കണ്ണൂര്‍ സര്‍വ്വകലാശാല ഡിഗ്രി സയന്‍സ് വിഷയങ്ങള്‍ക്ക് 10 ശതമാനം ആനുപാതിക സീറ്റ് വര്‍ദ്ധനയ്ക്ക് സിന്‍ഡിക്കേറ്റ് തീരുമാനം സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം

Friday 13 July 2018 9:50 pm IST

 

കണ്ണൂര്‍: സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ബിരുദ കോഴ്‌സുകള്‍ക്ക് 20 ശതമാനം സീറ്റ് മാര്‍ജിനല്‍ ഇന്‍ക്രീസ് അനുവദിക്കുന്നതിന്റെ ഭാഗമായി സയന്‍സ് വിഷയങ്ങള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ ഇന്‍ക്രീസ് അനുവദിക്കാന്‍ ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. സയന്‍സ് വിഷയങ്ങളുടെ 10 ശതമാനം പുതിയ വര്‍ദ്ധനവ് സ്‌പോട്ട് അഡ്മിഷന്‍ പ്രകാരം നടപ്പാക്കും.

കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി 9 ലക്ഷം രൂപ അനുവദിച്ചു. മാങ്ങാട്ടുപറമ്പ് കായികപഠനവകുപ്പില്‍ യോഗ, കളരി സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ബഡ്ജറ്റും, വിശദമായ പ്രൊപ്പോസലും സമര്‍പ്പിക്കാന്‍ ഡയരക്ടറെ ചുമതലപ്പെടുത്തി.

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ നവീകരണത്തിനും കോഴ്‌സുകളുടേയും മറ്റും പുന:സംഘാടനത്തിനുമായി 28ന് ശില്‍പ്പശാല നടത്തും. യുജിസി-യുടെ വിദൂര വിദ്യാഭ്യാസ ബ്യൂറോയും കണ്ണൂര്‍ സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ഡയരക്ടറും ആയി ഈ വര്‍ഷം കോഴ്‌സുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചയും പുരോഗതിയും സിന്‍ഡിക്കേറ്റ് യോഗം വിലയിരുത്തി. കാസര്‍ഗോഡ് ഗവ.കോളേജില്‍ സാമ്പത്തിക ശാസ്ത്ര വിഭാഗത്തെ ഗവേഷണ കേന്ദ്രമായി അംഗീകരിച്ചു.

സര്‍വ്വകലാശാല ജീവനക്കാര്‍ക്ക് ജോലി സംബന്ധമായി നേരത്തെ ഏര്‍പ്പെടുത്തിയ പഞ്ചിങ്ങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും അറ്റന്‍ഡന്‍സ് റജിസ്റ്ററില്‍ ഒപ്പ് വെക്കുന്ന സമയം ഉന്നത ഉദ്യോഗസ്ഥര്‍ കൃത്യതയോടെ നിരീക്ഷിക്കണമെന്നും സിന്‍ഡിക്കേറ്റ് യോഗം കര്‍ശനമായി നിര്‍ദ്ദേശം നല്‍കി.

കമ്പ്യുട്ടര്‍ സെല്ലിനെ കൂടുതല്‍ ആധുനികവല്‍ക്കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗം അംഗീകരിച്ചു. സെല്‍ഫ് ഫിനാന്‍സിങ്ങ് കോളേജുകളിലെ അദ്ധ്യാപകരുടെ 2016 മുതല്‍ 2018 വരെയുള്ള സ്റ്റാഫ് പ്രൊഫൈല്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി അദാലത്ത് നടത്താന്‍ തീരുമാനിച്ചു.

സെല്‍ഫ് ഫിനാന്‍സിങ്ങ് കോളേജിലെ അദ്ധ്യപകരുടെ യോഗ്യത സംബന്ധിച്ച് സര്‍വ്വകലാശാല നേരത്തേ ഇറക്കിയ സര്‍ക്കുലറില്‍ നെറ്റ്/പിഎച്ച്ഡി. ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കുമെന്ന് ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഇക്കാര്യത്തിന് സര്‍വ്വകലാശാലയുടെ അനുമതി തേടേണ്ടതുണ്ട്. നെറ്റ്/പിഎച്ച്ഡി യോഗ്യത നേടിയവര്‍ക്ക് ഇന്റര്‍വ്യൂവില്‍ കര്‍ശനമായി മുന്‍ഗണന നല്‍കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.