങ്ങളില്‍ നിന്ന് നീക്കം നടന്നതായി തുടക്കത്തില്‍ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാന പോലീസും കേന്ദ്ര അന്വേഷണ ഏജന്‍സികളും ശക്തമായി രംഗത്തെത്തിയതോടെയാണ് ഇത്തരം ശക്തികള്‍ പോപ്പുലര്‍ ഫ്രണ്ടിനെ താല്‍ക്കാലികമായി കയ്യൊഴിഞ്ഞത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.