നിരവ് മോദിയുമായി ഇടപാട്: 50 സമ്പന്നര്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍

Saturday 14 July 2018 12:45 pm IST

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി നീരവ് മോദിയുമായി ഇടപാട് നടത്തിയ 50ഓളം സമ്പന്നര്‍ ആദായ നികുതി വകുപ്പ് നിരീക്ഷത്തില്‍. ഇവരുടെ ആദായ നികുതി റിട്ടേണ്‍ പുനഃപരിശോധിക്കാനാണ് വകുപ്പിന്റെ തീരുമാനം.  ഇതുസംബന്ധിച്ച് നോട്ടീസും നല്‍കിയിട്ടുണ്ട്.

നിരവ് മോദിയില്‍ നിന്നും ഇവര്‍ വന്‍തുക മുടക്കി ആഭരണങ്ങള്‍ വാങ്ങിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പിന്റെ നീക്കം. ആഭരണങ്ങള്‍ വാങ്ങിയതിലെ സാമ്പത്തിക ഉറവിടം വ്യക്തമാക്കണമെന്നും ആദായ നികുതി വകുപ്പ് അയച്ച നോട്ടീസ് പറയുന്നു.  ഇവരില്‍ ഏറെയും ക്യാഷ് പെയ്മെന്റ് നല്‍കിയാണ് ഇവരില്‍ ഏറെയും ആഭരണങ്ങള്‍ വാങ്ങിയതെന്നും വകുപ്പിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. വജ്രത്തിന്റെ വിലയുടെ ഒരു ഭാഗം കാര്‍ഡോ വഴിയോ ചെക്കായോ നല്‍കി. ബാക്കി തുക പണമായി നേരിട്ട് നല്‍കിയെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍.

പണമായി ഒന്നും നല്‍കിയില്ലെന്നാണ് ഇടപാടുകാര്‍ ആദായ നികുതി വകുപ്പിന് മറുപടി നല്‍കിയത്. എന്നാല്‍ നിരവ് മോദിയുടെ സ്ഥാപനത്തില്‍ നിന്നും ലഭിച്ച രേഖകള്‍ ഇത് വ്യാജമാണെന്ന് തെളിയിക്കുന്നുണ്ട്. കാര്‍ഡോ ചെക്കോ ഉപയോഗിച്ച് നടത്തിയ ഇടപാടുകള്‍ ഇന്‍കം ടാക്സ് റിട്ടേണ്‍സില്‍ വന്നിട്ടുണ്ട്. എന്നാല്‍ പണമായി നല്‍കിയ ലക്ഷങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുവഴി വന്‍തോതില്‍ നികുതി വെട്ടിപ്പ് നടന്നുവെന്നാണ് വകുപ്പിന്റെ നിരീക്ഷണം.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിന്റെ കുടുംബവുമായി ബന്ധമുള്ള റിവാരിയിലെ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡില്‍ നിരവ് മോദിയില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങിയതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 2011 മുതല്‍ 13,400 കോടി രൂപ വായ്പ ഇനത്തില്‍ തട്ടിയെടുത്ത നിരവ് മോഡിയും ബന്ധു മെഹുല്‍ ചോക്സിയും തട്ടിപ്പ് ജനുവരിയില്‍ പുറത്തുവന്നതോടെ രാജ്യം വിട്ടിരുന്നു. ഇരുവര്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും കേസെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.