സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Sunday 15 July 2018 2:36 am IST
"കേരള സംഗീത നാടക അക്കാദമിയുടെ 2017ലെ ഫെലോഷിപ്പുകള്‍ ഏറ്റുവാങ്ങിയ കെ.എം. രാഘവന്‍ നമ്പ്യാര്‍, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, ഗോപിനാഥ് മുതുകാട് എന്നിവര്‍ മന്ത്രി എ.കെ. ബാലനൊപ്പം"

തൃശൂര്‍: സാംസ്‌കാരിക പൊതുബോധത്തിന്റെ നല്ല തലങ്ങള്‍ മാറിയെന്നും എന്നാല്‍ സാംസ്‌കാരിക രംഗത്തിന് വലിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്ന് കലാകാരന്മാര്‍ മനസിലാക്കണമെന്നും മന്ത്രി എ.കെ. ബാലന്‍. കേരള സംഗീത നാടക അക്കാദമിയുടെ 2017ലെ പുരസ്‌കാര സമര്‍പ്പണം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

അവശ കലാകാരന്മാര്‍ക്ക് ചികിത്സാ ചെലവായി ഒരു ലക്ഷം രൂപ നല്‍കും. കഴക്കൂട്ടത്തെ കിന്‍ഫ്രാ പാര്‍ക്കില്‍ നിര്‍മിക്കുന്ന ഫിലിം റിസര്‍ച്ച് സെന്ററിന് നടന്‍ സത്യന്റെ പേരു നല്‍കും. 1000 കലാകാരന്മാര്‍ക്ക് മാസത്തില്‍ 10,000 രൂപ വീതം സാംസ്‌കാരിക വകുപ്പ് നല്‍കും. കലാകാരന്മാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതി രൂപപ്പെടുത്തും. 14 ജില്ലകളില്‍ 50 കോടി രൂപ ചെലവില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണ്. ഒക്‌ടോബര്‍ മുതല്‍ ഒരു വര്‍ഷം കേരളത്തില്‍ ഗാന്ധി രക്തസാക്ഷി ദിനത്തിന്റെ 70-ാം വാര്‍ഷികം സാംസ്‌കാരിക വകുപ്പ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആചരിക്കുമെന്നും മന്ത്രി പറഞ്ഞു. 

കെ.ടി. മുഹമ്മദ് സ്മാരക തീയേറ്ററില്‍ നടന്ന ചടങ്ങില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത അധ്യക്ഷത വഹിച്ചു. കെ.എം. രാഘവന്‍ നമ്പ്യാര്‍ (നാടകം), പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് (സംഗീതം), ഗോപിനാഥ് മുതുകാട് (മാജിക്) എന്നിവര്‍ക്ക് എന്നിവര്‍ക്ക് 2017ലെ സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് മന്ത്രി സമ്മാനിച്ചു. നാടകം, ഉപകരണ സംഗീതം, കര്‍ണാടക സംഗീതം, ലളിത സംഗീതം, കഥാപ്രസംഗം, മോഹിനിയാട്ടം, കഥകളി, ഓട്ടന്‍തുള്ളല്‍, കൂടിയാട്ടം, ചെണ്ട, മദ്ദളം, തിമില, ചവിട്ടുനാടകം എന്നീ മേഖലകളില്‍ നിന്ന് മികവു തെളിയിച്ച 33 കലാകാരന്‍മാരെ അവാര്‍ഡും ഗുരുപൂജയും നല്‍കി മന്ത്രി ആദരിച്ചു. 

അന്താരാഷ്ട്ര നാടകോത്സവത്തില്‍ അച്ചടി- മാധ്യമ പുരസ്‌കാരം നേടിയ സക്കീര്‍ ഹുസൈന്‍ (മാധ്യമം), കെ. ഗിരീഷ് (ദേശാഭിമാനി), ഉണ്ണി കോട്ടയ്ക്കല്‍ (മലയാള മനോരമ), പി.കെ. അഫ്‌സല്‍ (തേജസ്), പ്രിയ എളവള്ളിമഠം (ഏഷ്യാനെറ്റ്), മുകേഷ് ലാല്‍ (ടിസിവി) എന്നിവര്‍ക്കും മന്ത്രി അവാര്‍ഡുകള്‍ നല്‍കി. സാഹിത്യ അക്കാദമി പ്രസിഡന്റ്‌വൈശാഖന്‍ മുഖ്യാതിഥിയായി. സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, നിര്‍വാഹക സമിതിയംഗം അഡ്വ.വി.ഡി. പ്രേം പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.