കൊടും ക്രിമിനലിന് ജാമ്യം ലഭിക്കാന്‍ പോലീസ് കൂട്ടുനിന്ന സംഭവം: അന്വേഷണം ആരംഭിച്ചു

Friday 13 July 2018 9:54 pm IST

 

തളിപ്പറമ്പ്: കൊലപാതക കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കൊടും ക്രിമിനലിന് കോടതിയില്‍ ജാമ്യം ലഭിക്കാന്‍ പോലീസ് കൂട്ടുനിന്ന സംഭവം വിവാദമായതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കോടതി ജാമ്യം അനുവദിച്ച സംഭവത്തില്‍ ഹൈക്കോടതി വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. 

ഒരു കൊലക്കേസുള്‍പ്പെടെ 22 ക്രിമിനല്‍ കേസില്‍ പ്രതിയും ആറ് കേസുകളില്‍ പിടികിട്ടാപ്പുള്ളിയുമായ കോരംപീടികയിലെ എം.വി.ലത്തീഫിനാണ് കഴിഞ്ഞ ദിവസം പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 5ന് ലത്തീഫ് പയ്യന്നൂര്‍ കോടതിയില്‍ഹാജരാകുമെന്ന് ഇയാളുടെ അഭിഭാഷകന്‍ തുറന്ന കോടതിയില്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചിരുന്നു. തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്ന് ഇയാളുടെ ജാമ്യക്കാരില്‍നിന്നും പിഴയീടാക്കാനുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു 5ന് കോടതിയില്‍ ഇയാള്‍ ഹാജരാകുമെന്ന് വക്കീല്‍ അറിയിച്ചിരുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ തിയ്യതികളിലുണ്ടായിരുന്ന ലത്തീഫിന്റെ ആറ് കേസുകള്‍ 5ന് തന്നെ കോടതി പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വിവരം പരിയാരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെങ്കിലും കേസ് കോടതി പരിഗണിച്ചപ്പോള്‍ പോലീസിന്റെ ഭാഗത്തുനിന്നും എതിര്‍പ്പില്ലാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ജൂലൈ 2ന് കോരംപീടികയിലെത്തിയ ലത്തീഫ് 5നാണ് കോടതിയില്‍ ഹാജരാകുന്നത്. എന്നിട്ടും പോലീസിന് ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പോലീസിന്റെ സഹായത്തോടെയാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചതെന്ന ആരോപണം ഉയര്‍ന്നതിനെതുടര്‍ന്നാണ് ഉന്നത പോലീസുദ്യോഗസ്ഥര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.

സംഭവത്തെക്കുറിച്ച് പരാതിയുയര്‍ന്നപ്പോള്‍ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഇന്റലിജന്റ്‌സ് എഡിജിപിക്കും ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് എസ്പിക്കും വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവത്രെ. ഇയാളെ പിടികൂടാന്‍ ആറ് വാറന്റുകളുമായി നടക്കുന്ന പ്രത്യേക സ്‌ക്വാഡിലെ പോലീസുകാര്‍ക്ക് ഇയാള്‍ നാട്ടിലെത്തിയതായി വിവരം ലഭിച്ചെങ്കിലും പിടികൂടാതെ കോടതിയില്‍  ഹാജരാകാന്‍ അവസരം ഒരുക്കിയതിന് പിന്നില്‍ ചില പോലീസുകാര്‍ തന്നെയാണെന്നാണ് സൂചന. 

ജില്ലാ പോലീസ് സൂപ്രണ്ടിനെയും പരിയാരം എസ്‌ഐയെയും വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ലത്തീഫ് ബക്കളത്തെ ഖാദറെ തട്ടിക്കൊണ്ടുവന്ന് വായാട്ടെ പൊതുസ്ഥലത്തുവെച്ച് തല്ലിക്കൊല്ലാന്‍ നേതൃത്വം നല്‍കിയ കേസില്‍ പ്രതിയാണ്. ഒരുവര്‍ഷമായി ഇയാള്‍ പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയാണ്. വധശിക്ഷവരെ ലഭിക്കാവുന്ന ഐപിസി 302-ാം വകുപ്പ് പ്രകാരമെടുത്ത കേസിലെ പ്രതിക്ക് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ച സംഭവത്തില്‍ ഹൈക്കോടതി വിജിലന്‍സ് സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.