നവാസ് ഷെരീഫും മകളും അറസ്റ്റില്‍

Friday 13 July 2018 10:22 pm IST

ലാഹോര്‍:   പനാമ കുംഭകോണമുള്‍പ്പെടെ മൂന്ന് അഴിമതിയാരോപണ കേസുകളില്‍  ശിക്ഷിക്കപ്പെട്ട മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനേയും മകള്‍ മറിയം നവാസിനേയും ലാഹോറില്‍ അറസ്റ്റു ചെയ്തു. ലാഹോറിലെ  അല്ലാമ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

ലണ്ടനില്‍ നിന്ന് അബുദാബി വഴി, പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് നേതാവു കൂടിയായ നവാസ് ഷെരീഫും മകളും ലാഹോറിലെത്തിയത്. അറസ്റ്റിനു മുന്നോടിയായി കനത്ത സുരക്ഷാ സന്നാഹമേര്‍പ്പെടുത്തിയിരുന്നു.  പതിനായിരത്തിലേറെ പോലീസ് ഉദ്യോഗസ്ഥരെയാണ് ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിരുന്നത്. വിമാനത്താവളത്തിലേക്കുള്ള റോഡില്‍ കണ്ടെയ്നറുകള്‍ നിരത്തി ഗതാഗതവും പോലീസ് നിരോധിച്ചിരുന്നു. 

പത്തു വര്‍ഷമാണ് ഷെരിഫിന്റെ ശിക്ഷാ കാലാവധി. മറിയത്തിന് ഏഴു വര്‍ഷവും.ശിക്ഷ വിധിക്കുമ്പോള്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ലണ്ടനിലായിരുന്നു ഷെരീഫ്. ജയിലഴികള്‍ മുമ്പില്‍ കാണുന്നുണ്ടെങ്കിലും രാജ്യത്തേക്ക് മടങ്ങാനാണ് ആഗ്രഹമെന്ന് ലണ്ടനില്‍ മറിയത്തിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷെരീഫ് പറഞ്ഞു. ലണ്ടനിലെ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയിലുള്ള ഭാര്യ കുല്‍സും നവാസിന് അച്ഛനും മകളും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നേരുന്നതിന്റ ദൃശ്യം മറിയം ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.