'ഒരു പഴയ ബോംബുകഥ'യുമായി ബിബിൻ ജോർജ്

Sunday 15 July 2018 2:31 am IST

ആരോഗ്യവും സൗന്ദര്യവും വേണ്ടതിലധികമുള്ള ചെറുപ്പക്കാര്‍ ഒന്നു മുഖംകാണിക്കാന്‍ അവസരങ്ങള്‍ തേടി അലഞ്ഞ് മനസ്സ് മടുക്കുന്ന മലയാള സിനിമാ രംഗത്ത്  പോളിയോ രോഗത്തിന് ഇരയായി ഒരു കാലിന് സ്വാധീനം നഷ്ടപ്പെട്ട പയ്യന്‍ സിനിമയില്‍ നായകനാകാന്‍ മോഹിച്ചാലോ? ചിലരെങ്കിലും ചിരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അങ്ങനെ നേരിട്ട ചില ചിരികളാണ് ബിബിന്‍ ജോര്‍ജ് എന്ന ഭിന്നശേഷിക്കാരനെ മലയാളം സിനിമയിലെ പുതിയ നായക പദവിയിലേക്ക് എത്തിച്ചതെന്ന് വേണമെങ്കില്‍ പറയാം. 

ഭിന്നശേഷിയുള്ള യുവാവിനെ നായകനാക്കി തിരക്കഥ എഴുതിക്കൊണ്ടാണ് ബിബിന്‍ തന്റെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് നിറങ്ങള്‍ പകര്‍ന്നുതുടങ്ങിയത്. പക്ഷേ ആ ശ്രമങ്ങള്‍ എങ്ങുമെത്താതെ അവസാനിച്ചു. തിരക്കഥ അലക്ഷ്യമായി ഷെല്‍ഫില്‍ നിക്ഷേപിച്ചു. മൂന്ന് വര്‍ഷത്തിനുശേഷം ആ തിരക്കഥക്ക് ആവശ്യക്കാരനുണ്ടാകുന്നു. നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത 'അമര്‍ അക്ബര്‍ ആന്റണി' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമായിത്തീരാനായിരുന്നു ആ തിരക്കഥയുടെ തലയിലെഴുത്ത്! 

ആ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബിബിന് നിരാശ തോന്നിയില്ല. കാരണം മലയാളത്തിലെ സൂപ്പര്‍ നായകരായ പ്രിഥ്വിരാജ്, ജയസൂര്യ എന്നവരായിരുന്നു അതിലെ പ്രധാന വേഷങ്ങള്‍ ചെയ്തത്. അതിനെക്കാള്‍ വലിയ ഭാഗ്യം പുതിയ എഴുത്തുകാരന് കിട്ടാനുണ്ടോ എന്നാണ് ബിബിന്‍ ചോദിക്കുന്നത്. നാദിര്‍ഷയുടെ രണ്ടാമത്തെ ചിത്രമായ 'കട്ടപ്പയിലെ ഋദിക്ക് റോഷ'ന്റെ തിരക്കഥയും ബിബിന്‍ തന്നെയാണ് ഒരുക്കിയത്. (തിരക്കഥാ രചനയില്‍ ബിബിന്‍ ജോര്‍ജിന് ഒരു പങ്കാളിയുണ്ട്. പ്രിയ സുഹൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍).

രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാ കൃത്ത് എന്ന നിലയില്‍ മലയാള സിനിമയില്‍ സാന്നിദ്ധ്യം ഉറപ്പിച്ചുവെങ്കിലും അഭിനയമോഹം നീണ്ടുപോയി. ഷാഫി സംവിധാനം ചെയ്ത 'റോള്‍ മോഡല്‍സി'ല്‍ പ്രധാന വില്ലനാകാനുള്ള ക്ഷണം വന്നതോടെയാണ് ഒരിക്കലും നടക്കാത്തതുപോലുള്ള ഒരു സ്വപ്‌നത്തിന് ജീവന്‍ വച്ചത്. ഷാഫിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഒരു പഴയ ബോംബ് കഥ'യിലെ നായകനായി കാസ്റ്റ് ചെയ്യപ്പെട്ടതോടെ തന്റെ ജീവിതത്തില്‍ ഒരു പുതിയ സൂര്യന്‍ ഉദിച്ച അനുഭവമാമെന്ന് ബിബിന്‍ ജോര്‍ജ് പറയുന്നു. ഇനി ബിബിന്റെ വാക്കുകളിലൂടെ...

ഫ്‌ളാഷ് ബാക്ക് 

കുട്ടിക്കാലം മുതല്‍തന്നെ പാട്ടുകള്‍ പാടുന്ന ശീലമുണ്ടായിരുന്നു. വേദികളില്‍ നില്‍ക്കുമ്പോള്‍ സഹതാപത്തോടെയുള്ള നോട്ടങ്ങള്‍ എന്നെ അസ്വസ്ഥനാക്കി. ആളുകളെ ചിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ കുറേക്കൂടി പോസിറ്റീവ് ആകുമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് മിമിക്രിയിലേക്ക് മാറുന്നത്. സാവധാനമാണെങ്കിലും വേദികള്‍ കിട്ടിത്തുടങ്ങി. പതുക്കെ ഇത് എന്റെ ജീവിതമാര്‍ഗ്ഗമായി തീരുന്നത് ഞാന്‍ അറിഞ്ഞു. 

വിഷ്ണു ഉണ്ണികൃഷ്ണന്‍ 

ആറാം ക്ലാസ് മുതലുള്ള സൗഹൃദമാണ് വിഷ്ണുവുമായിട്ടുള്ളത്. ഒരു നാട്ടിന്‍പുറത്തെ വേദിയില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. പിന്നീട് ഒന്നിച്ചായി പരിപാടികള്‍. എന്റെ കണ്ണോ പുരികമോ അനങ്ങിയാല്‍ അതിന്റെ അര്‍ത്ഥം അവന് മനസ്സിലാകും. എനിക്കും അതുപോലെതന്നെയാണ്. ഞങ്ങളുടെ ദൃഢമായ സൗഹൃദം എന്റെ ജീവിതത്തിലെ വലിയ സൗഭാഗ്യങ്ങളിലൊന്നാണ്. ഞങ്ങള്‍ അദ്യമായി എഴുതിയ തിരക്കഥയാണ് 'അമര്‍ അക്ബര്‍ ആന്റണി.' കല്‍പ്പണിക്കാരനായ അപ്പച്ചന്റേയും അമ്മച്ചിയുടേയും രണ്ട് സഹോദരിമാരുടേയും സ്‌നേഹവും പ്രോത്സാഹനവുമാണ് എന്റെ ജീവിത്തിന്റെ അടിത്തറ. ചെറുപ്പം മുതല്‍തന്നെ എല്ലാ സ്വാതന്ത്ര്യവും അവര്‍ എനിക്ക് തന്നു. അവിടെ പോകരുത്, ഇവിടെ പോകരുത് എന്നൊക്കെയുള്ള ഒരു നിയന്ത്രണവും അവര്‍ എന്റെമേല്‍ വെച്ചില്ല. 

അവഗണനകള്‍ / പരിഗണനകള്‍

എന്നെപ്പോലെ ഒരു ഭിന്നശേഷിക്കാരന് അവഗണനകളും പരിഹാസങ്ങളും ചെറുപ്പത്തിലേ ശീലമാകും. സിനിമയില്‍ അഭിനയിക്കണമെന്ന മോഹം പറഞ്ഞപ്പോള്‍ ഒരു കൂട്ടുകാരന്‍ ചിരിച്ച ചിരി ഇപ്പോഴും ഓര്‍മ്മയുണ്ട്. പക്ഷേ അതിലൊന്നും തളര്‍ന്നുപോകാതെ മുന്നോട്ട് നിങ്ങാന്‍ കഴിഞ്ഞത് പലരുടേയും പരിഗണനകള്‍ കൊണ്ടുകൂടിയാണ്. പരിഹാസങ്ങളാണ് പലപ്പോഴും പ്രചോദനങ്ങളായി മാറുന്നത്. ഒരു സിനിമയെങ്കില്‍ ഒരു സിനിമ. നായകനായി തന്നെ വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞാന്‍ പ്രാര്‍ത്ഥിക്കാത്ത പ്രാര്‍ത്ഥന ദൈവം കേട്ടു. 

കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ 

കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ മറ്റൊരു നടനുവേണ്ടി എഴുതിയ തിരക്കഥയാണ്. പക്ഷേ അദ്ദേഹത്തിന് ആ കഥ ഇഷ്ടമായില്ല. അങ്ങിനെയാണ് വിഷ്ണു അതില്‍ നായകനാകുന്നത്. 

ഷാഫി സാര്‍

എന്നെപ്പോലെ ഒരാളെ നായകനാക്കി ഒരു സിനിമ എടുക്കാന്‍ തയ്യാറായ ഷാഫി സാറിനോടുള്ള കൃതജ്ഞത പറഞ്ഞറിയിക്കാന്‍ പറ്റില്ല. നിര്‍മാതാവ് ആല്‍വിന്‍ ആന്റണി ചേട്ടനും മറ്റു സഹപ്രവര്‍ത്തകരും വലിയ പിന്തുണയാണ് നല്‍കിയത്. റോള്‍ മോഡല്‍സില്‍ വില്ലനായി അഭിനയിച്ചതോടെ സിനിമാ അഭിനയം എനിക്ക് വഴങ്ങുമെന്ന ആത്മവിശ്വാസം വന്നു. 

വലിയ പ്രതീക്ഷയോടെയാണ് ഒരു പഴയ ബോംബ് കഥയുമായി ഞങ്ങള്‍ പ്രേക്ഷകരെ സമീപിക്കുന്നത്. ഷാഫി സാര്‍ ആദ്യമായിട്ടാണ് ഒരു പുതുമുഖത്തെ നായകനാക്കി സിനിമ എടുക്കുന്നത്. എന്റെ കൂടെ അഭിനയിക്കുന്നത് വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ബിജുകുട്ടന്‍ തുടങ്ങിയ പ്രമുഖ താരങ്ങളാണ്. വിനോദ് വില്ലമ്പിള്ളിയാണ് ക്യാമറ. പട്ടണം റഷീദ് മേക്കപ്പ്. കോതമംഗലത്തായിരുന്നു ചിത്രീകരണം. ചീത്രീകരണം വളരെ രസകരമായ അനുഭവമായിരുന്നു. അവിടെ ഞങ്ങള്‍ ചിരിച്ച ചിരികള്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ ഈ ചിത്രത്തിലൂടെ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഈ ചിത്രത്തില്‍ തമാശ മാത്രമല്ല  പ്രണയവും, പ്രതികാരവും, സംഗീതവുമൊക്കെയുണ്ട്.

പോള്‍ തോമസ്    , paulkt1998@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.