വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ സംഭവം: സസ്‌പെന്‍ഡ് ചെയ്ത സര്‍വകലാശാല ഗണിതശാസ്ത്ര വിഭാഗം മുന്‍ മേധാവിയെ പത്ത് ദിവസം തികയും മുമ്പ് തിരിച്ചെടുത്തു

Friday 13 July 2018 9:51 pm IST

 

കണ്ണൂര്‍: വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ജൂണ്‍ 23 ന് വൈസ്ചാന്‍സിലര്‍ സസ്‌പെന്റ് ചെയ്ത സര്‍വകലാശാല ഗണിതശാസ്ത്ര വിഭാഗം മുന്‍ മേധാവി ഡോ.കെ.വി.രാമകൃഷ്ണനെ പത്ത് ദിവസം തികയും മുമ്പ് തിരിച്ചെടുത്തു. സിപിഎം അധ്യാപക സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഇയാളുടെ സസ്‌പെന്‍ഷന്‍ ശക്തമായ രാഷ്ട്രീയസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് റദ്ദാക്കിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. തിരിച്ചെടുക്കുക മാത്രമല്ല, കഴിഞ്ഞ 3 ന് മുന്‍കാല പ്രാബല്യത്തോടെയാണ് തിരിച്ചെടുത്തിരിക്കുന്നത്. കൂടാതെ സസ്‌പെന്‍ഷന്‍ കാലാവധി ലീവായി കണക്കാക്കാന്‍ ഉത്തരവായതായും അറിയുന്നു. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് യാതൊരു അന്വേഷണവും നടത്താതെയാണ് ഇയാളെ തിരിച്ചെടുത്തിരിക്കുന്നതെന്നതും ആരോപണത്തിന് കാരണമായിട്ടുണ്ട്. 

മാങ്ങാട്ടുപറമ്പ് ക്യാംപസിലെ ഗണിതശാസ്ത്ര വിഭാഗത്തിലെ മൂന്നു വിദ്യാര്‍ഥിനികളുടെ പരാതിയിലായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. പരാതിയില്‍ അന്വേഷണം നടത്തിയ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിയുടെ ശുപാര്‍ശയഅനുസരിച്ച് തുടര്‍ന്ന് അദ്ദേഹത്തെ വകുപ്പുമേധാവി സ്ഥാനത്തു നിന്നു നേരത്തേ മാറ്റിയിരുന്നു. ഗണിതശാസ്ത്ര വിഭാഗം മുന്‍ മേധാവി ഇതിനു ശേഷം വീണ്ടും വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തുകയും മറ്റും ചെയ്തതായി ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിനികള്‍ സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വൈസ് ചാന്‍സിലര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.