ചൈനീസ് പ്രസിഡന്റായി ജിന്‍പിങ്ങിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു

Thursday 15 November 2012 1:05 pm IST

ബീജിങ്: സി ജിന്‍പിങ്ങിനെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും രാജ്യത്തിന്റെ പുതിയ പ്രസിഡന്റായും ഔദ്യോഗികമായി തെരഞ്ഞെടുത്തു. മാര്‍ച്ചിലായിരിക്കും സി ജിന്‍പിങ് പ്രസിഡന്റായി അധികാരമേല്‍ക്കുക. നിലവില്‍ ചൈനയുടെ വൈസ് പ്രസിഡന്റും പാര്‍ട്ടിയുടെ ഫസ്റ്റ് സെക്രട്ടറിയും സൈനിക കമ്മീഷന്‍ വൈസ് ചെയര്‍മാനുമാണ് ജിന്‍പിങ്. പാര്‍ട്ടിയുടെ ഫസ്റ്റ് സെക്രട്ടറിയാകുന്ന ലീ കെക്യയാങ്ങാണു പ്രധാനമന്ത്രി. ഏഴ് അംഗങ്ങളുള്ള പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. വിപ്ലവാനന്തര ചൈനയുടെ അഞ്ചാമത്തെ പ്രസിഡന്‍റായാണു ജിന്‍പിങ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സമാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതിനെട്ടാമതു കോണ്‍ഗ്രസാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. 170 വോട്ടവകാശമില്ലാത്ത അംഗങ്ങള്‍ ഉള്‍പ്പെടെ 371 കേന്ദ്രകമ്മിറ്റി അംഗങ്ങളെ പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരുന്നു. ഇവര്‍ ഇന്നു യോഗം ചേര്‍ന്നാണ് രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. അഴിമതി വിരുദ്ധ കമ്മിഷനായി വാങ് ക്വിഷാങിനെ തെരഞ്ഞെടുത്തു. പുതിയ ചൈനയെ കെട്ടിപ്പെടുക്കുകയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും ജിന്‍പിങ് പറഞ്ഞു. പാര്‍ട്ടി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പാര്‍ട്ടിയില്‍ അച്ചടക്കം കര്‍ശനമാക്കുമെന്നും ജിന്‍പിങ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.