മുഖ്യമന്ത്രി അമേരിക്കയില്‍; തലസ്ഥാനത്ത് ഭരണസ്തംഭനം

Saturday 14 July 2018 7:05 am IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും ഉല്ലാസയാത്ര അമേരിക്കയില്‍ തകൃതിയായി നടക്കുമ്പോള്‍ തലസ്ഥാനം നാഥനില്ലാക്കളരിയായി. രണ്ടാഴ്ച നീളുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിന് പോയ പിണറായി തിരിച്ചെത്തുംവരെ മുഖ്യമന്ത്രിയുടെ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടുമില്ല. 

സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ  ഫയല്‍ നീക്കങ്ങള്‍ ഏതാണ്ട് സ്തംഭിച്ച നിലയിലാണ്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഭൂരിഭാഗം മന്ത്രിമാരും തലസ്ഥാനത്തില്ല എന്നത് ശ്രദ്ധേയമാണ്.  ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുഖ്യമന്ത്രിക്കൊപ്പം അമേരിക്കയിലാണ്. എന്നാല്‍ മന്ത്രി ശൈലജ ആരോഗ്യവകുപ്പിന്റെ ചുമതല വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെ ഏല്‍പ്പിച്ചതിന് ശേഷമാണ് പറന്നത്.  

മറ്റുപല മന്ത്രിമാരും സ്ഥലത്തില്ലാത്തതിനാല്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നു.  മുഖ്യമന്ത്രി വിദേശത്ത് സുഖവാസത്തിന് പോയതോടെ ആഴ്ചയില്‍ അഞ്ച് ദിവസം മന്ത്രിമാര്‍ തലസ്ഥാനത്തുണ്ടാകണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. ഈ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തന്നെ മുഖ്യമന്ത്രി ഇതു വ്യക്തമാക്കിയിരുന്നു. പിന്നീട് ഇത് വീണ്ടും ഓര്‍മിപ്പിക്കേണ്ട സാഹചര്യവും മുഖ്യമന്ത്രിക്ക് ഉണ്ടായി. തങ്ങളുടെ മണ്ഡലങ്ങളിലെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രിമാര്‍ വാദമുയര്‍ത്തിയെങ്കിലും മുഖ്യമന്ത്രി അംഗീകരിച്ചില്ല.   അമേരിക്കയില്‍ വെറും രണ്ട് പരിപാടികള്‍ മാത്രമേ മുഖ്യമന്ത്രിക്ക് ഉള്ളൂ. രണ്ടു ദിവസമായി ബാള്‍ട്ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്വീകരണവും ഫൊക്കാന സമ്മേളനവുമാണത്. മറ്റ് ദിവസങ്ങളില്‍ മുഖ്യമന്ത്രിക്ക് എന്താണ് പരിപാടിയെന്ന ചോദ്യം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങള്‍ വഴി ഉയര്‍ന്നു കഴിഞ്ഞു. അമേരിക്കയിലെ മലയാളി സംഘടനകളുടെ ഭാരവാഹികളുമായി കൂടിക്കാഴ്ചയും ഉല്ലാസയാത്രയും സര്‍ക്കാര്‍ ചെലവില്‍ നടത്താനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് വിദേശ പര്യടനമെന്ന സംശയമാണ് സാമൂഹ്യമാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നത്.  

കഴിഞ്ഞ അഞ്ചിന് അമേരിക്കയിലേക്കു പോയ മുഖ്യമന്ത്രി ചൊവ്വാഴ്ച തിരിച്ചെത്തും. പിറ്റേന്നു മന്ത്രിസഭായോഗം നിശ്ചയിച്ചിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്ക് ചികിത്സയുമായി ബന്ധപ്പെട്ട് അവധിയിലുമാണ്. സി. രവീന്ദ്രനാഥ്, എ.കെ. ബാലന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങി വിരലിലെണ്ണാവുന്ന മന്ത്രിമാര്‍ മാത്രമാണ് തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.