അമ്പലപ്പുഴ ക്ഷേത്ര പതക്കം; കര്‍മ്മ സമിതി വീണ്ടും ഹര്‍ജി നല്‍കി

Sunday 15 July 2018 2:43 am IST

അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ പതക്കം നഷ്ടപ്പെട്ട കേസില്‍ കര്‍മ്മസമിതി ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ടെമ്പിള്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസം ഇടുക്കി പീരുമേട് ഉപ്പുതറ സ്വദേശിയായ കാളിയപ്പന്‍ എന്നു വിളിക്കുന്ന വിശ്വനാഥനെ (57) അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ പതക്കം മോഷ്ടിച്ചിട്ടില്ലെന്നും ക്ഷേത്രത്തിനു വെളിയിലെ കുപ്പത്തൊട്ടിയില്‍ കിടന്ന പതക്കം വിശ്വനാഥന് കിട്ടിയെന്നുമാണ് പോലീസ് പറയുന്നത്.

 ഒന്നര വര്‍ഷമായി മൂന്നാമത്തെ ഏജന്‍സിയാണ് കേസന്വേഷണം നടത്തുന്നത്. എന്നിട്ടും യഥാര്‍ത്ഥ മോഷ്ടാവിനെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച അഭിഭാഷകന്‍ മുഖേന അമ്പലപ്പുഴ ഭക്തജന കര്‍മ്മസമിതി ഹൈക്കോടതിയെ സമീപിച്ചത്. മേല്‍ശാന്തി മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വരെ മാത്രം കൈകാര്യം ചെയ്യുന്ന പതക്കം നഷ്ടപ്പെട്ടിട്ടും ഇവരെ ചോദ്യം ചെയ്യാന്‍ പോലീസ് തയാറാകാത്തതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും കര്‍മ്മ സമിതി ആവശ്യപ്പെടും. 

 2017 മാര്‍ച്ച് മാസത്തില്‍ നടന്ന ആറാട്ട് നാളിലാണ് പതക്കം കാണാതായത്. അന്ന് കാണാതായ പതക്കം നഷ്ടപ്പെട്ടു എന്നറിയുന്നത് അടുത്തമാസത്തിലെ വിഷുദിനത്തിലാണ്. ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ച് വിഭാഗവും അതിനുശേഷം വീണ്ടും ലോക്കല്‍ പോലീസും മാറിമാറി അന്വേഷിച്ചിട്ടും പ്രതികള്‍ ആരെന്ന് വെളിപ്പെടുത്താന്‍ അന്വേഷണസംഘം തയാറായില്ല. 

  ഇതിനെ തുടര്‍ന്ന് ഭക്തജനങ്ങള്‍ രൂപീകരിച്ച കര്‍മ്മസമിതിയാണ് വന്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകുകയും പിന്നീട് ഹൈക്കോടതിയെ സമീപിച്ച് അന്വേഷണം ടെമ്പിള്‍ സ്‌ക്വാഡിനു കൈമാറാന്‍ സാഹചര്യം ഒരുക്കിയതും. മൂന്നുമാസം മുമ്പാണ് കര്‍മ്മസമിതി ഹൈക്കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് ടെമ്പിള്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണവും തൃപ്തികരമല്ലെന്ന് കാണിച്ചാണ് വീണ്ടും കോടതിയില്‍ ഹര്‍ജി നല്‍കിയത്.  ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കുമെന്ന് കര്‍മ്മ സമിതി ചെയര്‍മാന്‍ ശങ്കരന്‍ നായര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.