ഇത്രയും ദിവസം സഹിച്ചു; ഇനി തുറന്നു പറയേണ്ടി വരും

Saturday 14 July 2018 6:50 am IST

കൊച്ചി: പണം പിരിച്ചും ചിത്രം പതിച്ച ബാനറില്‍ കൈയൊപ്പു പതിച്ചും വര്‍ഗീയ വിരുദ്ധ സെമിനാര്‍ നടത്തിയും സിപിഎമ്മും അനുബന്ധ സംഘടനകളും രക്തസാക്ഷിയെ ആഘോഷിക്കുമ്പോള്‍ പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കില്‍. 

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കുത്തിവീഴ്ത്തി പന്ത്രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യ പ്രതികളെ പിടിക്കാന്‍ പോലീസിനു കഴിയാത്തതില്‍ സിപിഎം പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തിലാണ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഭീകരതയെ പേരെടുത്തു വിമര്‍ശിക്കാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ മടിക്കുന്നതിലും യുഎപിഎ ചുമത്തേണ്ടതില്ല എന്ന തീരുമാനത്തിലും പാര്‍ട്ടിക്കുള്ളില്‍ കനത്ത പ്രതിഷേധമുണ്ട്.

സ്വന്തം പ്രവര്‍ത്തകന്റെ, അതും ഒരു വിദ്യാര്‍ഥിയുടെ ചോരവീണ് ഇത്ര ദിവസമായിട്ടും ഒന്നും ചെയ്യാന്‍ കഴിയാതിരുന്നിട്ടും എല്‍ഡിഎഫ് നിശബ്ദത പാലിക്കുന്നതെന്തു കൊണ്ട്? ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മിണ്ടാത്തതെന്ത്? എന്നീ ചോദ്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയരുന്നു. 

സിപിഎം കൃത്യമായ നിലപാടു സ്വീകരിക്കാത്തതിനാല്‍ ഇടതു മുന്നണിക്കും നിലപാടില്ല. മുന്നണി കണ്‍വീനര്‍ എ. വിജയരാഘന്‍ ഇതെക്കുറിച്ചു പ്രതികരിച്ചിട്ടേയില്ല. എന്നാല്‍ ഇത്രയും ദിവസം സഹിച്ചു, ഇനി തുറന്നു പറയേണ്ടി വരും എന്ന നിലപാടിലാണ് പലരും. ഇടതു സഹയാത്രികര്‍ പലരും തുറന്നടിച്ചു രംഗത്തു വന്ന് കഴിഞ്ഞു. 

പിടിയിലായവരെല്ലാം മുഖ്യപ്രതികള്‍ എന്ന വിചിത്രമായ വാദമാണ് പോലീസ് ഉന്നയിക്കുന്നത്. മുഖ്യപ്രതിയെയടക്കം ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. ചിലര്‍ വിദേശത്തേക്കു കടന്നിരിക്കാമെന്നു പോലീസ് തന്നെ പറയുന്നു. ജനങ്ങളെ വിഡ്ഢികളാക്കി എസ്ഡിപിഐ കേന്ദ്രങ്ങളില്‍ നേരത്തേ വിളിച്ചു പറഞ്ഞുള്ള റെയ്ഡുകള്‍ തുടരുന്നു. കടുത്ത നടപടികള്‍ സ്വീകരിക്കാതെ ആഭ്യന്തര വകുപ്പ് പകച്ചു നില്‍ക്കുകയാണെന്നും വിമര്‍ശനമുയരുന്നു. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ വകുപ്പ് നാഥനില്ലാത്ത അവസ്ഥയിലാണ്. 

ഓരോ ദിവസവും ഉടന്‍ പിടിക്കുമെന്ന ഡിജിപിയുടെ പ്രസ്താവന ആവര്‍ത്തിക്കുന്നതല്ലാതെ നടപടിയില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന വിമര്‍ശനം. പീഡനക്കേസുകളോട് ഇതിനേക്കാള്‍ കൂടുതല്‍ താത്പര്യം കാട്ടുന്നു എന്നാണ് ചിലരുടെ ആക്ഷേപം. പോപ്പുലര്‍ ഫ്രണ്ട് ഭീകരതയെ എതിര്‍ക്കാതെ മറ്റു പാര്‍ട്ടികളെ പഴിചാരുന്നത് സിപിഎം നേതാക്കള്‍ തുടരുകയാണ്. 

ക്യാമ്പസില്‍ നിന്ന് വിദ്യാര്‍ഥികള്‍ പിടിച്ചു കൊടുത്തവരില്‍ നിന്ന് അപ്പുറത്തേക്ക് പോലീസിനു പോകാന്‍ കഴിയാത്തതില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് സൂചന. പ്രതീക്ഷിക്കുന്നതിനപ്പുറം സിപിഎം-എസ്ഡിപിഐ ഒത്തുകളി ശക്തമാണെന്ന ആരോപണം ശക്തമാവുകയാണ്. ഇത്തരം ഇസ്ലാമിക തീവ്രവാദ സംഘടനകളെ എതിര്‍ക്കുമ്പോഴെല്ലാം ആര്‍എസ്എസ്സിനു മേല്‍ ആരോപണങ്ങള്‍ അഴിച്ചുവിടുന്നത് ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.