നവസാന്ദീപനി നവതിപ്രഭയില്‍

Saturday 14 July 2018 7:09 am IST

കൊച്ചി: സാംസ്‌കാരിക കേരളത്തിന്റെ ഹൃദയധമനികളില്‍ ഭാരതീയ പൈതൃകത്തിന്റെ ജീവരക്തം നിറച്ച മഹദ്‌വ്യക്തിത്വത്തിന്റെ നവതിയാഘോഷത്തിന് ഇന്ന് തുടക്കം. 1928ല്‍ കൊല്ലം ജില്ലയിലെ ഐവര്‍കാലയില്‍ മകരമാസത്തിലെ ഉത്രട്ടാതി നക്ഷത്രത്തില്‍ പിറന്ന എം.എ. കൃഷ്ണന്‍, അവതാരകൃഷ്ണന്റെ ആശയാദര്‍ശങ്ങളുടെ പ്രയോക്താവായി മാറിയത് ആധുനിക കേരളത്തിന്റെ ചരിത്രത്തിന് സംസ്‌കാരത്തിന്റെ ഉള്ളടക്കം നല്‍കിയാണ്.

സംസ്‌കൃതപണ്ഡിതന്‍, അധ്യാപകന്‍, ആര്‍എസ്എസ് പ്രചാരകന്‍, പത്രാധിപര്‍, സംഘാടകന്‍ എന്നീ നിലകളില്‍ എം.എ. സാറിന്റെ ആറരപ്പതിറ്റാണ്ടുകാലത്തെ അനിതരസാധാരണമായ കര്‍മവൈഭവത്തിന്റെ സദ്ഫലങ്ങള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്.

'കേസരി' പത്രാധിപരായി പ്രവര്‍ത്തിച്ച പതിറ്റാണ്ടുകളില്‍ സാംസ്‌കാരിക കേരളത്തിന്റെ പരിച്ഛേദവുമായി സംവദിക്കാന്‍ കഴിഞ്ഞ ഈ അക്ഷരപുരുഷനാണ് വാരികയുടെ ബാലപംക്തിയില്‍നിന്ന് ബാലഗോകുലം എന്ന ഏഷ്യയിലെ ഏറ്റവും വലിയ, കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനത്തെ പടുത്തുയര്‍ത്തിയത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വേദിയായി തപസ്യ കലാസാഹിത്യവേദിയെ സൃഷ്ടിച്ചെടുത്തതും മറ്റാരുമല്ല. 

സംസ്‌കൃത പഠനത്തിനുവേണ്ടിയുള്ള അമൃതഭാരതി, കേരളത്തിന്റെ സാമൂഹ്യോത്‌സവമായി മാറിയ ശ്രീകൃഷ്ണജയന്തി ബാലദിനം, ദ്വാപരയുഗത്തിന്റെ നന്മകളത്രയും പുനരാവിഷ്‌കരിക്കുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം എന്നിവയൊക്കെ ഈ നിശബ്ദ ഭഗീരഥന്‍ ഇതിനകം സൃഷ്ടിച്ച വിസ്മയങ്ങളാണ്.

അനുമോദനങ്ങളുടെയും അംഗീകാരങ്ങളുടെയും ഒത്തനടുവില്‍ നിര്‍മമനായി നിലകൊള്ളുന്ന ഈ നവസാന്ദീപനി സാക്ഷാല്‍ കൃഷ്ണന്റെ ഗുരുവര്യനെപ്പോലെ നമ്മെ പഠിപ്പിക്കുന്നത് ഭാഷയുടെയും സംസ്‌കാരത്തിന്റെയും അറിവിന്റെയും അമൂല്യമായ പാഠങ്ങളാണ്. 

ബാലഗോകുലം നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്ടെ എന്‍.എന്‍. കക്കാട് നഗറില്‍ (ചിന്മയാഞ്ജലി ഓഡിറ്റോറിയം) ഇന്ന് നവതിയാഘോഷത്തിന് തുടക്കം കുറിക്കുന്നത് നവകേരളത്തിന്റെ പ്രത്യാശാഭരിതമായ നാളുകള്‍ക്കുവേണ്ടിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.