എതിര്‍ശബ്ദങ്ങളെ കൊന്നൊടുക്കുന്നത് കമ്യൂണിസ്റ്റ്‌ശൈലി; പ്രതികരിക്കാന്‍ എഴുത്തുകാര്‍ക്ക് ധൈര്യമില്ല: സി.വി. ബാലകൃഷ്ണന്‍

Sunday 15 July 2018 2:37 am IST

കൊച്ചി: എതിര്‍ശബ്ദങ്ങളെ കൊന്നൊടുക്കുകയും ഇല്ലാതാക്കുകയുംചെയ്യുന്നതാണ് കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ശൈലിയെന്ന് വിമര്‍ശിച്ച നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍, കേരളത്തിലെ എഴുത്തുകാര്‍ക്ക് ഭരണകക്ഷിയോടോ അവരുടെ മുന്നണികളോടോ മാത്രമാണ് വിധേയത്വമെന്ന് കുറ്റപ്പെടുത്തി. ഹിറ്റ്‌ലര്‍ കൊന്നതിനേക്കാള്‍ കൂടുതല്‍ സ്റ്റാലിന്‍ കൊന്നിട്ടുണ്ട്. പരിഷ്‌കൃത സമൂഹത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് ഇവിടെ നടക്കുന്നത്, ബാലകൃഷ്ണന്‍ പറഞ്ഞു.

സ്ഥാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും വേണ്ടിയുള്ള വിധേയത്വം മൂലം ഇടതുമുന്നണി ഭരണകാലത്ത് അധികാരത്തിലിരിക്കുന്നവര്‍ക്ക് എതിരേ സംസാരിക്കുന്നവര്‍ കുറവാണെന്നും ഉത്തരേന്ത്യയെക്കുറിച്ച് ഏറെ സംസാരിക്കുമെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ഭാഷാപോഷിണിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''കേരളത്തിന്റെ രാഷ്ട്രീയത്തില്‍ എഴുത്തുകാര്‍ ക്രിയാത്മകമായ പങ്കൊന്നും വഹിക്കുന്നില്ല. ഭരണത്തിലെത്തിയ പാര്‍ട്ടികളോടോ മുന്നണികളോടോ ഉള്ള വിധേയത്വമാണ് പലര്‍ക്കും. ഇടതുമുന്നണി ഭരിക്കുന്ന കാലത്ത് അധികാരത്തിലിരിക്കുന്നവര്‍ക്ക് എതിരെ സംസാരിക്കുന്നവര്‍ വളരെ കുറച്ചുപേരേയുള്ളൂ. ഇതുകൊണ്ടുതന്നെ കേരളത്തിലെ ദു രഭിമാനക്കൊലയോ കസ്റ്റഡി മരണമോ ദളിത് പീഡനമോ ഒന്നും ആരും പരാമര്‍ശിക്കാറില്ല. ഇതിനെപ്പറ്റിയൊന്നും സംസാരിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഉത്തരേന്ത്യയിലെ സംഭവങ്ങളെപ്പറ്റിയാണ് എല്ലാ എഴുത്തുകാരും സംസാരിക്കുക. കഠ്‌വ  സംഭവം ഇവിടെ വലിയ ചലനങ്ങളുണ്ടാക്കി. അതുസംബന്ധിച്ച്  കവിതകള്‍ എഴുതപ്പെട്ടു.  ബാലകൃഷ്ണന്‍ പറയുന്നു.

ഇന്ത്യയില്‍ കൂടുതല്‍ പീഡനങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം, സോ ക്രൂവല്‍ സ്‌റ്റേറ്റ്. കഴിഞ്ഞ വര്‍ഷം ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിയമമനുസരിച്ച് 2,697 കേസുകളാണ് രജിസ്‌ററര്‍ ചെയ്യപ്പെട്ടത്. ഇക്കൊല്ലം മേയ് ഇരുപത്തിയാറിന് എണ്ണൂറു കേസുകള്‍. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളും പ്രായം കുറഞ്ഞ ആണ്‍കുട്ടികള്‍ പോലും പീഡിപ്പിക്കപ്പെടുന്ന സ്ഥലമാണ് കേരളം. 

മേയ് പതിനേഴിന് രാവിലെ മുതല്‍ വൈകിട്ട് മൂന്നുമണിവരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുകള്‍ 26 ആയിരുന്നു. രണ്ടു മാസത്തിനിടെ ഇരുനൂറ്റന്‍പതോളം കേസുകള്‍ ഉണ്ടായി. ഇതില്‍  മൂന്നും നാലും വയസു മുതലുള്ള പെണ്‍കുട്ടികളുമുണ്ട്, അദ്ദേഹം പറയുന്നു. 

എഴുത്തുകാര്‍ക്ക് ധൈര്യക്കുറവാണെന്ന് ബാലകൃഷ്ണന്‍ പറയുന്നു. കേരളത്തില്‍ ധീരതയോടെ എഴുതിയിട്ടുള്ളത് ഒ.വി. വിജയനും വികെഎന്നുമാണ്. അതുകൊണ്ടുതന്നെ ഇവരോട് എല്ലാവര്‍ക്കും നീരസമായിരുന്നു. ഇവരെ വ്യവസ്ഥാപിത കക്ഷികളൊന്നും അംഗീകരിച്ചിരുന്നില്ല. വികെഎന്‍ മരിച്ചപ്പോള്‍ ചുരുക്കം പേരേ എത്തിയുള്ളൂ. അദ്ദേഹത്തിന് വലിയ സംസ്ഥാന ബഹുമതികളൊന്നും ലഭിച്ചതുമില്ല. കമ്യൂണിസ്റ്റുകള്‍ക്ക് അനുകൂലമായി എഴുതാഞ്ഞതിന് ഇഎംഎസ് പോലും ഒ.വി. വിജയനെ കിറുക്കനെന്നും സിഐഎ ചാരനെന്നുമാണ് വിളിച്ചിരുന്നതെന്നുംവെന്നും അഭിമുഖത്തില്‍ ബാലകൃഷ്ണന്‍  പറഞ്ഞു. 

കേരളത്തില്‍  ബ്യൂറോക്രസിയും മതവും പോലീസും മുന്നണി ഭേദമില്ലാതെ മനുഷ്യനെ ദ്രോഹിക്കുന്നു. മുമ്പത്തെ ഭരണകക്ഷിയിലെ പോലീസ് മേധാവി ഇപ്പോള്‍ ഉപദേഷ്ടാവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. പരിതാപകരമായ അവസ്ഥയാണ് കേരളത്തില്‍, അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.