നവാസ് ഷെരീഫിനും മകള്‍ക്കും ജയിലില്‍ ബി ക്ലാസ് സൗകര്യം

Saturday 14 July 2018 10:17 am IST

ലാഹോര്‍: പനാമ കുംഭകോണമുള്‍പ്പെടെ മൂന്ന് അഴിമതിയാരോപണ കേസുകളില്‍  ശിക്ഷിക്കപ്പെട്ട മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനേയും മകള്‍ മറിയം നവാസിനും ജയിലില്‍ ബി ക്ലാസ് സൗകര്യം. ഇരുവരുടെയും സാമൂഹിക പദവി പരിഗണിച്ച് റാവല്‍പിണ്ടിയിലെ അഡ്‌ലെല ജയിലില്‍ ബി ക്ലാസ് സൗകര്യം നല്‍കിയിട്ടുണ്ടെന്ന് ജയില്‍ അധികൃതരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉയര്‍ന്ന സാമൂഹിക പദവിയും വിദ്യാഭ്യാസവും ഉള്ളവരെയാണ് എ, ബി ക്ലാസുകളില്‍ ഉള്‍പ്പെടുത്തുന്നത്. ജയിലിലെ സി ക്ലാസ് തടവുകാര്‍ക്ക് ക്ലാസ് എടുക്കുന്നതുള്‍പ്പടെയുള്ളവ ബി ക്ലാസ് തടവുകാരുടെ ചുമതലയാണ്. കഠിനമായ ജോലികള്‍ ബി ക്ലാസ് തടവുകാര്‍ ചെയ്യേണ്ടതില്ല. ജയില്‍ വകുപ്പിന്റെ അനുമതിയോടെ ടി.വി, എ.സി, ഫ്രിഡ്ജ്, ദിനപത്രം എന്നിവയും എ, ബി ക്ലാസിലെ തടവുകാര്‍ക്ക് ഉപയോഗിക്കാം.

കഴിഞ്ഞ ദിവസവമാണ് നവാസ് ശരീഫിനെയും മകള്‍ മറിയത്തെയും അറസ്റ്റ് ചെയ്തത്. ലണ്ടനില്‍നിന്ന് എത്തിയ ഇവരെ ലാഹോര്‍ വിമാനത്താവളത്തില്‍ നിന്നാണ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്റ്റന്‍ (റിട്ട) മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ലണ്ടനിലെ സമ്ബന്ന പ്രദേശമായ അവെന്‍ ഫീല്‍ഡില്‍ നാല് ആഡംബര ഫ്‌ലാറ്റുകള്‍ സ്വന്തമാക്കിയ കേസിലാണ് ഇരുവരെയും ശിക്ഷിച്ചത്. ശരീഫിന്റെയും മറിയത്തിന്റെയും പാസ്‌പോര്‍ട്ടുകളും കണ്ടുകെട്ടിയിരുന്നു.

പത്തു വര്‍ഷമാണ് ഷെരിഫിന്റെ ശിക്ഷാ കാലാവധി. മറിയത്തിന് ഏഴു വര്‍ഷവും.ശിക്ഷ വിധിക്കുമ്പോള്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ലണ്ടനിലായിരുന്നു ഷെരീഫ്. ജയിലഴികള്‍ മുമ്പില്‍ കാണുന്നുണ്ടെങ്കിലും രാജ്യത്തേക്ക് മടങ്ങാനാണ് ആഗ്രഹമെന്ന് ലണ്ടനില്‍ മറിയത്തിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷെരീഫ് പറഞ്ഞു. ലണ്ടനിലെ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയിലുള്ള ഭാര്യ കുല്‍സും നവാസിന് അച്ഛനും മകളും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നേരുന്നതിന്റ ദൃശ്യം മറിയം ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.