അമ്പലക്കണ്ടിയിലെ കര്‍ഷകര്‍ക്ക് നാളെ പട്ടയം നല്‍കാനുളള തീരുമാനം മാറ്റി

Friday 13 July 2018 9:53 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി താലൂക്കില്‍ അമ്പലക്കണ്ടി പ്രദേശത്ത് കാലങ്ങളായി ഭൂമി കൈവശം വച്ച് താമസിക്കുന്ന 261 കുടിയേറ്റ കര്‍ഷകര്‍ക്ക് നാളെ അമ്പലക്കണ്ടിയില്‍ വച്ച് പട്ടയം നല്‍കാനുളള തീരുമാനം മാറ്റിവെച്ചതായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഓഫീസ് അറിയിച്ചു. 

പ്രസ്തുത ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുമ്പാകെ കോടതിയലക്ഷ്യ കേസ് (1302/2018) ഫയല്‍ ചെയ്തിരുന്നുവെന്നും പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നോട്ടീസുകള്‍ ഹൈക്കോടതി 29.06.2018 ലെ ഉത്തരവ് പ്രകാരം താത്ക്കാലികമായി തടഞ്ഞിരിക്കുകയാണെന്നും ആയതിനാല്‍ നിശ്ചയിച്ച പ്രകാരമുള്ള പട്ടയ മേള നടത്തുന്നത് ഇപ്പോള്‍ ഉചിതമായിരിക്കില്ലായെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പരിപാടി മാറ്റിവെച്ചത്. കോടതിയലക്ഷ്യ കേസ്സുകള്‍ തീര്‍പ്പാക്കാനുള്ള സത്വര നടപടികള്‍ സ്വികരിക്കുവാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടാകാന്‍ ഇടയായത് സംബന്ധിച്ച് അന്വേഷിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കുന്നതിന് ലാന്‍ഡ് റവന്യു കമ്മീഷ്ണര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.

തീരുമാനിച്ച പ്രകാരം പ്രസ്തുത 261 കുടിയേറ്റ കര്‍ഷകര്‍ക്കും മേല്‍പ്പറഞ്ഞിരിക്കുന്ന പ്രകാരമുള്ള തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി നിര്‍ദ്ദേശം നല്‍കിയതായും പത്രക്കുറിപ്പില്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.