ജന്മഭൂമി, മാധ്യമ രംഗത്തെ വേറിട്ട ശബ്ദം: സുരേഷ്‌ഗോപി എംപി

Saturday 14 July 2018 6:50 am IST
"ജന്മഭൂമിയുടെ നവീകരിച്ച ഇടുക്കി ജില്ലാ ബ്യൂറോ ഉദ്ഘാടനം സുരേഷ്‌ഗോപി എംപി നിര്‍വഹിക്കുന്നു. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണ്‍ജി, പുളിമൂട്ടില്‍ സില്‍ക്ക് ഹൗസ് എംഡി റോയി പുളിമൂട്ടില്‍, ജന്മഭൂമി കോട്ടയം അസി. യൂണിറ്റ് മാനേജര്‍ എ.സി. സുനില്‍കുമാര്‍, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് വി.എം. ബാലന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍ എന്നിവര്‍ സമീപം"

തൊടുപുഴ: മാധ്യമ രംഗത്തെ വേറിട്ട ശബ്ദമായി ജന്മഭൂമി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുകയാണെന്ന് സുരേഷ്‌ഗോപി എംപി. തൊടുപുഴയില്‍ ജന്മഭൂമി ഇടുക്കി ജില്ലാ ബ്യൂറോയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇടുക്കിയുടെ ഉറച്ച ശബ്ദമായി ചുരുങ്ങിയകാലംകൊണ്ട് ജന്മഭൂമി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വട്ടവട പിന്നോക്ക ഗ്രാമങ്ങളിലെ അവഗണിക്കപ്പെട്ടവരുടെ നാവായി മാറുവാന്‍ ജന്മഭൂമിക്ക് കഴിയണം. സത്യത്തിന്റെ പാതയിലൂടെ മാത്രമേ പത്രങ്ങള്‍ സഞ്ചാരിക്കാവൂ എന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. മഹാരാജാസ് കോളേജില്‍ മതതീവ്രവാദികളുടെ കുത്തേറ്റ് മരിച്ച വട്ടവടയുടെ പ്രതീക്ഷയായിരുന്ന അഭിമന്യുവിന്റെ കൊലപാതകം സമാധാന ജീവിതം കാംക്ഷിക്കുന്ന സമൂഹത്തിന് വ്യക്തമായ മുന്നറിയിപ്പാണ്. 

തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ച തീവ്രവാദികള്‍ മലയാളികളെ വിടാതെ പിന്തുടരുകയാണ്. അസത്യ പ്രചരത്തിലൂടെ സൃഷ്ടിച്ചെടുത്ത ഐഎസ്ആര്‍ഒ ചാരക്കേസ് കേരളത്തിന്റെ രാഷ്ട്രീയത്തെപ്പോലും അട്ടിമറിച്ചത് തന്നെ ഏറെ വേദനിപ്പിച്ചു. ഇതിനെതിരെ ഉണ്ടായ ആത്മരോക്ഷമാണ് പത്രം എന്ന സിനിമയുടെ പിറവിക്ക് കാരണമായതെന്ന് ഈ സിനിമയിലെ തന്നെ ഡയലോഗ് പറഞ്ഞ് സുരേഷ്‌ഗോപി എംപി ഓര്‍മപ്പെടുത്തി. 

ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ മിനി മധു, ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്‍, ഇടുക്കി പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് അഷറഫ് വട്ടപ്പാറ, സ്വാഗതസംഘം കണ്‍വീനര്‍ പി.പി. സാനു, രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് കെ.എന്‍. രാജു, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമള്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം. സിജു., ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.എം. ബാലന്‍, കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍, പുളിമൂട്ടില്‍ സില്‍ക്ക് ഹൗസ് മാനേജിങ് റോയി പുളിമൂട്ടില്‍, ജില്ലാ ലേഖകന്‍ ജി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.