കന്യാസ്ത്രീ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പിന്റെ മൊഴി

Sunday 15 July 2018 2:44 am IST

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ വാക്കാല്‍ പരാതി നല്‍കിയിരുന്നതായി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. 

പരാതി എഴുതി നല്‍കിയിരുന്നില്ല. പരാതിയില്‍ തനിക്ക് നടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. കര്‍ദ്ദിനാളിന് രേഖാമൂലം പരാതി നല്‍കാന്‍ കന്യാസ്ത്രീയോട് നിര്‍ദ്ദേശിച്ചിരുന്നു. പരാതി നല്‍കാന്‍ എത്തിയ തീയതി ഓര്‍മിക്കുന്നില്ലെന്നും ബിഷപ്പ് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. 

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പാലാ ബിഷപ്പ് ഹൗസില്‍ എത്തി മൊഴി രേഖപ്പെടുത്തിയത്. ബിഷപ്പിന്റെ മൊഴിയോടെ ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ പ്രതിരോധത്തിലാകും. കുറവിലങ്ങാട് രൂപതാ വികാരിയുടെ മൊഴി രേഖപ്പെടുത്തുവാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ വരുമെന്ന് അറിയിച്ചിരുന്നെങ്കിലും വികാരി സ്ഥലത്തില്ലായിരുന്നു.  വികാരിയെ വൈക്കം ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

അടുത്തയാഴ്ച വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജലന്ധറിലേക്ക് പോകും. ആദ്യഘട്ട അന്വേഷണം 18ന് പൂര്‍ത്തിയാകും. രണ്ടാം ഘട്ടത്തില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. കേരളത്തില്‍ നിന്ന് ശേഖരിച്ച തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാകും അന്വേഷണ സംഘം ബിഷപ്പിനെ ജലന്ധറില്‍ എത്തി ചോദ്യംചെയ്യുക. സഭാ നേതൃത്വത്തിന് കന്യാസ്ത്രീ പരാതി നല്‍കിയിരുന്നില്ലെന്ന കര്‍ദിനാളിന്റെ വാദത്തിന് വിരുദ്ധമാണ് പാലാ ബിഷപ്പിന്റെ മൊഴി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.