കുട്ടനാട് കാര്‍ഷിക വായ്പാത്തട്ടിപ്പ്; വികസന സമിതിക്കെതിരെ അന്വേഷണമില്ല

Saturday 14 July 2018 4:08 am IST

ആലപ്പുഴ: കുട്ടനാട്ടിലെ കോടികളുടെ കാര്‍ഷിക വായ്പ തട്ടിപ്പില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള കുട്ടനാട് വികസന സമിതിക്കെതിരെ അന്വേഷണം നടക്കുന്നില്ല. വികസന സമിതിയുടെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിന്റെ അറസ്റ്റ് നാടകത്തോടെ സമിതിക്കെതിരായ എല്ലാ അന്വേഷണങ്ങളും അവസാനിച്ചു. 

  തട്ടിപ്പിന് നേതൃത്വം നല്‍കിയ കുട്ടനാട് വികസനസമിതിയുടെ ചുമതലയില്‍ നിന്ന് ഫാ. പീലിയാനിക്കലിനെ മാറ്റി മറ്റൊരു വൈദികന് ചുമതല നല്‍കിയതോടെ തങ്ങളുടെ ഉത്തരവാദിത്വം അവസാനിച്ചെന്ന നിലപാടിലാണ് സഭാ നേതൃത്വം. കേസിലെ മറ്റു പ്രധാന പ്രതികളെ പിടികൂടാനോ, വികസന സമിതിക്കെതിരെ അന്വേഷണം നടത്താനോ ക്രൈംബ്രാഞ്ച് തയ്യാറാകുന്നില്ല. വികസന സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മകളുടെ ഏതാനും ഭാരവാഹികളെ കേസില്‍ പ്രതികളാക്കിയെങ്കിലും തട്ടിപ്പിന് നേതൃത്വം നല്‍കിയ വികസന സമിതിയെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താത്തത് സഭയുടെ സമ്മര്‍ദ്ദം മൂലമെന്നാണ് ആക്ഷേപം. 

സമിതിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. പീലിയാനിക്കല്‍, അക്കൗണ്ടന്റ് ത്രേസ്യാമ്മ എന്നിവര്‍ വ്യക്തിപരമായി നടത്തിയ തട്ടിപ്പാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്. പീലിയാനിക്കല്‍ ജാമ്യത്തില്‍ ഇറങ്ങി മൂന്നാഴ്ചയായിട്ടും പ്രധാന പ്രതികളായ എന്‍സിപി നേതാവും വെളിയനാട് ബ്‌ളോക്ക് പഞ്ചായത്തംഗവുമായ റോജോ ജോസഫ്, വികസന സമിതി അക്കൗണ്ടന്റ് ത്രേസ്യാമ്മ, നെല്‍ക്കര്‍ഷക സമിതി പ്രസിഡന്റ് കെ.ടി. ദേവസ്യ, റോജോ ജോസഫിന്റെ ഭാര്യ തുടങ്ങിയവരെ പിടികുടുന്നതിനുള്ള യാതൊരു നടപടിയും അന്വേഷണസംഘം സ്വീകരിക്കുന്നില്ല. 

ത്രേസ്യാമ്മയെ പിടികൂടിയാല്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ കാലങ്ങളായി നടന്ന വന്‍ തട്ടിപ്പുകള്‍ പുറത്ത് വരും. നിലവില്‍ മാദ്ധ്യമങ്ങളുടെ ശ്രദ്ധ കുറഞ്ഞതോടെ ഏതുവിധേനയും അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം നല്‍കാനാണ് അന്വേഷണസംഘത്തിന് മേല്‍ സമ്മര്‍ദ്ദമുള്ളത്. 

അതിനിടെ വായ്പത്തട്ടിപ്പു കേസില്‍ 16 പേരെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. വികസന സമിതിയുടെ കീഴിലുള്ള കര്‍ഷകമിത്ര, കേരളശ്രീ, മഹാത്മ, നെല്‍ക്കതിര്‍, ജ്വാല, ഗാന്ധിജി, ജീവന്‍, ട്രിനിറ്റി എന്നീ സ്വാശ്രയ സംഘങ്ങളുടെ പ്രസിഡന്റും സെക്രട്ടറിമാരുമാണ് പുതിയ പ്രതികള്‍. വ്യാജ രേഖകള്‍ സൃഷ്ടിച്ചു കര്‍ഷകരുടെ പേരില്‍ വായ്പ നേടിയെടുത്തതായി കണ്ടെത്തിയതോടെയാണ് ഇവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ കുട്ടനാട്ടിലെ വിവിധ വായ്പ കേസുകളിലായി പ്രതിപ്പട്ടികയില്‍ 21 പേരായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.