നെഹ്‌റുട്രോഫി പ്രതിസന്ധിയില്‍ തുഴച്ചില്‍കാരും ചെറുവള്ളങ്ങളും ബഹിഷ്‌ക്കരിക്കും

Saturday 14 July 2018 4:11 am IST

ആലപ്പുഴ: അറുപത്തിയാറാമത് നെഹ്‌റുട്രോഫി ജലോത്സവം പ്രതിസന്ധിയില്‍. ചുണ്ടന്‍വള്ളങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ കളിവള്ളങ്ങളും ഒരുവിഭാഗം തുഴച്ചില്‍ക്കാരും വള്ളംകളി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചെറുവള്ളങ്ങള്‍ ജലോത്സവം ബഹിഷ്‌കരിക്കുന്നതെന്ന് കേരള റേസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

  മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. വെപ്പ് എ, ബി ഗ്രേഡുകള്‍, ഇരുട്ടുകുത്തി എ, ബി ഗ്രേഡുകള്‍, തെക്കനോടി വള്ളങ്ങള്‍ ഉള്‍പ്പെടെ 54ഓളം വള്ളങ്ങളാണ് ജലോത്സവം ബഹിഷ്‌കരിക്കുക.

  ഇതോടെ ഇത്തവണത്തെ നെഹ്‌റുട്രോഫി ജലോത്സവത്തില്‍ ചുണ്ടന്‍വള്ളങ്ങള്‍ മാത്രം മത്സരിക്കാനാണ് സാദ്ധ്യത. ബോണസ്, ഗ്രാന്റ്, കാഷ് പ്രൈസ് തുടങ്ങിയ ആനുകൂല്യം നല്‍കുന്നതില്‍ ചെറുവള്ളങ്ങളോട് നെഹ്‌റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയും സംഘാടകരും വിവേചനം കാട്ടുന്നതായാണ് അസോസിയേഷന്റെ പ്രധാന പരാതി. നാലുകൊല്ലമായി പല ഗ്രാന്റുകളും ലഭിക്കുന്നില്ലെന്നും അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഉമ്മന്‍ എം. മാത്യുവും സെക്രട്ടറി പുന്നൂസ് ജോസഫും പറഞ്ഞു.

  ബോട്ട് ക്ലബ്ബ് ഭാരവാഹികള്‍ക്കും വള്ളം ഉടമസ്ഥര്‍ക്കും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തുഴച്ചില്‍ക്കാര്‍ക്ക് ലഭിക്കുന്നില്ലെന്ന് ഓള്‍കേരള റേസ് ബോട്ട് റോവേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഇത്തവണത്തെ ജലോത്സവം ബഹിഷ്‌കരിക്കുമെന്നും അവര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.