കേരളത്തിന്റെ സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി

Saturday 14 July 2018 5:58 am IST

ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ ജൂലൈ 19ന് അനുമതി. അടുത്ത വ്യാഴാഴ്ച ദല്‍ഹിയിലെത്താനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. 

എന്നാല്‍ അമേരിക്കന്‍ യാത്ര കഴിഞ്ഞ് 18ന് മാത്രമേ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ മടങ്ങിയെത്തൂ. മുഖ്യമന്ത്രി അമേരിക്കയിലായതിനാല്‍ സര്‍വകക്ഷി സംഘത്തിന്റെ സന്ദര്‍ശന വിഷയത്തില്‍ കേരളം ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫീസിനെ സ്ഥിരീകരണം അറിയിച്ചിട്ടില്ല. 

കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ക്കും ഇതുവരെ സര്‍വകക്ഷി സംഘത്തിന്റെ യാത്ര സംബന്ധിച്ച അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടില്ല.

രണ്ടുതവണ സര്‍വകക്ഷി സംഘം സന്ദര്‍ശനത്തിന് ശ്രമിച്ചെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചിരുന്നു. ഔദ്യോഗിക തിരക്കുകള്‍ മൂലമാണ് കഴിഞ്ഞമാസം അനുമതി നല്‍കാതിരുന്നത്. 

എന്നാല്‍ അതിന്റെ പേരില്‍ പ്രധാനമന്ത്രിക്കെതിരെ അപവാദ പ്രചാരണം നടത്തിയ മുഖ്യമന്ത്രിയും സിപിഎമ്മും മാപ്പു പറയണമെന്ന് വി. മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. സര്‍വകക്ഷി സംഘത്തിലേക്ക് ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമെന്നും വി. മുരളീധരന്‍ അറിയിച്ചു. 

സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നിവേദനം നല്‍കുന്നതിനാണ് സര്‍വകക്ഷി സംഘം കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. എന്നാല്‍ ഒദ്യോഗിക തിരക്കുകള്‍ മൂലം കേന്ദ്ര ഭക്ഷ്യമന്ത്രിയെ കണ്ടാല്‍ മതിയെന്ന അറിയിപ്പാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയത്. 

തൊട്ടു തലേദിവസം നടന്ന നിതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ അടുത്തെത്തി പ്രധാനമന്ത്രി സംസാരിച്ചിരുന്നതാണ്. എന്നാല്‍ അപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം മാത്രമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. മറ്റു കാര്യങ്ങള്‍ സംസാരിക്കാന്‍ സമയമുണ്ടായെങ്കിലും അതു ചെയ്തിരുന്നില്ല. ഇതിന് ശേഷം സിപിഎമ്മിന്റെ കേന്ദ്രകമ്മറ്റി യോഗത്തിന് ദല്‍ഹിയില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചപ്പോഴാണ് അനുമതി ലഭിക്കാത്ത സാഹചര്യമുണ്ടായത്. 

പലവട്ടം ശ്രമിച്ചിട്ടും കാണാന്‍ അനുവാദം നല്‍കാത്ത പ്രധാനമന്ത്രിയുടെ നിലപാട് ചരിത്രത്തിലാദ്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.