കുട്ടികളെ വിറ്റ സംഭവത്തില്‍ കുറ്റസമ്മതവുമായി കന്യാസ്ത്രീ

Saturday 14 July 2018 3:30 pm IST

റാഞ്ചി: മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ റാഞ്ചിയിലെ കേന്ദ്രത്തില്‍ നിന്ന് നൂറുകണക്കിന് കുഞ്ഞുങ്ങളെ വിറ്റ സംഭവത്തില്‍ കുറ്റസമ്മതവുമായി കന്യാസ്ത്രീ.  മിഷണറി ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീയായ കൊണ്‍സെല കുറ്റസമ്മതം നടത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മൂന്ന് കുട്ടികളെ വിറ്റുവെന്നും മറ്റൊരു കുട്ടിയെ സൗജന്യമായി നല്‍കിയെന്നുമാണ് കുറ്റസമ്മത മൊഴിയിലുള്ളത്.

മദര്‍ തെരേസ ചാരിറ്റിയുടെ നേതൃത്വത്തിലുള്ള നിര്‍മല്‍ ഹൃദയ് എന്ന സ്ഥാപനത്തില്‍ നിന്ന് കുട്ടികളെ വിറ്റുവെന്നാണ് പരാതി. കൊണ്‍സെലയെ കൂടാതെ അനിമ ഇന്‍ഡ്‌വാര്‍ എന്ന കന്യാസ്ത്രീയും കേസില്‍ പ്രതിയാണ്.സംസ്ഥാനത്തുടനീളം മിഷന്‍ ഓഫ് ചാരിറ്റിക്ക് ഷെല്‍ട്ടര്‍ ഹോമുകളുണ്ട്. എങ്കിലും റാഞ്ചിയിലെ ഷെല്‍ട്ടര്‍ ഹോം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് സൂചന. നേരത്തെ കുട്ടികളെ വിറ്റ സംഭവത്തില്‍ അന്വേഷണത്തെ വിമര്‍ശിച്ച് ഝാര്‍ഖണ്ഡ് ബിഷപ്പ് രംഗത്തെത്തിയിരുന്നു.

2015 മുതല്‍ 450 ഗര്‍ഭിണികളാണ് റാഞ്ചിയിലെ അഭയകേന്ദ്രത്തില്‍ പ്രസവിച്ചത്. ഇതില്‍ 170 പേരുടെ പ്രസവം സംബന്ധിച്ച രേഖകള്‍ മാത്രമേ കേന്ദ്രത്തിന്റെ കൈവശമുള്ളൂ. ബാക്കിയുള്ള കുട്ടികളെ എന്തു ചെയ്തെന്ന കണക്കില്ലെന്ന് ഝാര്‍ഖണ്ഡിലെ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിയിരുന്നു. 

റാഞ്ചി കേന്ദ്രത്തിലെ കന്യാസ്ത്രീയേയും സഹായിയായ ഒരു സ്്ത്രീയെയുമാണ് കുട്ടിയെ വിറ്റ സംഭവത്തില്‍ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. റാഞ്ചി കേന്ദ്രത്തില്‍ നിന്ന് നവജാത ശിശുക്കളെ സ്ഥിരമായി വിറ്റിരുന്നതായി പിടിയിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെ കുട്ടികള്‍ക്ക് ലഭിച്ചിരുന്നു. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍, വില്‍പന നടത്തിയ കുട്ടികളെ കണ്ടെത്താനും ഇതിനു പിന്നിലുള്ള വലിയ റാക്കറ്റിനെ പിടികൂടാനും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 

മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ ഫണ്ട് തടയണമെന്നാവശ്യപ്പെട്ട് ഝാര്‍ഖണ്ഡ് ഡിജിപി കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മിഷണറീസ് ഓഫ് ചാരിറ്റി അടക്കം അഞ്ച് സംഘടനകള്‍ കോടികള്‍ വിദേശത്തുനിന്ന് സഹായം വാങ്ങിയതായി പോലീസ് പറയുന്നു. കേസില്‍ സിബിഐയുടെ അന്വേഷണവും അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.