കോര്‍പ്പറേഷന്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിനായി സര്‍വ്വകലാശാല ഭൂമി വിട്ടു നല്‍കാന്‍ നീക്കമെന്ന് ആരോപണം

Friday 13 July 2018 9:51 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കാനായി ട്രഞ്ചിംഗ് ഗ്രൗണ്ടും അനുബന്ധ മലിനീകരണ റിസൈക്കഌംങ് പ്ലാന്റും നിര്‍മ്മിക്കുന്നതിനായി കണ്ണൂര്‍ സര്‍വ്വകലാശാല ആസ്ഥാനത്തെ ഭൂമി വിട്ടുനല്‍കാന്‍ ഗൂഢനീക്കം നടക്കുന്നതായി സൂചന. താവക്കരയിലെ സര്‍വ്വകലാശാല ആസ്ഥാനം സ്ഥിതിചെയ്യുന്ന പ്രദേശത്തെ 50 സെന്റ് ഭൂമി കോര്‍പ്പറേഷന്‍ ആവശ്യത്തിനായി വിട്ടുനല്‍കാന്‍ നീക്കം നടക്കുന്നതായാണ് ആരോപണം. ഇതു സംബന്ധിച്ച് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ സിപിഎം നേതാക്കളും കോര്‍പ്പറേഷന്‍ ഭരണം നടത്തുന്ന എല്‍ഡിഎഫ്, സിപിഎം നേതാക്കളും ഒന്നാംവട്ടം ചര്‍ച്ച നടത്തിയതായും അറിയുന്നു.

യുജിസി മാനദണ്ഡഡങ്ങള്‍ കാറ്റില്‍പ്പറത്തി യൂണിവേഴ്‌സിറ്റി ഭൂമി കൈമാറാനുളള നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നിലവില്‍ കണ്ണൂര്‍ നഗരത്തില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുളള ചേലോറ് ട്രഞ്ചിംങ് ഗ്രൗണ്ടിലാണ് നഗരത്തിലെ മാലിന്യങ്ങള്‍ എത്തിക്കുന്നത്. എന്നാല്‍ പ്രസ്തുത സ്ഥലത്തെ മാലിന്യ നിക്ഷേപം പ്രദേശവാസികള്‍ക്ക് കടുത്ത ദുരിതം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഏറെക്കാലം സമരം സംഘടിപ്പിച്ചിരുന്നു. മാത്രമല്ല, ദൂരം കൂടുതലായതു കാരണം നഗരത്തിലെ മാലിന്യങ്ങള്‍ പലപ്പോഴും അന്നന്ന് ചേലോറയിലെത്തിക്കാത്ത സാഹചര്യവും നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് നഗരത്തോട് ചേര്‍ന്ന സര്‍വ്വകലാശാല ഭൂമിതന്നെ ഇതിനായി തെരഞ്ഞെടുക്കാന്‍ നീക്കം നടക്കുന്നത്. ഭൂമി കോര്‍പ്പറേഷന് കൈമാറുകയും മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റ് ആരംഭിക്കുകയും ചെയ്യുന്നതോടെ ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ എത്തുന്നവര്‍ക്കും കടുത്ത ദുരിതം സമ്മാനിക്കലാവും ഫലം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.